ചമകം
യജുര്‍വേദത്തിന്റെ നാലാം കാണ്ഡത്തിലെ 5ാം പ്രശ്‌നം ശ്രീരുദ്രമാണെങ്കില്‍, 7ാം പ്രശ്‌നം ചമകമാണ്. ചമകത്തിലും 11 അനുവാകങ്ങളുണ്ട്. ശ്രീരുദ്രത്തിലെ 11 അനുവാകങ്ങളോടു ചേര്‍ത്ത് 11 അനുവാകങ്ങള്‍ ഉള്ള ചമകവും കൂടി ജപിച്ചുവരികയാണ് ആസ്തികന്മാരുടെ പതിവ്. ചമകത്തില്‍ ഏറ്റവും താഴ്ന്ന പടിയില്‍ നിന്നും സര്‍വ്വോത്കൃഷ്ടമായ പദവിവരെ കാമ്യങ്ങളായ 346 കാര്യങ്ങളെപ്പറ്റിയുള്ള പ്രാര്‍ത്ഥന അടങ്ങിയിരിക്കുന്നു.
ദേവീസൂക്തം
പ്രകൃതിയെ മാതാവായി വാഴ്‌ത്തുന്നതും
‘ഇയം ഏവ സാ യാ പ്രഥമാ വ്യൗച്ഛദ്’
എന്നു തുടങ്ങുന്നതുമായ ദേവീസൂക്തവും കൃഷ്ണയജുര്‍വേദത്തിലെ അതിവിശിഷ്ടമായ ഒരു സ്വതന്ത്രസൂക്തമാണ്. ഇതില്‍ പ്രകൃതീദേവിയെ മാതൃരൂപേണ ദര്‍ശിച്ച് സ്തുതിക്കുകയാണ് ചെയ്യുന്നത്.
യജുര്‍വേദസംഹിതയില്‍ സന്ദര്‍ഭാനുരോധമായി ചില കഥകളും സൂചിതമായിട്ടുണ്ട്. അതില്‍ ഒന്നാണ് വിശ്വരൂപവധോപാഖ്യാനം. ഇത് ‘വിശ്വരൂപോ വൈ ത്വാഷ്‌ട്രഃ പുരോഹിതോ ദേവാനാമാസീത്’ എന്ന് ആരംഭിക്കുന്നു. (2ാം കാണ്ഡത്തില്‍ 5ാം പ്രശ്‌നം 1 മുതല്‍ 3 വരെയുള്ള അനുവാകങ്ങള്‍), ത്വഷ്ടാവിന്റെ പുത്രനായ വിശ്വരൂപനെ ഇന്ദ്രന്‍ സ്വപുരോഹിതനായി അവരോധിച്ചു. എന്നാല്‍ വിശ്വരൂപന്‍ സ്വന്തം ബന്ധുക്കളായ അസുരന്മാര്‍ക്കുകൂടി യാഗഭാഗം പരോക്ഷമായി നല്‍കുന്നുണ്ടെന്നു മനസ്സിലാക്കിയ ഇന്ദ്രന്‍ അദ്ദേഹത്തെ പിന്നീടു വധിച്ചുകളഞ്ഞെന്നും അതു നിമിത്തം ഇന്ദ്രനെ ‘ബ്രഹ്മഹത്യ’ബാധിച്ചെന്നും പറഞ്ഞിരിക്കുന്നു. ബ്രഹ്മഹത്യയില്‍ നിന്നു മോചനം നേടാനുള്ള മാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുകയായിരുന്നു ദേവേന്ദ്രന്‍. അതേസമയം ത്വഷ്ടാവ് സ്വപുത്രവധത്തില്‍ ക്ഷുഭിതനായി ഇന്ദ്രനിഗ്രഹത്തിനായി ശക്തിമാനായ ഒരു പുത്രന്‍ ജനിക്കണമെന്ന ആഗ്രഹത്താല്‍ ഒരു യാഗം നടത്തുകയുണ്ടായി. എന്നാല്‍ യാഗത്തിലെ ‘സ്വാഹേന്ദ്ര ശതുര്‍വര്‍ദ്ധ സ്വേതി’ എന്ന ആഹുതിമന്ത്രത്തിന്റെ സ്വരം പിഴച്ചതു മൂലം മന്ത്രത്തിന് ‘ശത്രുവായ ഇന്ദ്രന്‍ വര്‍ദ്ധിക്കണം’എന്ന താത്പര്യമാണ് ഉണ്ടായത്. അതുനിമിത്തം ത്വഷ്ടാവിന്റെ യാഗത്തില്‍ നിന്ന് അതിബലവാനായ വ്യതാസുരന്‍ ജനിച്ചെങ്കിലും അയാള്‍ ഇന്ദ്രനാല്‍ (വജായുധം കൊണ്ട്) വധിക്കപ്പെട്ടു. ഇതാണ് കഥ. (ഈ കഥ തന്നെ ശ്രീമദ്ഭാഗവതത്തിന്റെ ഷഷ്ഠന്ധത്തിലെ 7 മുതല്‍ 14 വരെയുള്ള അദ്ധ്യായങ്ങളില്‍ വിസ്തരിച്ചിട്ടുണ്ട്.
വേദങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ പുരാണകഥകള്‍ കാണ പ്പെടുന്നുള്ളൂ എന്ന കാര്യം ശ്രദ്ധേയമാണ്. ഋഗ്വേദത്തിലും ഒരു പുരാണകഥ സൂചിതമായിട്ടുണ്ട്. (ഋഗ്. അഷ്ടകം. 1 അദ്ധ്യായം 2 വര്‍ഗ്ഗം 15) അവിടെ യാഗപശുവായി നില്‌ക്കേണ്ടിവന്ന അജീഗര്‍ത്ത പുത്രനായ ശുനഃശേഫന്‍ തന്റെ ആയുസ്സിനായി വരുണനോട്‌യാചിക്കുന്നു. വരുണന്റെ പ്രസാദം കൊണ്ടും വിശ്വാമിത്രന്റെ കാരുണ്യം കൊണ്ടും ശുനഃശേഫന്‍ രക്ഷപ്പെടുന്നു. (ഈ കഥ തന്നെ വാല്മീകിരാമായണത്തിലെ ബാലകാണ്ഡത്തില്‍ 61, 62 സര്‍ഗങ്ങളില്‍ പ്രപഞ്ചനം ചെയ്തിട്ടുള്ളതായി കാണാം.)
യജുര്‍വേദത്തിലെ മന്ത്രങ്ങളില്‍ ഭൂരിഭാഗവും ഋഗ്വേദത്തിലുള്ളവ തന്നെയാണ്. സംഹിതയിലെ മന്ത്രഭാഗത്തുള്ളതും യാഗങ്ങളില്‍ പ്രയോഗിക്കാനുള്ളതും സ്തുതിപരങ്ങളും ആയ മന്ത്രങ്ങള്‍ മിക്കവാറും ഋഗ്വേദത്തില്‍ കാണപ്പെടുന്നവതന്നെ. ഋഗ്വേദത്തിലും ചുരുക്കം ചില ദാര്‍ശനിക സൂക്തങ്ങളും യജുഃസംഹിതയിലുണ്ട് ഉദാഹരണമായി പുരുഷസൂക്തത്തെത്തന്നെ ചൂണ്ടിക്കാണിക്കാവുന്നതാണ്. പക്ഷേ യജുസ്സിലെ പുരുഷസൂക്തത്തിന്റെ അവസാനത്തിലുള്ള ആറുമന്ത്രങ്ങള്‍ ഋഗ്വേദത്തില്‍ കാണപ്പെടുന്നില്ല എന്ന കാര്യവും സ്മരണീയമാണ്.
മുഖ്യ പ്രതിപാദ്യം
യജുര്‍വേദത്തിലെ പ്രധാന പ്രതിപാദ്യം കര്‍മ്മകാണ്ഡീയ ക്രിയകളുടെ (അതായത് ഹവനാദികളായ യജ്ഞക്രിയകളുടെ) സംവിധാനവും നിര്‍വഹണവുമാണ്. അക്കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള മന്ത്രങ്ങളും സ്തുതികളുമാണ് മന്ത്രഭാഗത്തിലുള്ളത്. ക്രിയാഭാഗത്ത് ഗൃഹസ്ഥ ദമ്പതികള്‍ ദര്‍ശ (അമാവാസി) ത്തിലും പൗര്‍ണ്ണ മാസിയിലും ആചരിക്കേണ്ട യജ്ഞക്രിയകളുടെ ആചരണ വിധികള്‍ ആദ്യം പറയപ്പെട്ടിരിക്കുന്നു.
അതേത്തുടര്‍ന്ന് പിണ്ഡപിതൃ യജ്ഞം, അഗ്‌നിഹോത്രം, ചാതുര്‍മാസ്യം, അഗ്‌നിഷ്ടോമം എന്നിവയെപ്പറ്റി വിശദമാക്കുന്നു. (അഗ്‌നിഷ്ടോമം സോമയാഗത്തിന്റെ പ്രകൃതിയാഗമാണ്.
അഗ്‌നിഷ്ടോമത്തിന്റെ സ്വരൂപം വിസ്തരിച്ചുതന്നെ പറയപ്പെട്ടിരിക്കുന്നു. യാഗശാല, ചിതി (അഗ്‌നികുണ്ഡം), യാഗത്തിനു വേണ്ട സാമഗ്രികളായ ബ്രീഹി, ചമത, ദര്‍ഭ, ഹവിസ്സ്, ആജ്യം (നെയ്യ്) ഇവ ഒരുക്കേണ്ട വിധം, സൂക്ഷിക്കേണ്ട വിധം, സോമലത ക്രയം ചെയ്യേണ്ട വിധം, ശകടത്തില്‍ നിന്നും ഇറക്കേണ്ട വിധം എന്നിവ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഋത്വിക്കുകള്‍ ആരെല്ലാം എന്നും വിശദമാക്കുന്നു. അദ്ധ്വര്യു (പ്രധാന കര്‍മ്മി, യജുര്‍വേദി), ഹോതാവ്, ഹോമം നടത്തുന്ന ഋത്വിക്, ഉദ്ഗാതാവ്(സാമഗാനം ചൊല്ലുന്ന ഋത്വിക് സാമവേദി), പ്രസ്‌തോതാവ് (സ്തുതികള്‍ ചൊല്ലുന്ന ഋഗ്വേദ പണ്ഡിതന്‍) ബ്രഹ്മണാംഛസി, ബ്രഹ്മന്‍ (മന്ത്രലോപാദികള്‍ വരാതെ നോക്കിയിരിക്കേണ്ട ആദ്യാവസാനക്കാരന്‍, അഥര്‍വ്വ വേദി) എന്നിവരെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. യജമാനന്‍, യജമാനന്റെ ക്ഷൗര സ്‌നാനാദികള്‍, അയാളുടെ പ്രാചീന വംശപ്രവേശം (കിഴക്കേ വേദിയില്‍ ചെന്നിരിക്കല്‍), യജമാനപത്‌നി, അവരുടെ ദീക്ഷാവിധികള്‍ എന്നിവയാണ് മറ്റൊരു പ്രസ്താവനാവിഷയം, യൂപ സ്ഥാപന, ഹോമപാത്രങ്ങള്‍, സ്രുവം, ജുഹു, ഇവ ഹോമങ്ങളില്‍ വെയ്‌ക്കേണ്ട സ്ഥാനം, വിധം ഇങ്ങനെ മറ്റു ചില കാര്യങ്ങളും വിശദമായി പറയപ്പെട്ടിരിക്കുന്നു.)
അഗ്‌നിഷ്ടോമത്തില്‍ സോമലത ഇടിച്ചു പിഴിഞ്ഞ് രസം എടുത്ത് പാലും ചേര്‍ത്ത് പ്രാതഃകാലത്തും മദ്ധ്യാഹ്നത്തിലും സായംകാലത്തും ഹവനം നടത്തപ്പെടുന്നു. ഇവയ്‌ക്ക് പ്രാതഃസവനം, മാദ്ധ്യന്ദിനസവനം, സായംസവനം എന്നെല്ലാം പറഞ്ഞുവരുന്നു. ഒരു ദിവസം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന (ഏകാഹ) സോമ യാഗങ്ങളില്‍ ‘വാജപേയം’ ആണ് ഏറെ പ്രസിദ്ധം. രാജാക്കന്മാരുടെ രാജ്യാഭിഷേകത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്നതാണ് ‘രാജസൂയം,’ ഇതിന്റെ നിര്‍വഹണത്തില്‍ ദ്യൂതക്രീഡ, അസ്ത്ര ക്രീഡ തുടങ്ങിയ രാജന്യോചിതമായ വിനോദങ്ങളും അരങ്ങത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്.
യജ്ഞ (യാഗ) വേദി
യജുര്‍വേദത്തിന്റെ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ യാഗവേദി നിര്‍മ്മിക്കുന്നതിനെപ്പറ്റി വിസ്തരിച്ചിരിക്കയാണ്. സവിശേഷമായ സ്ഥലത്ത് 10800 ഇഷ്ടിക കൊണ്ട്, ചിറകു വിടര്‍ത്തി പറക്കാന്‍ തുടങ്ങുന്ന ഗരുഡന്റെ (പരുന്തിന്റെ) ആകൃതിയില്‍ ആണ് വേദി നിര്‍മ്മിക്കേണ്ടത്. (ഈ വേദി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഇഷ്ടി കകള്‍ക്കും ആകൃതിക്കും എല്ലാമുള്ള ആദ്ധ്യാത്മികമായ പ്രതീകാര്‍ഥങ്ങള്‍ ബ്രാഹ്മണഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.) അടുത്തത് രുദ്രാദ്ധ്യായമാണ്. അതേപ്പറ്റി മുകളില്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ. പിന്നീട് ‘വസോര്‍ധാര’, ‘സൗത്രാമണി’ തുടങ്ങിയവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഇതിലെല്ലാം സോമാഹുതിയും സോമപാനവും വളരെ പ്രധാനമാണ്. സൗത്രാമണിയാഗത്തില്‍ സോമപാനത്തോടൊപ്പം സുരാപാനവും നടത്താറുണ്ട്. (സൗത്രാമണ്യാം സുരാം പിബേത്, എന്ന് പ്രമാണം)
വിവിധ മേധങ്ങള്‍
അശ്വമേധം, പുരുഷമേധം, സര്‍വ്വമേധം എന്നീ യജ്ഞങ്ങള്‍ തുടര്‍ന്ന് വിവരിച്ചിരിക്കുന്നു. (പുരുഷമേധം വാസ്തവത്തിലുള്ളതല്ല, അത് സാങ്കല്പികമായ ഒരു യജ്ഞമാണ്. അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പ്രതിരൂപാത്മകമാണ്.) കൂടെത്തന്നെ പിതൃമേധം, പ്രവര്‍ഗ്യയാഗം, സത്രം (ഒരു വര്‍ഷം കൊണ്ട് സമാപിക്കുന്നത്. തുടങ്ങിയവ വിവരിച്ചിരിക്കുന്നു. (പ്രവര്‍ഗ്യയാഗത്തില്‍ പ്രധാനം അഗ്‌നികുണ്ഡത്തെ അടുപ്പാക്കി വലിയ കുടത്തിലോ കുട്ടകത്തിലോ പാല്‍ തിളപ്പിച്ച് അശ്വിനീദേവകള്‍ക്ക് സമര്‍പ്പിക്കലാണ്.)
ഋഗ്വേദമന്ത്രങ്ങള്‍ക്കെന്നപോലെ യജുര്‍വേദമന്ത്രങ്ങള്‍ക്കും ഋഷിഛന്ദോദേവതമാര്‍ പ്രത്യേകം പറയപ്പെട്ടിട്ടുണ്ട്. അഗ്‌നി, സോമന്‍, പ്രജാപതി, വിശ്വദേവന്മാര്‍, മനു, വാമദേവന്‍ ഇവരെല്ലാമാണ് ഋഷികള്‍. ഗായത്രി, ത്രിഷ്ടുപ്, അനുഷ്ടുപ്, ഉഷ്ണിക്, വിരാട് (അതിന്റെ ഏകപദാ വിരാട്, ത്രിപദാവിരാട് തുടങ്ങിയ ഭേദങ്ങള്‍) ഇവയാണ് ഛന്ദസ്സുകള്‍. ഇന്ദ്രന്‍, അഗ്‌നി, സോമന്‍, വരുണന്‍, രുദ്രന്‍, സരസ്വതി (വാക്) അശ്വിനികള്‍ എന്നിവരാണ് ദേവതമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: