കൈയില്‍ ചട്ടുകവും പൊന്നിന്‍ കോരികയുമേന്തിയ അന്നപൂര്‍ണ്ണേശ്വരി വാഴുന്ന ആരാധനാലയമാണ് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് ക്ഷേത്രം. വൈവിധ്യങ്ങളായ ഐതിഹ്യങ്ങളും ആചാരങ്ങളും ഉളള ഈ ക്ഷേത്രം, 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ്. മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഭഗവതിയ്‌ക്കാണ് പ്രാധാന്യം.
ശ്രീപാര്‍വതിയുടെ മൂര്‍ത്തിഭേദമാണ്, സര്‍വ സമൃദ്ധിയുടെയും ഭഗവതി. ആഹാരം നല്‍കുന്ന മാതൃഭാവം. ഒരു കൈയില്‍, കോരിക എന്ന അന്നപാത്രവും മറുകൈയില്‍ ചട്ടുകവും വഹിച്ചിരിക്കുന്ന രൂപമാണ് ഭഗവതിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ സങ്കല്‍പ്പവും ചില രൂപശില്പങ്ങളില്‍ കാണുന്നുണ്ട്. സര്‍വ്വര്‍ക്കും ആഹാരം നല്‍കുന്ന പ്രകൃതിതന്നെയാണ് അന്നപൂര്‍ണയെന്ന് പുരാണങ്ങള്‍ പറയുന്നു. മുന്‍കാലത്ത്, കുടുംബങ്ങളില്‍ ഊണിന് അരിയിടുമ്പോള്‍, ‘ചെറുകുന്നിലമ്മേ ഓര്‍ക്കുന്നു ചോറ്’എന്ന് ചൊല്ലുന്നപതിവുണ്ടായിരുന്നു.
ഭക്തര്‍ക്കായി രണ്ടുനേരവും തയ്യാറാക്കുന്ന ഭക്ഷണത്തിന്റെയും അതിന്റെ പാചകത്തിന്റെയും ചുമതല അമ്മ(ദേവി) നേരിട്ട് വഹിക്കുന്നുവെന്നാണ് വിശ്വാസം. ചുറ്റമ്പലത്തിനുളളില്‍ അഗ്രശാലയില്‍ ഭക്ഷണം വിളമ്പുന്ന ക്ഷേത്രമത്രെ ഇവിടം.
ഐതിഹ്യങ്ങള്‍ അനുസരിച്ച് പരശുരാമനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. കാശിയിലെ അന്നപൂര്‍ണ്ണേശ്വരി മൂന്നു തോഴിമാരോടും ഏറെ ഭക്തരോടും കൂടി ഇവിടെ എത്തിയെന്നും പിന്നീട്, ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തേക്ക് ഭഗവതി വന്നുവെന്നുമാണ് വിശ്വാസം.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നു പരമശിവന്‍ തന്റെ ഭാര്യയായ അന്നപൂര്‍ണ്ണേശ്വരിയെ സന്ദര്‍ശിക്കാന്‍ ദിവസവും അത്താഴപൂജക്കു ശേഷം ചെറുകുന്നിലെത്തുമെന്നും സങ്കല്പമുണ്ട്. പ്രധാന വഴിപാട് അന്നദാനമാണ്.
പരാശക്തിയുടെ അന്നപൂര്‍ണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടന യോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന മഹാദേവന്‍ ഒരിക്കല്‍ ഭക്ഷണത്തിന് പ്രാധാന്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. ഭക്ഷണമില്ലാതെയും ജീവിക്കാനാകുമെന്നായിരുന്നു ഭഗവാന്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ തന്നെ പാര്‍വതി തീരുമാനിച്ചു. ഇതിനായി ശക്തി സ്വരൂപിണിയായ ഭഗവതി അപ്രത്യക്ഷയായായി. അതോടെ ഭൂമിയിലുള്ള സകല ഭക്ഷണ സ്രോതസുകളും അപ്രത്യക്ഷമായി. അതോടെ ശിവന് ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യമായി. ആളുകള്‍ ദരിദ്രരായി. വിശന്നു വലഞ്ഞ മഹാദേവന്‍, ദേവി ഐശ്വര്യദായിനിയായി കാശിയില്‍ പ്രത്യക്ഷപെട്ട് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നതായി അറിഞ്ഞു. ദേവിക്കു മുന്നില്‍ ഭക്ഷണത്തിനായി പാത്രവുമായി യാചിച്ചു നില്‍ക്കേണ്ടിയും വന്നു. ഭക്ഷണത്തിന്റെ ദേവിയായി പാര്‍വതി മാറിയത് ഇങ്ങനെയാണ്. സന്തുഷ്ടനായ ഭഗവാന്‍ ഉടനെ ഭഗവതിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണര്‍ന്നു. അപ്പോള്‍ അവരുടെ ശരീരങ്ങള്‍ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവന്‍ അങ്ങനെയാണത്രേ അര്‍ധനാരീശ്വരനായത്. ലോകര്‍ക്ക് അന്നം ഊട്ടുന്ന ശ്രീപാര്‍വതിയെയാണ് അന്നപൂര്‍ണേശ്വരിയായി സങ്കല്പിച്ചിട്ടുള്ളത്. 1500 വര്‍ഷത്തോളം പഴക്കമുളള ക്ഷേത്രം കണ്ണൂര്‍-പഴയങ്ങാടി റോഡില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: