കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ താത്കാലികമായി ആശ്രിത നിയമനം ലഭിച്ചവരെ മുഴുവന്‍ പിരിച്ചുവിട്ടു. ആശ്രിത നിയമനത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സര്‍ക്കാര്‍ നടപടി. ദേവസ്വത്തിലെ ഒഴിവുകള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നികത്താനിരിക്കേ അതിനു മുമ്പ്, കഴിയുന്നത്ര സ്ഥലങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണിത്.
2017 മുതല്‍ ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ക്ലാര്‍ക്ക്/സെക്കന്‍ഡ് ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസര്‍, പ്യൂണ്‍ തസ്തികകളിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഇതോടെ ജോലി പോകും. ബോര്‍ഡ് നിയമ പ്രകാരം, 10 ശതമാനം ആശ്രിത നിയമന ക്വാട്ടയില്ക്കൂടുതലുള്ളവരെയാണ് പിരിച്ചുവിട്ടതെന്ന് ബോര്‍ഡ് വിശദീകരിക്കുന്നു.
2017ല്‍ ഓഫീസുകളിലും ദേവസ്വങ്ങളിലും ധാരാളം ഒഴിവുകളുണ്ടായിരുന്നെന്നും തുടര്‍ന്നാണ് ആശ്രിത നിയമന പട്ടികയിലുള്ളവരെ താത്കാലികമായി നിയമിച്ചതെന്നും ബോര്‍ഡ് പറയുന്നു. താത്കാലികമായി നിയമിക്കുന്നവര്‍ക്ക് സ്ഥിര നിയമനം (10 ശതമാനം) നല്‍കാനും തീരുമാനിച്ചിരുന്നു.
ഇത് ചിലര്‍ കോടതിയെ അറിയിച്ചപ്പോള്‍ ആശ്രിത നിയമനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പത്ത് ശതമാനത്തില്‍ കൂടുതലുള്ള നിയമനം അസാധുവാണെന്നും ഉത്തരവിട്ടു. താത്കാലിക നിയമനം ലഭിച്ചവര്‍ ഈഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ആറാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും ഇതു പ്രകാരമാണ് നടപടിയെന്നുമാണ് ബോര്‍ഡ് പറയുന്നത്.
താത്കാലികക്കാരെ അടിയന്തരമായി നീക്കി നവംബര്‍ മൂന്നിനാണ് ബോര്‍ഡ് ഉത്തരവിട്ടത്. ആറു വര്‍ഷമായി ആശ്രിത നിയമനത്തില്‍ താത്കാലികമായുള്ളവരെയാണ് പിരിച്ചുവിട്ടത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ഇവരെ ക്രമപ്പെടുത്താമെന്നിരിക്കെയാണ് ബോര്‍ഡ് നടപടി. ഇങ്ങനെ ജോലി പോകുന്ന പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി ജോലിക്ക് അപേക്ഷിക്കാന്‍ പോലുമാകില്ല. സ്ഥിരമാക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞവര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: