ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-കവിയൂര്‍ റോഡ് വികസനം കടലാസില്‍ ഒതുങ്ങുന്നു. അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചോ എന്ന ചോദ്യവും ഉയരുന്നു. ചങ്ങനാശ്ശേരി പെരുന്ന രാജേശ്വരി ജങ്ഷനില്‍ നിന്നാണ് കവിയൂര്‍ റോഡ് ആരംഭിക്കുന്നത്.
ഇവിടെ മുതല്‍ തുടങ്ങുന്നു റോഡിന്റെ വീതി കുറവും, ശോചനീയാവസ്ഥയും. എന്നാല്‍ നാളിതു വരെ ഒരു ജോലിയും റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. കവിയൂര്‍ റോഡിലൂടെയുള്ള യാത്ര ജീവന്‍ പണയപ്പെടുത്തിയാണ്. തോട്ട ഭാഗം മുതല്‍ പായിപ്പാടിന്റെ കുറച്ചു ഭാഗം വരെ വീതി കൂട്ടിയതല്ലാതെ പിന്നീട് യാതൊരു ജോലിയും നടത്തിയിട്ടില്ല. കെഎസ്ഡിപി പണികള്‍ ആണ് ആദ്യം നടത്തിയത്. ഇപ്പോള്‍ പുതിയ കരാറുകാരാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. പെരുന്ന മുതല്‍ ഫത്തിമാപുരം വരെ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം ഫാത്തിമാപുരത്ത് റോഡ് സൈഡിലുള്ള ഒരു വീടിന്റെ ഷീറ്റ് സ്വകാര്യ ബസ് ഇടിച്ചു നശിച്ചു. എതിര്‍ ദിശയില്‍ നിന്ന് വരുന്ന ബസുകള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ചങ്ങനാശ്ശേരിയില്‍ നിന്ന് കിഴക്കന്‍ മേഖലയിലേക്കുള്ള ദീര്‍ഘദൂര യാത്രകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന റോഡാണിത്. കൂടാതെ റോഡിന്റെ വശത്ത് പൈപ്പ് ലൈനിനു വേണ്ടി കുഴിച്ച കുഴിയുമുണ്ട്. ഏതു സമയത്തും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് റോഡിന്റെ അവസ്ഥ. അടിയന്തരമായി കവിയൂര്‍ റോഡിന്റെ വീതിയെങ്കിലും കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: