Categories: Main Article

കേരളത്തിന് ഒരു കാവ്യഭംഗിയുണ്ട്

നവകേരള നിര്‍മ്മിതിയുടെ വാതില്‍ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയില്‍ ഇനി അടയാളപ്പെടുത്തപ്പെടും.

Published by

68-ാം കേരളപ്പിറവി വേളയില്‍ സംസ്ഥാനം ഒരു പുതിയ ചുവടുവെക്കുകയാണ്, ‘കേരളീയം 2023’. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവനാളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചു പറയുവാനുമുള്ള ഒരു അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരുമിച്ചാഘോഷിക്കാന്‍ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയമുണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരളസൃഷ്ടിക്ക് ഉതകുന്ന ഇടപെടലുമായി മുന്നോട്ടുപോകുന്ന ഘട്ടമാണിത്. ഈയൊരു സവിശേഷ ഘട്ടത്തില്‍ തന്നെയാണ് കേരളത്തിന്റെ മഹോത്സവമായ കേരളീയം ആരംഭിക്കുന്നതും. അതില്‍ ഒരു കാവ്യഭംഗിയുണ്ട്.

കേരളം ഭൂമിയിലെ തന്നെ അത്യപൂര്‍വ ദേശമാണ്. ഈ അപൂര്‍വത ലോകം മുഴുവന്‍ സഞ്ചരിച്ചവര്‍ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേല്‍വിലാസമായത് അങ്ങനെയാണ്. പലദേശങ്ങളും അവരുടെ തിലകക്കുറിയാക്കി മാറ്റിയ ഒട്ടേറെ സവിശേഷതകള്‍ ഒരുമിച്ച് ഈ നാട്ടില്‍ സമ്മേളിക്കുന്നത് അത്യപൂര്‍വതയല്ലാതെന്താണ്? ദേശസൗന്ദര്യം കൊണ്ടും സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷം കൊണ്ടും നാം മലയാളികള്‍ വ്യതിരിക്തരാണ്.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികള്‍ ഏറെയുള്ള ഈ കൊച്ചുദേശം ലോകഭൂപടത്തില്‍ ഇന്ന് ഒരു മരതകക്കല്ലുപോലെ തിളങ്ങുകയാണ്. ഈ മുന്നേറ്റവും ആരും കൊതിക്കുന്ന സാമൂഹികാന്തരീക്ഷവുമൊന്നും പൊടുന്നനേ ഉണ്ടായതല്ല. സമാധാനത്തിന്റെ ഈ പച്ചത്തുരുത്ത് ആരും നമുക്ക് ദാനമായി തന്നതുമല്ല. ഇരുട്ടിലാണ്ട് കിടന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹികമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ജനജീവിതം ദുസ്സഹമാക്കിയ ഇരുണ്ട കാലം.

അടിസ്ഥാനസൗകര്യ വികസനം, സാമൂഹികക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ലിംഗതുല്യത, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസിക്ഷേമം, കൃഷി, ഭരണനിര്‍വ്വഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിട്ടുള്ളത്. ഇങ്ങനെ കേരളം ആര്‍ജിച്ച നേട്ടങ്ങളും ഈ ദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളും ലോകമെമ്പാടുമുള്ള ഒട്ടേറെ ജനതകള്‍ക്ക് മാതൃകയായി. വികസനത്തിന്റെ കേരള മാതൃക എന്ന വിശേഷണം വരെ ഉടലെടുത്തു.
കൊവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന്, ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തില്‍ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നുകൂടാ. നാം ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളുടെ കരുത്തില്‍ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമ്മള്‍ മുന്നോട്ടു കുതിക്കേണ്ടതുണ്ട്. ആ കുതിപ്പിന്റെ പാഠങ്ങള്‍ ലോകമെമ്പാടുമുള്ള ജനതതികള്‍ അറിയേണ്ടതുമുണ്ട്. അതിനുതകുന്ന വിധത്തില്‍ കേരളത്തെ ലോകത്തിനു മുമ്പില്‍ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള നവീനവും ബൃഹത്തുമായ പരിപാടിയാണ് കേരളീയം.

കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് കേരളീയം-2023. കേരളപ്പിറവി ദിനമായ ഇന്നു മുതല്‍ ഒരാഴ്ചയാണ് കേരളീയം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുക. കേരളപ്പിറവി ദിനാഘോഷങ്ങളും അതോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ഭാഷാവാരാചരണങ്ങളുമൊക്കെ നമുക്കു പരിചിതമാണ്. എന്നാല്‍ അത്തരം പതിവു പരിപാടികളിലോ ചടങ്ങുകളിലോ ഒതുങ്ങിപ്പോവാത്തതും ലോകത്തിന്റെയാകെ ശ്രദ്ധ നമ്മുടെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമാണ് കേരളീയം. എല്ലാ വര്‍ഷവും അതതു വര്‍ഷത്തെ അടയാളപ്പെടുത്തുന്നവിധം കേരളീയം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാരംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ കേരളീയത്തിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. നമ്മുടെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദര്‍ശനങ്ങളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും. കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ബൃഹത്തായ കേരളീയത്തിലേക്കു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്, അതിപ്രഗത്ഭര്‍ എത്തും. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള പ്രമുഖരുടെ സാന്നിധ്യവും വൈദഗ്‌ദ്ധ്യവും നമുക്ക് പ്രയോജനപ്പെടും. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് അവരുടെ നാടുകളില്‍ പറയുന്നത്, എഴുതുന്നത് കേരളത്തിന്റെ ഭാവിക്ക് വളരെയധികം പ്രയോജനപ്പെടും.

തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗത്ത് 41 കേരളീയം’പ്രദര്‍ശന നഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്ത മേഖലകളിലെ മേളകള്‍ ഉണ്ടാവും. 25 പ്രദര്‍ശനങ്ങള്‍, 400ലധികം കലാപരിപാടികള്‍, 3,000 കലാകാരന്മാര്‍, 11 വ്യത്യസ്ത ഭക്ഷ്യമേളകള്‍, 6 വേദികളില്‍ ഫഌവര്‍ ഷോ, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, 600 ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ട്രേഡ് ഫെയര്‍, എട്ട് കിലോമീറ്റര്‍ നീളത്തില്‍ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരള വികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.

കേരളത്തിന്റെ പ്രത്യേകതകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതോടൊപ്പം നൂതന ലോകത്തെക്കുറിച്ച് നമുക്കുണ്ടാകേണ്ട അറിവുകള്‍ എന്തൊക്കെ, അവ നമ്മുടെ സമൂഹത്തില്‍ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാക്കാം എന്നിവയെല്ലാം വിശദമായി ചര്‍ച്ച ചെയ്തുകൊണ്ടു കൂടിയാണ് കേരളീയം അരങ്ങേറുക. ലോകം മാറുമ്പോള്‍ നമ്മള്‍ മാറേണ്ടതില്ല, അല്ലെങ്കില്‍ നമുക്കൊരിക്കലും വികസിത-പരിഷ്‌കൃത നാടുകളെപ്പോലെയാകാന്‍ കഴിയില്ല എന്ന ചിന്തയോടെ അടഞ്ഞു ജീവിക്കേണ്ട ഒരു സമൂഹമല്ല കേരളീയസമൂഹം.
കേരളീയസമൂഹം ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല.

ഭൂഖണ്ഡാന്തരങ്ങളിലേക്ക് ആ സമൂഹം വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ലോകമലയാളി എന്ന സങ്കല്‍പ്പംതന്നെ ഉയര്‍ന്നുവന്നിരിക്കുന്നു. എത്തിച്ചേര്‍ന്ന ദേശങ്ങളിലെല്ലാം ആ നാടിന്റെ സാമൂഹികമുന്നേറ്റത്തില്‍ മലയാളിസമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നാടുകള്‍ക്ക് കേരളത്തോട് വലിയ താല്‍പര്യവുമുണ്ട്. ആ താല്‍പര്യത്തെ പുതിയ തലത്തിലേക്ക് കേരളീയം ഉയര്‍ത്തും. ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നമ്മള്‍ ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവവും നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുകതന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊര്‍ജം പകരും.

നവകേരള നിര്‍മ്മിതിയുടെ വാതില്‍ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയില്‍ ഇനി അടയാളപ്പെടുത്തപ്പെടും. വികസന, ക്ഷേമ രംഗങ്ങളിലെ തിളക്കമാര്‍ന്ന കാലവും കടന്ന് കേരളം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കും. കേരളത്തിന്റെ പരിമിതികളെയും പരാധീനതകളെയും കുറിച്ച് വിലപിച്ചിരുന്ന പലരും കേരളത്തിന് പലതും സാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണ് കടന്നുപോവുന്നത്. പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടന്ന് മുന്നേറുന്ന പരിഷ്‌കൃത സമൂഹമായി മാറാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്ന ഈ മാറ്റം നമുക്ക് തുടരാനാകണം. നമ്മുടെ നാടിനെക്കുറിച്ച് അഭിമാനിക്കുന്ന, ഈ നാടിന്റെ കുതിപ്പിന് ഒത്തൊരുമിച്ച് കരുത്ത് പകരുന്ന നമ്മുടെ കേരളീയത ഒരു വികാരമാവണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം.
അഭിപ്രായ ഭിന്നതകളെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് പൊതുതാത്പര്യത്തിനായി ഒരേ മനസ്സോടെ മുന്നേറണം. ജാതി – മത – ലിംഗ ഭേദമില്ലാതെ, സമത്വഭാവനയോടെപരിലസിക്കുന്ന, ഇന്ത്യയ്‌ക്കാകെ അഭിമാനം നല്‍കുന്ന കേരളീയതയെക്കുറിച്ച് ലോകവുമറിയണം. കേരളീയം അതിനുള്ള അവസരമാണ്. കേരളത്തെ നമുക്ക് തന്നെയും, നമ്മുടെപുതുതലമുറയ്‌ക്ക് പ്രത്യേകിച്ചും ആഴത്തില്‍ മനസ്സിലാക്കാനും കേരളത്തെ സത്യസന്ധമായിലോകത്തിന് പരിചയപ്പെടുത്താനുമുള്ള അവസരം. നമ്മളെങ്ങനെ നമ്മളായി എന്ന് തിരിച്ചറിഞ്ഞ്അഭിമാനിക്കാനും ആഘോഷിക്കാനുമുള്ള അവസരമായ കേരളീയത്തിലേക്ക് എല്ലാവരെയുംഹാര്‍ദ്ദമായി ക്ഷണിക്കുന്നു, എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by