Categories: Samskriti

ശബരിമല യാത്ര എന്ന അനുഭൂതി

Published by

ഭൂമിയില്‍ സമഭാവനയ്‌ക്ക് ഒരു ഇടമുണ്ടെങ്കില്‍ അതാണു ശബരിമല. കറതീര്‍ന്ന മനുഷ്യമനസ്സുകള്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച പുണ്യമാണത്. മലചവിട്ടുന്നവരുടെ മനസ്സില്‍ സ്വയം വന്നു നിറയുന്ന ആനന്ദത്തിന് അളവില്ല. കിതച്ചും വിയര്‍ത്തും മലകയറുന്നവരെ, തിരിച്ചിറങ്ങി വരുന്നവര്‍ വീശി ആശ്വസിപ്പിക്കും. കുടിവെള്ളവും പഴങ്ങളും നീട്ടിത്തരും. തളര്‍ന്നാല്‍ ഒരു കൈ സഹായിക്കും. കയറുന്നവരും ഇറങ്ങുന്നവരും അയ്യപ്പന്‍മാര്‍ തന്നെയാണല്ലോ. തത്വമസി.

ശബരിമലയാത്ര അനുഭവമല്ല, അനുഭൂതിയാണ്. അത് അനുഭവിച്ച് അറിയണമെങ്കില്‍ വ്രതാനുഷ്ഠാനങ്ങളോടെ തന്നെ മലചവിട്ടണം. നമുക്ക് ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടല്ലോ. ആചാരങ്ങള്‍ നിര്‍ബന്ധ വിഷയമല്ല. ആചരിക്കാം, ആചരിക്കാതിരിക്കാം. പക്ഷേ, അനുഷ്ഠാനങ്ങള്‍ അങ്ങനെയല്ല. നിര്‍ബന്ധമായും പാലിച്ചിരിക്കണം. ശബരിമല ദര്‍ശനത്തിനു പോകണോ വേണ്ടയോ എന്ന് അവനവനു തീരുമാനിക്കാം. പക്ഷേ, പോകാന്‍ തീരുമാനിച്ചാല്‍ അതിനു ചില അനുഷ്ഠാനങ്ങളുണ്ട്. അവ അനുഷ്ഠിക്കണമെന്നത് നിര്‍ബന്ധം. മാല കഴുത്തിലണിയുന്നിടത്തു തുടങ്ങുന്നു അതൊക്കെ. സ്‌നാനത്തിനു ശേഷം പരദേവതയെയും അയ്യപ്പനേയും ധ്യാനിച്ച് ശരണം വിളിയോടെവേണം മാലയണിയാന്‍. ക്ഷേത്രത്തില്‍നിന്നു മാല പൂജിച്ചു വാങ്ങുന്നത് ഉത്തമം. മാല നിലത്തു വയ്‌ക്കരുത്. ഇലയിലോ പട്ടിലോ വേണം സമര്‍പ്പിക്കാന്‍. കഴുത്തിലിട്ടാല്‍ മാല ശരീരത്തിന്റെ ഭാഗമായിമാറും.

പിന്നെ ഊരിമാറ്റരുത്. കഴുത്തിലെ മാലയ്‌ക്ക് അശുദ്ധിയില്ല. എവിടെയും ഉപയോഗിക്കാം. ഊരുന്നതു ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷംമാത്രം.

മാലയിട്ടാല്‍ 41 നാള്‍ വ്രതമാണ്. ആര്‍ഭാടങ്ങളും സുഖജീവിതവും മാറ്റിവയ്‌ക്കണം. കറുപ്പുടുക്കണം, സ്ത്രീസംസര്‍ഗം പാടില്ല, മദ്യമാംസാദികള്‍ വര്‍ജിക്കണം. ക്ഷൗരം ഇല്ല. സ്വാദിഷ്ടമായ ഭക്ഷണം പോലും ഒഴിവാക്കണം. വിശപ്പുമാറ്റാന്‍ മാത്രം ഭക്ഷണം. ഭൗതിക സുഖങ്ങള്‍ വെടിയണമെന്നു ചുരുക്കം. മനസ്സിനൊപ്പം ശരീരവും ശുദ്ധമായിരിക്കണം. ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നത് ഏറ്റവും ഉചിതം. പാദരക്ഷകള്‍ ഉപേക്ഷിക്കുന്നത് ഉത്തമം. കല്ലും മുള്ളം ചവിട്ടിയാണല്ലോ മല കയറേണ്ടത്.

പുലര്‍കാലത്ത് സ്‌നാനം. പിന്നെ ജപം, ക്ഷേത്രദര്‍ശനം. വൈകീട്ടു ദേഹശുദ്ധിവരുത്തി ക്ഷേത്രദര്‍ശനം, ജപം, ധ്യാനം, ഭജന തുടങ്ങിയവ. ഇവ രണ്ടിനും ഇടയിലുള്ള പകല്‍ സമയമാണല്ലോ സാധാരണ പ്രവൃത്തിമേഖലയില്‍ നാം ഉപയോഗിക്കുക. പ്രവൃത്തി ഒഴിവാക്കുക പ്രായോഗികമല്ല. പക്ഷേ, ആ സമയത്തും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയണം. വാക്കിലും പെരുമാറ്റത്തിലും അതു നിഴലിക്കണം. സൗമ്യ ഭാവവും മൃദുഭാഷണവുമാണ് സ്വാമിമാരുടെ മുഖമുദ്ര. സ്വാമിമാര്‍ ആദരിക്കപ്പെടേണ്ടവരാണ്. അതുവേണമെങ്കില്‍ പെരുമാറ്റത്തില്‍ അതിനുതക്ക പക്വതയും നിലവാരവും നിറയണം. അതു വരേണ്ടതു മനസ്സില്‍ നിന്നാണ്. അതിനുള്ള പാകപ്പെടുത്തലാണു വ്രതാനുഷ്ഠാനം. കഴുത്തിലെ മാലയും കറുപ്പു വസ്ത്രവും അക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിലെങ്കിലും ശരണം വിളിക്കണം. എല്ലാം അയ്യപ്പനു സമര്‍പ്പിക്കുന്നു എന്നര്‍ഥം. അതുവഴി കിട്ടുന്ന ഏകാഗ്രതയും മനസ്സുഖവും ചെറുതല്ല. അവാച്യമായ അനുഭൂതി അതിലൂടെ ലഭിക്കും. അങ്ങനെ, മാലയിലൂടെ നമ്മള്‍ നാമറിയാതെ തന്നെ അയ്യപ്പനിലേയ്‌ക്ക് അടുക്കും. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് അതു നല്‍കും. മാല കഴുത്തിലല്ല, സ്വാമിമാരുടെ മനസ്സിലാണെന്ന് അര്‍ഥം. കറുപ്പു വസ്ത്രം, ആര്‍ഭാടം വെടിഞ്ഞുള്ള ജീവിതം എന്ന ബോധം മനസ്സിലുണ്ടാക്കും. അതിനൊപ്പം, നാമൊന്ന്, ഒരു മനസ്സ്, ഒരേ വഴി എന്ന ചിന്ത എല്ലാ സ്വാമിമാരിലും ജനിപ്പിക്കും.

മാലയും കറുപ്പു മുണ്ടും നമ്മേയും മറ്റുള്ളവരേയും ചിലത് ഓര്‍മിപ്പിക്കുന്ന അടയാളങ്ങളാണ്. ആള്‍ സ്വാമിയാണ് എന്ന സൂചന അതിലുണ്ട്. യഥാര്‍ഥ സ്‌നേഹിതരും ബന്ധുക്കളും അതറിഞ്ഞു പെരുമാറും. സ്വാമിമാരെ കണ്ടാല്‍ സ്തീകള്‍ വഴിമാറി നടക്കുമായിരുന്നു മുന്‍പ്. ശുദ്ധം ഉറപ്പാക്കാന്‍ ഭക്ഷണം സ്വയം പാകം ചെയ്യുന്ന പതിവുണ്ട്. മാലയിട്ടാല്‍പ്പിന്നെ വീട്ടില്‍ കയറാതെ പുറത്തു കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേയ്‌ക്കു താമസം മാറ്റുമായിരുന്നു മുന്‍പൊക്കെ. ചുറ്റുവട്ടത്തെ കുറെ ഏറെപ്പേര്‍ ചേര്‍ന്ന് ഇത്തരം കൂടാരങ്ങളില്‍ താമസിക്കുന്ന പതിവും ഉണ്ടായിരുന്നു. ഇന്നും മലബാര്‍ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും മറ്റും ഈ പതിവുണ്ടത്രെ.

അങ്ങനെ നാല്‍പത്തൊന്നു ദിവസം കടന്നു പോകും. മനസ്സും ശരീരവും പാകപ്പെടും. ഇനിയാണു ദര്‍ശനത്തിനുള്ള യാത്ര. കെട്ടുമുറുക്ക് ഏറെ ഭക്തിയോടെ ചെയ്യേണ്ട ചടങ്ങാണ്. ചെയ്തുപോയ പാപങ്ങളും ചെയ്യാന്‍ ഭാഗ്യമുണ്ടായ പുണ്യങ്ങളുമാണ് ഇരുമുടിയുടെ രണ്ട് അറകളിലുമായി നിറയ്‌ക്കുന്നത്. രണ്ടും അയ്യപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാനുള്ളതാണ്. പിന്നെ മനസ്സു ശൂന്യം. ഗൃഹം മുതല്‍ സന്നിധാനം വരെ നടപ്പ് ആണ് ഉത്തമം; അതും കാടും മേടും താണ്ടി. മലചവിട്ടി, പൊന്നും പതിനെട്ടാം പടി ചവിട്ടി നടയിലെത്തുമ്പോള്‍ത്തന്നെ അയ്യപ്പന്‍ മനസ്സില്‍ നിറഞ്ഞിട്ടുണ്ടാവും.
പിന്നെ വിശപ്പില്ല, ദാഹമില്ല…
പിന്നെ, പതിന്‍മടങ്ങ് ഊര്‍ജസ്വലതയോടെ. പതിവു ജീവിതത്തിലേയ്‌ക്കു മടക്കം. വല്ലാത്തൊരു അനുഭൂതി ഉള്ളില്‍ നിറയും. പുണ്യതീര്‍ഥത്തില്‍ മുങ്ങി നിവര്‍ന്നതുപോലെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by