ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുമെന്നാണ് പഴഞ്ചൊല്ല്. അധികം ഉപ്പ് അകത്തു ചെന്നാലുണ്ടാകുന്ന അമിത ദാഹവും പരവേശവുമായിരിക്കും ഈ ചൊല്ലിന് കാരണം. തോന്ന്യാസം കാണിക്കുന്നവന്‍ അതിന്റെ ഫലം അനുഭവിച്ചിരിക്കുമെന്ന ഫിലോസഫിയും ഈ ചൊല്ലില്‍ അടങ്ങിയിരിക്കുന്നു. രണ്ടായാലും ഒന്നുറപ്പ്-പഴഞ്ചൊല്ലില്‍ പതിരില്ല.
അധികം ഉപ്പ് കഴിക്കുന്നത് ആപത്താണെന്ന് ലോകാരോഗ്യ സംഘടനയുടെ കുറിപ്പടിയില്‍ പറയുന്നു-ഒരാള്‍ ഒരു ദിവസം അഞ്ച് ഗ്രാമില്‍ അധികം കഴിക്കരുതെന്നാണ് ആ നിര്‍ദേശം. പക്ഷേ നാം ഭാരതീയര്‍ വലിച്ചുകയറ്റുന്നത് എട്ട് ഗ്രാം ഉപ്പ്. അതായത് അനുവദനീയമായതിനെക്കാള്‍ മൂന്നുഗ്രാം അധികം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐഎംസിആര്‍) നടത്തിയ സര്‍വേ പ്രകാരം നമ്മുടെ പുരുഷന്മാര്‍ 8.9 ഗ്രാം ഉപ്പും. തടിമാടന്മാര്‍ക്കും അതിഭീമന്മാര്‍ക്കും അതില്‍ കൂടുതല്‍ സോഡിയം ക്ലോറൈഡ് വേണം.
ഐസിഎംആറിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ സര്‍വേ പറയുന്നത് തൊഴിലെടുക്കുന്നവരും പുകവലിക്കുന്നവരും കൂടുതല്‍ ഉപ്പു തിന്നുന്നുവെന്നാണ്. പൊണ്ണത്തടിയന്മാര്‍ 9.2 ഗ്രാം വരെ ഉപ്പ് കഴിക്കുന്നതായും ‘നേച്ചര്‍’ ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച സര്‍വ്വേ പറയുന്നു. ഉപ്പിന്റെ ഉപയോഗം അഞ്ച് ഗ്രാമിലേക്ക് താഴ്‌ത്തിക്കൊണ്ടു വന്നാല്‍ രക്തസമ്മര്‍ദ്ദം 25 ശതമാനം കണ്ട് കുറയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പ്രശാന്ത് മാത്തൂര്‍ പറയുന്നു. റെഡിമെയ്ഡ് പായ്‌ക്കുകളിലെത്തുന്ന സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നതും, വീടിനു പുറത്തുനിന്ന് ലഭിക്കുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും സോഡിയം ക്ലോറൈഡ് അളവ് ഏറിയ അളവില്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാവുന്നുവെന്ന് അദ്ദേഹം പറയുന്നു.
അറിഞ്ഞും അറിയാതെയും നാം ഉപ്പ് ആഹരിക്കുന്നു. ബട്ടറും ചീസും സോസും ഉപ്പേരിയും പപ്പടവും കോണ്‍ഫ്ളേക്കും കാര്‍ബണേറ്റഡ് പാനീയങ്ങളുമൊക്കെ ഉപ്പിന്റെ പതാകാവാഹകരാണ്. ബേക്കിങ് പൗഡര്‍ പോലും ഇക്കാര്യത്തില്‍ മാന്യനല്ല. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രിയങ്കരമായ റെഡിമെയ്ഡ് ഫുഡുകളും ഓണ്‍ലൈന്‍ ഭക്ഷണങ്ങളും അപകടകാരികള്‍തന്നെ. അവ ഹൈപ്പര്‍ ടെന്‍ഷനും പൊണ്ണത്തടിയും ബിപിയുമൊക്കെയാവും കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുക. ഉപ്പിനു പകരക്കാരായി അവതരിപ്പിക്കപ്പെടുന്ന ‘സോള്‍ട്ട് ആള്‍ട്ടര്‍നേറ്റീവു’കളും മോശക്കാരല്ല. അവയില്‍ പൊട്ടാസ്യത്തിന്റെ അളവാകും കൂടുതലായി ഉണ്ടാവുക.
ഇന്ത്യയില്‍ സംഭവിക്കുന്ന ആകെ മരണങ്ങളില്‍ 28.1 ശതമാനവും ഹൃദയവുമായി ബന്ധപ്പെട്ടവയാണ്. കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍. 1990 ല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ അതിരക്തസമ്മര്‍ദ്ദം മൂലം 7.8 ലക്ഷം മരണങ്ങളാണ് നടന്നതെങ്കില്‍ 2016 ല്‍ അത് 16 ലക്ഷമായി ഉയര്‍ന്നു. പ്രധാന കാരണങ്ങളിലൊന്ന് ഉപ്പിന്റെ അമിത ഉപയോഗംതന്നെ. ഒരു പാക്കറ്റ് ഉപ്പേരി അഥവാ വറുത്തെടുത്ത ചിപ്‌സില്‍ ഒരു വ്യക്തിക്ക് ഒരു ദിവസം താങ്ങാനാവുന്നതിന്റെ എത്രയോ അളവ് കൂടുതല്‍ ഉപ്പാണ് അടങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് നൂഡില്‍സും ഉപ്പു നല്‍കുന്ന കാര്യത്തില്‍ ഉദാര മനസ്‌കന്‍ തന്നെ. പപ്പടം, ചമ്മന്തി(ചട്‌നി), അച്ചാര്‍ എന്നിവയുടെ ഉപയോഗവും അടിയന്തരയമായി നിയന്ത്രിക്കേണ്ടതുണ്ട്.
ആവശ്യത്തിന് ഉപ്പ് ഉപയോഗിക്കേണ്ടത് നമ്മുടെ ജീവിതചര്യയുടെ ഭാഗം തന്നെയാണ്. ശരീരത്തിനു വേണ്ട സോഡിയം എത്തുന്നതും ഉപ്പിലൂടെത്തന്നെ. പക്ഷേ നമ്മുടെ ഭക്ഷണരീതിയില്‍ കാര്യമായ മാറ്റം കാലം നമ്മോടാവശ്യപ്പെടുന്നുണ്ട്. അതായത് അളന്നുവേണം ഉപ്പ് അകത്തേക്കെടുക്കാന്‍. പായ്‌ക്കു ചെയ്തുവരുന്ന ഭക്ഷണ വസ്തുക്കളിലെ ഉപ്പിന്റെ അളവ് പാക്കേജില്‍ നോക്കി മനസ്സിലാക്കി വേണം കഴിക്കേണ്ടത്.
ഇത്രയും പറഞ്ഞതുകൊണ്ട് ഉപ്പിനെ പാടെ ഉപേക്ഷിച്ച് ജീവിതം സുന്ദരമാക്കാനാവുമെന്ന് ആരും കരുതരുത്. ഉപ്പ് ആവശ്യത്തിനു വേണം. സോഡിയം അളവ് കുറയാനിടവരരുത്. എന്തായാലും നമുക്ക് ആദ്യം ചെയ്യാവുന്നത് ഇതാണ്-ഊണു മേശപ്പുറത്തിരിക്കുന്ന ഉപ്പ് ഡപ്പി ഇനി വേണ്ട.
സസ്യം മുതല്‍ മാംസം വരെ
ചുവന്ന മാംസത്തിന്റെ ഉപയോഗത്തിലെ അപകടങ്ങളെക്കുറിച്ച് ഏറെ വിവാദങ്ങള്‍ നടക്കുന്ന കാലമാണിത്. പക്ഷേ മാംസപ്രിയരെ സംബന്ധിച്ചിടത്തോളം മാംസരുചി ഉപേക്ഷിക്കുന്നത് ചിന്തിക്കാനാവുന്നതിനും അപ്പുറത്ത്. അത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു കണ്ടുപിടുത്തം അനശ്വര സര്‍ക്കാരിന്റെ ലബോറട്ടറിയില്‍ ഉദയംകൊള്ളുന്നു-മാംസത്തെ വെല്ലുന്ന സസ്യമാംസം!
മാംസ ഉത്പാദനവുമായി ബന്ധപ്പെട്ട് നിലവിലുള്ള താത്വിക-ധാര്‍മിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം മറുപടിയാണ് ‘സസ്യമാംസം’. അതിലൂടെ ഗ്രീന്‍ഹൗസ് മലിനവാതകങ്ങളുടെ ഉത്‌സര്‍ജനവും കുറയ്‌ക്കാം. രുചിയിലും ഗുണത്തിലും മാംസത്തെക്കാളും മുന്നില്‍ നില്‍ക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥം ഉത്പാദപ്പിക്കുന്നത് സസ്യങ്ങളുടെ പ്രോട്ടീനില്‍നിന്നാണ്. സസ്യ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരുത്തി അവയെ ‘ജെല്‍’ രൂപത്തിലാക്കുന്ന ഈ വിദ്യ ലീഡ്‌സ് സര്‍വകലാശാലയിലെ അനശ്വര സര്‍ക്കാരും സംഘവും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. സസ്യ പ്രോട്ടീനുകളെ ‘സജലീകരണം’ നടത്തി അവയ്‌ക്കു ചുറ്റും ജലതന്മാത്രകളെ കുടുക്കിട്ട് ഉറപ്പിച്ചാണത്രേ ഈ സസ്യമാംസം തയ്യാറാക്കുക. അതില്‍ യാതൊരു മായമോ മറിമായമോ രാസപദാര്‍ത്ഥങ്ങളോ ഉണ്ടാവില്ലെന്നും ഗവേഷകര്‍ പറയുന്നു.
രൂപം മാറുന്ന പ്ലാസ്റ്റിക്
വിഘടിപ്പിക്കാനാവാതെ ഭൂമിക്ക് ഭാരമാവുന്ന പ്ലാസ്റ്റിക്കിനെ വരുതിക്കു നിര്‍ത്താന്‍ ലോകമെമ്പാടും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നു. അങ്ങനെയാണ് വെര്‍ജീനിയ കോളേജ് ഓഫ് സയന്‍സസിലെ പ്രൊഫസര്‍ ഗുവോലിയാങ് ലിയുവും സംഘവും പുതിയൊരു കണ്ടുപിടിത്തം നടത്താന്‍ മുന്നിട്ടിറങ്ങിയത്. പ്ലാസ്റ്റിക്കിനെ പുനഃചംക്രമണം ചെയ്ത് സോപ്പു നര്‍മിക്കാമെന്നാണ് ലിയുവിന്റെ നേതൃത്വത്തിലുള്ള യുഎസ്-ചൈനീസ് സംഘം കണ്ടെത്തിയത്.
പ്ലാസ്റ്റിക്കും സോപ്പും തമ്മില്‍ തന്മാത്രാ തലത്തിലുള്ള ചില ബന്ധങ്ങളാണ് ശാസ്ത്രജ്ഞര്‍ പ്രയോജനപ്പെടുത്തിയത്. പ്രധാനമായും പ്ലാസ്റ്റിക്കിലെ പോളി എതിലിന്‍ തന്മാത്രകള്‍ക്ക് സോപ്പിന്റെ മുന്‍ഗാമിയായ ഫാറ്റി ആസിഡുകളുമായുള്ള സാമ്യം. രണ്ടിനെയും സൃഷ്ടിച്ചിരിക്കുന്നത് നീളമേറിയ കാര്‍ബണ്‍ ചങ്ങലകൊണ്ട്. ചങ്ങലക്കണ്ണിയില്‍ ഏറിയും കുറഞ്ഞും ചില വ്യത്യാസങ്ങള്‍. നീളമേറിയ പോളി എതിലിന്‍ ചങ്ങല പൊട്ടിച്ചാണ് ഈ പുനഃചംക്രമണം നടത്തുക. അതിനായി ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത് സ്വയം രൂപകല്‍പ്പന ചെയ്ത ഒാവന്‍ മാതൃകയിലുള്ള ചെറിയ റിയാക്ടര്‍. രാസപദാര്‍ത്ഥങ്ങളോ രാസത്വരകങ്ങളോ ഈ പ്രക്രിയയില്‍ അനാവശ്യമായി പ്രയോഗിച്ചിട്ടില്ലെന്ന് ‘ജേര്‍ണല്‍ സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തില്‍ പ്രൊഫ. ലിയു പറയുന്നു. ഇത്തരം കണ്ടുപിടിത്തങ്ങള്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു കരുതേണ്ട. ഭീകരനായ പ്ലാസ്റ്റിക് മാലിന്യത്തെ കയ്യിലൊതുക്കി നിരുപദ്രവിയാക്കി മാറ്റാനുള്ള എളിയ ശ്രമങ്ങള്‍ എന്ന് കരുതിയാല്‍ മതി. പക്ഷേ അത്തരം നൂറ് നൂറ് എളിയ ശ്രമങ്ങളാണ് ലോകഗതി തന്നെ മാറ്റുന്ന വലിയ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിമരുന്നിടുന്നത് എന്ന് ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക