വേദങ്ങളെല്ലാം സംഹിതകളായാണ് സമാഹരിക്കപ്പെട്ടിട്ടുള്ളത്. ജ്ഞാന കര്‍മ മാര്‍ഗ പ്രതിപാദകങ്ങളായ മന്ത്രങ്ങളുടെ സമുച്ചയം എന്നതാണ് സംഹിതാശബ്ദത്തിന്റെ പൊതുവായ താത്പര്യം.
നാലുവേദങ്ങളില്‍ ഏറ്റവും വലിയത് ഋഗ്വേദമാണ്. ഋഗ്വേദസംഹിതയെ അഷ്ടകങ്ങളായും മണ്ഡലങ്ങളായും രണ്ടുതരത്തില്‍ വിഭജിക്കാറുണ്ട്. (ഈവിഭജനം കേവലം വ്യാവഹാരികം മാത്രമാണ്.)
ഒന്നാമത്തെ രീതിയിലുള്ള വിഭജനത്തില്‍ ഋക്‌സംഹിതയെ മുഴുവന്‍ എട്ടുവീതം അധ്യായങ്ങളുള്ള എട്ട് അഷ്ടകങ്ങളായി (ആകെ 64 അധ്യായങ്ങളായി) ക്രമപ്പെടുത്തിയിരിക്കുന്നു. അവയെത്തന്നെ 2006 വര്‍ഗങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇവയില്‍ 10472 ഋക്കുകള്‍(പദ്യരൂപത്തിലുള്ളമന്ത്രങ്ങള്‍) ഉള്‍പ്പെട്ടിരിക്കുന്നു. കേരളീയരായ ശ്രോത്രിയന്മാര്‍ ‘മൗഖിക’ പാഠത്തിന് ഈ അഷ്ടകക്രമമാണ് ഉപയോഗിച്ചു വരുന്നത്.
ഋഗ്വേദത്തിന്റെ രണ്ടാമത്തെ രീതിയിലുള്ള വിഭജനത്തില്‍ ഋഗ്വേദസംഹിതയെ 10 മണ്ഡലങ്ങളായും അവയെ 85 അനുവാകങ്ങളായും തുടര്‍ന്ന് 1017 സൂക്തങ്ങളായും അവയെത്തന്നെ 10472 ഋക്കുകളായും തിരിച്ചിരിക്കുന്നു. അച്ചടിച്ച പുസ്തകങ്ങളില്‍ രണ്ടാമതു പറഞ്ഞ ഈ മണഡലക്രമമാണ് അനുവര്‍ത്തിച്ചിരിക്കുന്നത്.
ഇതേ സംഗതി മറ്റൊരു രീതിയില്‍ പ്രസ്താവിക്കാം. ഋഗ്വേദ സംഹിതയില്‍ ആകെ 10472 ഋക്കുകളാണ് ഉള്ളത്. കേരളത്തിലെ ‘മൗഖിക’ സമ്പ്രദായപ്രകാരം (1) 10472 ഋക്കുകളെ 2006 ‘വര്‍ഗ’ങ്ങളായും (2) 2006 വര്‍ഗങ്ങളെ 64 അധ്യായങ്ങളായും (3) 64 അധ്യായങ്ങളെ എട്ട് അഷ്ടകങ്ങളായും സമാഹരിച്ചിരിക്കുന്നു. എന്നാല്‍ അച്ചടിച്ച പുസ്തകങ്ങളില്‍ കാണപ്പെടുന്ന (കൂടുതല്‍ പ്രചാരത്തിലുള്ള) സമ്പ്രദായപ്രകാരം (1) 10472 ഋക്കുകളെ 1017 സൂക്തങ്ങളായും ((2) 1017 സൂക്തങ്ങളെ 85 അനുവാകങ്ങളായും (3) 85 അനുവാകങ്ങളെ 10 മണ്ഡലങ്ങളായും ക്രമീകരിച്ചിരിക്കുന്നു.
മുന്‍കാലത്ത് ഋഗ്വേദത്തിന് വ്യത്യസ്തങ്ങളായ അഞ്ചുശാഖകള്‍ അഥവാ സമ്പ്രദായഭേദങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും അവയില്‍പ്പെട്ട ശാകലശാഖമാത്രമേ ഇപ്പോള്‍ പ്രചാരത്തിലുള്ളൂ. മുന്‍കാലങ്ങളില്‍ ശാകലശാഖ, ആശ്വലായനശാഖ, ബാഷ്‌കലശാഖ, ശാംഖായനശാഖ, മാണ്ഡുകായനശാഖ എന്നിങ്ങനെ അഞ്ചുശാഖകള്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
മന്ത്രങ്ങളും മന്ത്രദ്രഷ്ടാക്കളും
ഋഗ്വേദത്തിലെ ഒന്നും പത്തും മണ്ഡലങ്ങളിലെ സൂക്തസംഖ്യ (191) സമാനമാണെന്നുള്ളതിനു പുറമേ അവ വിവിധ മഹര്‍ഷിമാര്‍ (അല്ലെങ്കില്‍ അവരുടെ വംശീയ ഋഷിമാര്‍) ദര്‍ശിച്ചവയാണെന്നുള്ള പ്രത്യേകതയുണ്ട്. അതായത് ഒന്നും പത്തും മണ്ഡലങ്ങളിലെ സൂക്തങ്ങള്‍ ഏതെങ്കിലും ഒരേ വംശത്തില്‍ പെട്ട ഋഷിമാര്‍ മാത്രം ദര്‍ശിച്ചിട്ടുള്ളവയല്ല. എന്നാല്‍ രണ്ടുമുതല്‍ ഏഴുവരെയുള്ള മണ്ഡലങ്ങളില്‍ ഓരോന്നും യഥാക്രമം ഗൃത്സമദന്‍, വിശ്വാമിത്രന്‍, വാമദേവന്‍, അത്രി, ഭരദ്വാജന്‍, വസിഷ്ഠന്‍ എന്നീ മഹര്‍ഷിമാരോ അവരുടെ കുലങ്ങളില്‍ ജനിച്ചവരോ ദര്‍ശിച്ച മന്ത്രങ്ങളും അഷ്ടമണ്ഡലം പ്രധാനമായും കണ്വവംശീരായ ഋഷിമാരോ അവരുമായി ബന്ധപ്പെട്ട തപസ്വികളോ ദര്‍ശിച്ചവയുമാകുന്നു.
(അഷ്ടമണ്ഡലത്തില്‍ ‘പ്രഗാഥ’മെന്നു പേരുള്ള ഛന്ദസ്സില്‍ നിബന്ധിക്കപ്പെട്ട മന്ത്രങ്ങളാണ് ഏറിയകൂറും പ്രയുക്തമായിരിക്കുന്നതെന്നുള്ളതിനാല്‍ ആ ഋഷിമാരെ ‘പഗാഥന്മാര്‍’ എന്നും പറയാറുണ്ട്). നവമണഡലത്തിലെ സൂക്തങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ‘പവമാനസോമ’നെന്ന ദേവതയെ സ്തുതിച്ചു കൊണ്ടുള്ളവയാണ്. സൂക്തദ്രഷ്ടാക്കള്‍ മുന്‍പറഞ്ഞ ഗൃത്സമദ, വിശ്വാമിത്ര പ്രഭൃതികളായ മഹര്‍ഷിമാര്‍ തന്നെയെന്നു കാണാം.
ഋഗ്വേദീയമായ മന്ത്രങ്ങള്‍ (ഋക്കുകള്‍) എല്ലാം ഛന്ദോബദ്ധമാണ്. 24 അക്ഷരങ്ങളുള്ള ഗായത്രി മുതല്‍ 78 അക്ഷരങ്ങളുള്ള അതിധൃതി വരെയുള്ള 26 ഛന്ദസ്സുകള്‍ ഋഗ്വേദത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ തന്നെ ഗായത്രീ, ബൃഹതീ, ത്രിഷ്ടുപ്പ്, അനുഷ്ടുപ്പ്, തുടങ്ങി 48 അക്ഷരങ്ങളുള്ള ജഗതീ വരെയുള്ള 14 ഛന്ദസ്സുകളാണ് ഏറ്റവുമധികം പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.
വാസ്തവത്തില്‍ വൈദിക വാങ്മയത്തിന്റെ മുഴുവന്‍, ആധാരം ഋഗ്വേദമാണെന്ന് പറയാവുന്നതാണ്. യജുര്‍വേദത്തിലെയും സാമവേദത്തിലെയും മന്ത്രങ്ങളില്‍ ഭൂരിഭാഗവും ഋഗ്വേദത്തില്‍ കാണപ്പെടുന്ന മന്ത്രങ്ങള്‍ തന്നെയാണ്. വൈദികമായ കര്‍മകാണ്ഡീയക്രിയകളുടെ മുഖ്യ ആശയം ഋഗ്വേദമന്ത്രങ്ങള്‍ തന്നെയാണെന്നും പ്രസ്തുത യജ്ഞാദകളില്‍ വിനിയോഗിക്കാനായി ക്രമപ്പെടുത്തിയിരിക്കുകയാണെന്നും കാണാം. മാത്രമല്ല, ഇവയ്‌ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നുള്ളതിനുപരി, വൈദിക വിചാരധാരയുടെ സ്വഭാവം സ്പഷ്ടമാക്കുന്നതാണ് അവയുടെ ഉള്ളടക്കം എന്ന പ്രാധാന്യവുമുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: