ദേവീമാഹാത്മ്യം
ഭഗവദ്ഗീതയോളം തന്നെ പ്രാധാന്യം ദേവീമാഹാത്മ്യത്തിനുണ്ട്. വ്യാസമഹാഭാരതത്തില്‍ ഗീതപോലെ മാര്‍ക്കണ്ഡേയപുരാണത്തില്‍ ദേവീമാഹാത്മ്യം അന്തര്‍ഭവിച്ചിരിക്കുന്നു. ആകെ പതിമൂന്ന് അധ്യായങ്ങള്‍. ഒന്നാം അധ്യായം പ്രഥമചരിത്രം. രണ്ട്, മൂന്ന്, നാല് അധ്യായങ്ങള്‍ മധ്യമചരിത്രം. അഞ്ചു മുതല്‍ പതിമൂന്നു കൂടി ഉത്തമചരിത്രം. ദേവീമാഹാത്മ്യവും സപ്തശതിയാണ്. ഘടന ഇങ്ങനെ:
ശ്ലോകം: 535
അര്‍ധശ്ലോകം: 42
ഖണ്ഡമന്ത്രങ്ങള്‍: 66
ഉവാചമന്ത്രങ്ങള്‍: 57
ആകെ : 700 ശ്ലോകങ്ങള്‍
ദേവീമാഹാത്മ്യത്തിന് ഒരു പാരായണക്രമം വിധിച്ചിട്ടുണ്ട്. വായനയ്‌ക്കൊത്ത് ചില പൂജാവിധികളും നിര്‍ദേശിച്ചിരിക്കുന്നു. ഇത് ഭക്തിയുടെ അനുഷ്ഠാനതലത്തെ
പുഷ്‌ക്കലമാക്കുന്നു.
അര്‍ഗളം, കീലകം, കവചം എന്നീ പേരുകളുള്ള മന്ത്രങ്ങള്‍ ദേവീമാഹാത്മ്യത്തിന്റെ പ്രവേശകം അഥവാ നാന്ദിയാണ്. അര്‍ഗളം സ്‌തോത്രരൂപമായ മന്ത്രമാണ്. അര്‍ഗളം എന്ന വാക്കിനര്‍ഥം സാക്ഷ എന്നാണ്. അര്‍ഗളത്തിന്റെ ഋഷി വിഷ്ണുവും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത മഹാലക്ഷ്മിയുമാകുന്നു. അര്‍ഗളത്തിന്റെ ഫലശ്രുതിയിങ്ങനെ:
‘അര്‍ഗളാ ഹൃദയേയസ്യ
സചാനര്‍ഗള വാക്‌സദാ
അര്‍ഗളം നിത്യം ചൊല്ലിയാല്‍ അനര്‍ഗള വാക്ധാരയുണ്ടാവും. അതായത് ഒരുവന് വാചാലനോ വാഗ്മിയോ ഒക്കെ ആവാം.
സ്വാര്‍ഥലാഭത്തിനായി ദേവീമാഹാത്മ്യം ദുരുപയോഗപ്പെടുത്താതിരിക്കാനാണ് കീലകമന്ത്രങ്ങള്‍. കീലകത്തിനര്‍ഥം ആണി. കീലകത്തിന്റെ ഋഷി പരമശിവനും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത ശ്രീസരസ്വതിയുമാണ്.
കീലകം ഹൃദയേ യസ്യ
വശകീലിത മാനസഃ
കീലകത്തെ വേണ്ടവിധത്തില്‍ നിഷ്‌കാമമായി പ്രയോഗിക്കുന്നുവെങ്കില്‍ അവ ഭക്തന്റെ മനസ്സ് ആണിയടിച്ചുറപ്പിച്ച പോലെ സ്വാധീനത്തിലാവും.
ഉപാസകനെ ആപത്തുകളില്‍ നിന്നും പരിരക്ഷിക്കുന്നതാണ് കവചം. പടച്ചട്ടയാണ് കവചം. കവചത്തിന്റെ ഋഷി ബ്രഹ്മാവ്. ഛന്ദസ്സ് അനുഷ്ടുപ്പ്. ദേവത ചാമുണ്ഡി. ഫലശ്രുതി ഇങ്ങനെ: ‘ശ്രീത്രിഗുണാദേവീ പ്രീത്യര്‍ഥം ജപേ വിനിയോഗഃ’
1937 ല്‍ ശ്രീചിത്രോദയമഞ്ജരി പരമ്പരയില്‍ ദേവീമാഹാത്മ്യം കെ. സാംബശിവശാസ്ത്രി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ആമുഖത്തില്‍ ഇങ്ങനെയൊരു പ്രസ്താവമുണ്ട്. ”…ദേവീമാഹാത്മ്യം ഗ്രന്ഥം പോലും കൈവശമോ ഗൃഹവശമോ ഉണ്ടായിരുന്നാല്‍ അവിടെ ദുര്‍ബാധകള്‍ കടക്കുന്നതല്ലെന്നും ഐശ്വര്യം അനശ്വരമായി വര്‍ധിക്കുമെന്നും ഒരു പ്രസിദ്ധിയുള്ളത് ഈ മാഹാത്മ്യത്തിന്റെ മാഹാത്മ്യത്തെ വ്യക്തപ്പെടുത്തുന്നു.” അതി വിചിത്രമായ ഒരു ദേവീ മാഹാത്മ്യ ഗ്രന്ഥത്തെക്കുറിച്ചും ശാസ്ത്രികള്‍ സൂചിപ്പിക്കുന്നുണ്ട്. രുദ്രാക്ഷമാലയുടെ ആകാരത്തില്‍ ചുരുട്ടി മടക്കി പട്ടുനൂലില്‍ കോര്‍ത്തു കെട്ടിയിട്ടുള്ളതാണത്. ഈ രുദ്രാക്ഷമാലാഗ്രന്ഥം ആദ്യത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവത്രെ. ആധ്യാത്മികതയുടെ ദിവ്യപരിവേഷം ഈ ഗ്രന്ഥത്തിനു സ്വന്തം.
ബംഗാളില്‍ ദേവീമാഹാത്മ്യം ‘ചണ്ഡി’ എന്നും മധ്യഭാരതത്തില്‍ ‘ദുര്‍ഗാസപ്തശതി’ എന്നും പറഞ്ഞു വരുന്നു. വഴിയാത്രയില്‍ ഈ ഗ്രന്ഥം കൈയിലുണ്ടായാല്‍ ആപത്തങ്ങാര്‍ക്കുമൊട്ടുണ്ടാവില്ലെന്നതാണ് രൂഢിയായ വിശ്വാസം.
നവരാത്രി, ഭാരതത്തിന്റെ ആഹ്ലോദോത്സവ നാളുകളാണ്. ദേവീപൂജയും നവരാത്രിയും മറ്റും ആഘോഷിക്കുമ്പോള്‍ ഈ കാലഗണന ശ്രദ്ധേയം. അതായത് കന്നിമാസത്തിലെ കറുത്തവാവു കഴിഞ്ഞു വരുന്ന ഒമ്പതുദിവസം അശ്വനീ നവരാത്രിയും മീനത്തിലെ കറുത്തവാവു കഴിഞ്ഞു വരുന്ന ഒമ്പതു ദിവസം ചൈത്രനവരാത്രിയുമത്രെ. അശ്വനീനവരാത്രിക്കാണ് ഏറെ പ്രാധാന്യം. ദുര്‍ഗാലക്ഷ്മിസരസ്വതിമാര്‍ക്കാണ് പൂജ. ഏറെ പ്രസിദ്ധി സരസ്വതീപൂജയ്‌ക്കും ദുര്‍ഗാപൂജയ്‌ക്കും തന്നെ.
എട്ടാം ദിവസം ദുര്‍ഗാഷ്ടമി. ഒമ്പതാം ദിവസം മഹാനവമി. പൂജവയ്‌പ്പ് ഇക്കാലത്താണ്. നവരാത്രി കാലത്ത് ഉത്തരഭാരതത്തില്‍ രാവണന്‍, കുംഭകര്‍ണന്‍, മേഘനാദന്‍ എന്നിവരുടെ രൂപങ്ങളുണ്ടാക്കി വയ്‌ക്കുകയും അഗ്നിബാണങ്ങളെയ്ത് കത്തിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ‘കൊലു’ വെയ്‌ക്കുന്നതും നവരാത്രി കാലത്ത്. ആഘോഷങ്ങളവസാനിക്കുന്നത് നവരാത്രി കഴിഞ്ഞു വരുന്ന വിജയദശമി നാളിലാണ്. അക്ഷരവിദ്യയുടെ ഹരിശ്രീപുഷ്പങ്ങള്‍ അന്നാദ്യം വിടരുന്നു. സമസ്തകലകളുടേയും സമാരംഭമുഹൂര്‍ത്തം:
ഫലസിദ്ധി ഇങ്ങനെ:
‘ആരാകിലും സര്‍വലോകാ
നന്ദങ്ങളുമണഞ്ഞിടും
ദേഹാന്തത്തില്‍ പരമമാം
ദേവീലോകവുമാര്‍ന്നിടും’
പ്രതികരിക്കാൻ ഇവിടെ എഴുതുക: