ശുദ്ധ സംഗീതത്തിന്റെ ആസ്വാദകര്‍ തലമുറകളായി ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ടുനടക്കുന്ന തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവത്തിന്റെ ചരിത്രത്തിലേക്കും സവിശേഷതകളിലേക്കും ഒരു എത്തിനോട്ടം. ഈ വര്‍ഷം ഇന്നു മുതല്‍ നവരാത്രി സംഗീതോത്സവം ആരംഭിക്കുകയാണ്.
മലയാളിക്ക് നവരാത്രി ഉല്‍സവത്തിന്റെ അവിഭാജ്യഘടകങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ നവരാത്രി മണ്ഡപത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന സംഗീതോല്‍സവം. ഇതെഴുതുന്ന എന്നെ പ്പോലെയുള്ള അറുപതു വയസ്സുകഴിഞ്ഞ കര്‍ണ്ണാടകസംഗീത രസികരെ സംബന്ധിച്ചിടത്തോളം ഏറ്റവും ശുദ്ധവും പാരമ്പര്യഭംഗി നിറഞ്ഞതുമായ സംഗീതാവതരണത്തിന്റെ തൊടുകുറിയാണ് നവരാത്രി മണ്ഡപത്തിലെ കച്ചേരികള്‍.
എന്റെ ഓര്‍മകളില്‍ 60 കളിലും 70 കളിലും ഒമ്പതു രാവുകളിലെയും കച്ചേരികള്‍ കേള്‍ക്കുകയെന്നത് ഭക്തിയുടെയും സംഗീതാസ്വാദനത്തിന്റെയും ഒരു അവിഭാജ്യഘടകം തന്നെയായിരുന്നു. എം. എ, എം. കെ. കല്ല്യാണകൃഷ്ണ ഭാഗവതര്‍മാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ആലത്തൂര്‍ ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍, കെ.വി.നാരായണസ്വാമി തുടങ്ങി മികവിന്റെ പര്യായമായ ഒട്ടേറെ ഗായകര്‍, ലാല്‍ഗുഡി ജയരാമന്‍, ടി.എന്‍.കൃഷ്ണന്‍, നമ്മുടെ സ്വന്തം ചാലക്കുടി നാരായണസ്വാമി തുടങ്ങിയ വയലിന്‍ പ്രതിഭകള്‍, പാലക്കാട് മണിയയ്യരും പഴനി സുബ്രഫ്മണ്യ പിള്ളയും ഉള്‍പ്പെട്ട മൃദംഗ മേധകളുടെ ഒരു നിര – ഇവരൊക്കെ ചേരുന്ന നവരാത്രി മണ്ഡപ കച്ചേരികള്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കച്ചേരികളുടെ സംഘാടനം നടത്തുന്നത് താരതമ്യേന പുതിയ, ഇളയ തലമുറയില്‍പ്പെട്ട, തിരുവിതാംകൂര്‍ രാജകുടുംബാംഗമായ പ്രി
ന്‍സ് രാമ വര്‍മയാണ്. ശെമ്മാങ്കുടി ശിഷ്യപരമ്പരയിലെ വിശിഷ്ട്ട രത്‌നങ്ങളില്‍ ഒന്നായ വെച്ചൂര്‍ ഹരിഹരസുബ്രമണ്യ അയ്യര്‍, വൈണികവിശാരദരായിരുന്ന പ്രൊഫ.കെ.എസ്. നാരായണ സ്വാമി, ആര്‍. വെങ്കിട്ടരാമന്‍ എന്നിവരുടെ അടുത്തും, പിന്നീട് നിരവധി വര്‍ഷം കര്‍ണ്ണാടക സംഗീതത്തില്‍ പുതിയ ഒരു പന്ഥാവ് തുറന്ന ഡോ. മംഗലംപിള്ളി ബാലമുരളീകൃഷ്ണയുടെയും ശിഷ്യത്വത്തിലും സംഗീതം അഭ്യസിച്ച രാമ വര്‍മ, കര്‍ണ്ണാടകസംഗീതത്തിന്റെ അവതരണമിഴിവ് കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ അഭിഗമ്യമാക്കാന്‍ ചെയ്തുവരുന്ന ശ്രമങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. ആലാപനത്തിലെ ശുദ്ധിയിലും അക്ഷരസ്ഫുടതയിലുമുള്ള നിഷ്‌ക്കര്‍ഷ, കൃതിയുടെ അര്‍ത്ഥവും സന്ദര്‍ഭവും അറിഞ്ഞ് രസികര്‍ക്ക് വിവരിച്ചുകൊടുത്ത് അവതരിപ്പിക്കുന്ന രീതി, ബഹുഭാഷാസ്വാധീനം, പുരാണങ്ങളിലുള്ള വ്യാപകമായ അറിവ്, സൂക്ഷ്മവും സംസ്‌കാരസമ്പന്നവുമായ നര്‍മബോധം തുടങ്ങിയവ രാമവര്‍മയെ വ്യതിരിക്തനാക്കുന്നു.
ഏറെ ചാരുതയാര്‍ന്ന തന്റെ വെബ്‌സൈറ്റില്‍ നവരാത്രി സംഗീതോല്‍സവത്തെപ്പറ്റി അനന്യവും ഹാസ്യരസത്തിന്റെ ഉന്മേഷം ധാരാളം പ്രസരിപ്പിക്കുന്നതുമായ ശൈലിയില്‍ രാമവര്‍മ ഇങ്ങനെ എഴുതുന്നു:
കമ്പരാമായണ കര്‍ത്താവായ കമ്പര്‍ താന്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹത്തെ തിരുവിതാംകൂര്‍ രാജ്യം പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് ഒരു ചേര രാജാവിനെ ഏല്‍പ്പിച്ചിരുന്നു. ദേവിക്കു വേണ്ടി നവരാത്രി ഉല്‍സവം തുടര്‍ന്നും ഭംഗിയായി നടത്താമെന്ന് ആ രാജാവ് നല്‍കിയ വാക്കിന്റെ അടിസ്ഥാനത്തില്‍ നവരാത്രി സംഗീതോത്സവം ഇന്നും സമംഗളം അരങ്ങേറുന്നു. തിരുവിതാംകൂറിന്റെ തലസ്ഥാനം തമിഴ്‌നാട്ടിലുള്ള പത്മനാഭപുരത്തു നിന്ന് സ്വാതിതിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയ ശേഷം കമ്പരുടെ സരസ്വതീ വിഗ്രഹം നവരാത്രിക്കാലത്തു മാത്രം ഇവിടേക്ക് ആഘോഷമായി കൊണ്ടുവരുന്ന ചടങ്ങിനും തുടക്കമായി.
പത്മനാഭപുരത്തെ മൂലവിഗ്രഹം തന്നെ തിരുവനന്തപു
രത്തേക്ക് കൊണ്ടുവരുന്നു എന്നതിനാല്‍ നവരാത്രിക്കാലമത്രയും പത്മനാഭപുരത്ത് വിഗ്രഹം ഇരുന്ന സ്ഥലത്ത് ഒരു വിളക്ക് കത്തിച്ചുവയ്‌ക്കും. നവരാത്രിമണ്ഡപത്തെ സംബന്ധിക്കുന്ന അനന്യമായ ഒരു സവിശേഷതയാണിത്.
പൂജകളും പാരായണവും നടത്തുന്നത് മുല്ലമൂട് ഭാഗവതര്‍മാരാണ്. സ്വാതിതിരുനാളിന്റെ കാലംമുതല്‍ക്കുള്ള സംഗീതജ്ഞ പരമ്പരയാണിവര്‍. പാടുന്നതിന്റെ ശ്രവണം തുടങ്ങിയവയായിരുന്നു ആദ്യ കാലങ്ങളില്‍ നവരാത്രി ഉല്‍സവത്തിന്റെ ഘടകങ്ങള്‍. 1920 കളോടെയാണ് നവരാത്രി കച്ചേരികള്‍ നടത്താന്‍ പുറത്തുനിന്നും പ്രഗത്ഭരായ സംഗീതജ്ഞരെ ക്ഷണിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കച്ചേരിക്ക് മുന്‍പ് തോടയ മംഗളം പാ
ടുന്ന ചടങ്ങ് ഇന്നും മുല്ലമൂടു ഭാഗവതര്‍മാര്‍ തന്നെയാണ് നിര്‍വ്വഹിച്ചുവരുന്നത്.
മണ്ഡപത്തില്‍ ഒന്‍പതു രാത്രികളില്‍ പാടാനുള്ള രാഗങ്ങള്‍ തീരുമാനിച്ചതും, സാഹിത്യഭംഗിയും സംഗീതസൗന്ദര്യവും ഒരേ അളവില്‍ ചേരുന്ന നവരാത്രി കൃതികള്‍ രചിച്ചതും സ്വാതി തിരുനാള്‍ മഹാരാജാവ് തന്നെയായിരുന്നു. ഒന്നാം ദിവസം മുതല്‍ യഥാക്രമം ശങ്കരാഭരണം, കല്ല്യാണി, സാവേരി, തോടി, ഭൈരവി, പന്തുവരാളി, ശുദ്ധസാവേരി, നാട്ടകുറിഞ്ചി, ആരഭി എന്നീ രാഗങ്ങളിലുള്ള കൃതികളാണ് കച്ചേരികളിലെ പ്രധാന ഇനമായി പാടുക.
ഈ കൃതികള്‍ പാടുന്നതിനു മുന്നോടിയായി താനം എന്ന സംഗീതരൂപം അവതരിപ്പിക്കപ്പെടുന്നതും, അപ്പോള്‍ അതിന് മൃദംഗം കൂടി വായിക്കപ്പെടുന്നതും നവരാത്രി മണ്ഡപത്തിലെ മാത്രം പ്രത്യേകതകളാണ്. എം. ഡി. രാമനാഥനെയും ശെമ്മാങ്കുടി സ്വാമിയേയും പോലെയുള്ള പ്രതിഭകള്‍ താനം എന്ന രൂപത്തിന് നല്‍കിയ പൂര്‍ണ്ണതയും ഭംഗിയും അതിന് പാലക്കാട് മണിയയ്യരെ പോലെയുള്ള പ്രഗത്ഭര്‍ അകമ്പടി സേവിച്ച രീതികളും കേട്ടുതന്നെ അനുഭവിക്കേണ്ട സൗന്ദര്യങ്ങളാണ്.
കച്ചേരി നടക്കുന്നതിനിടയില്‍ സരസ്വതീ ദേവിക്ക് പൂജയും നടക്കും. പൂജ കഴിയുമ്പോള്‍ ഒരു മണിയടിക്കും. അപ്പോള്‍ കച്ചേരി നിര്‍ത്തണം- ഇതാണ് നവരാത്രി മണ്ഡപത്തിലെ രീതി. സാധാരണഗതിയില്‍ സന്ധ്യയ്‌ക്ക് ആറു മണി മുതല്‍ രാത്രി എട്ടര മണി വരെയാണ് കച്ചേരി നടക്കുക. എന്നാല്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ കച്ചേരി സമയം ഒന്‍പതു മണി വരെ ദീര്‍ഘിപ്പിക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളും നവരാത്രിയും ഒന്നിച്ചു വരുന്നതുകൊണ്ടാണിത്. ഈ വര്‍ഷം ഇന്നുമുതല്‍ (ഒക്‌ടോബര്‍ 15) ആരംഭിക്കുന്ന കച്ചേരികള്‍ ഇങ്ങനെ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയാണ്.
ഒരിക്കല്‍ എം.ഡി.രാമനാഥന്‍ തന്റെ ഇഷ്ട ശ്ലോകമൊന്ന് പാടിത്തീര്‍ക്കാനായി കുറച്ചുസമയം കൂടുതലെടുത്തു. അന്നത്തെ കര്‍ക്കശക്കാരനായ ഒരു കൊട്ടാരമുദ്യോഗസ്ഥന്‍ ഇതിന്റെ പേരില്‍ എംഡിആറിനെ പൊതുജന മധ്യത്തില്‍ ശകാരിക്കുകയും അപമാനിക്കുകയും ചെയ്തു. നവരാത്രി മണ്ഡപത്തില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ മാറ്റാന്‍ പാടില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. അങ്ങനെയാണെങ്കില്‍ എന്നെ ഇനി ഇവിടെ പാടാന്‍ വിളിക്കയും വേണ്ട എന്നായി രാമനാഥന്‍. പക്ഷേ മരണംവരെ എല്ലാ വര്‍ഷവും എംഡിആര്‍ മണ്ഡപത്തില്‍ തുടര്‍ന്നു പാടിയെന്നത് ചരിത്രം. ആ കേദാരവും രീതിഗൗളയുമൊക്കെ ആര് മറക്കും? എങ്ങനെ മറക്കും?
എന്നാല്‍ മണ്ഡപത്തിലെ ചില പതിവുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരേയും മധുര മണി അയ്യരേയും പോലെയുള്ള ജനപ്രിയ സംഗീതജ്ഞര്‍ അവിടെ പാടിയിട്ടേയില്ല. വീണയും ഗോട്ടുവാദ്യവും അല്ലാതെ മറ്റ് ഉപകരണ സംഗീത കച്ചേരികള്‍ മണ്ഡപത്തില്‍ അരങ്ങേറാറില്ല. സ്ത്രീകളെയും കച്ചേരി നടത്താന്‍ മണ്ഡപത്തില്‍ അടുത്ത കാലംവരെ അനുവദിക്കാറില്ലായിരുന്നു.
മണ്ഡപത്തിലേക്കുള്ള പ്രവേശനം ടിക്കറ്റോ പാസ്സോ മൂലം നിയന്ത്രിച്ചിട്ടില്ലെന്ന് പ്രിന്‍സ് രാമ വര്‍മ്മ ഒരു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷര്‍ട്ടും ചുരിദാറും ധരിച്ച് മണ്ഡപത്തില്‍ കയറാന്‍ പാടില്ല. സ്ത്രീകള്‍ സാരിയും പെണ്‍കുട്ടികള്‍ പാവാടസെറ്റുമാണ് ധരിക്കേണ്ടത്. കച്ചേരി മുഴുവന്‍ കഴിഞ്ഞു മാത്രമേ പുറത്തു വരാന്‍ പറ്റൂ.
മണ്ഡപത്തില്‍ പാടുന്ന പ്രധാന കൃതി പതിറ്റാണ്ടുകളെങ്കിലുമായി ആകാശവാണി നവരാത്രി ദിനങ്ങളില്‍ രാത്രി 9 30 മുതല്‍ പ്രക്ഷേപണം ചെയ്തു വരുന്നുണ്ട്. അതിന് അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തിരുവനന്തപുരം ആകാശവാണിയുടെ യൂട്യൂബ് ചാനലില്‍ കച്ചേരിയുടെ പൂര്‍ണ രൂപം അപ്‌ലോഡ് ചെയ്യുന്നുണ്ട്. സംഗീതപ്രേമികള്‍ക്ക് ഒരു വരദാനം തന്നെയാണിത്.
ഇതിനിടെ തലമുറകളിലെ മാറ്റം മണ്ഡപത്തിലെ രീതികളിലും പതുക്കെ പ്രതിഫലിച്ചു തുടങ്ങി. കേരളത്തിലെതന്നെ ഏറ്റവും സീനിയറായ പാറശ്ശാല പൊന്നമ്മാളാണ് നവരാത്രി ണ്ഡപത്തില്‍ ആദ്യം കച്ചേരി അവതരിപ്പിച്ച ഗായിക. മൈസൂര്‍ സഹോദരന്മാരുടെ വയലിന്‍ കച്ചേരി ഇവിടെ അരങ്ങേറിയതും പ്രധാനപ്പെട്ട ഒരു മാറ്റംതന്നെ. മൃദംഗമല്ലാതെ മറ്റ് താളവാദ്യങ്ങള്‍ മണ്ഡപത്തില്‍ അവതരിപ്പിക്കില്ല എന്ന പതിവു മാറ്റി ഡോ. കാര്‍ത്തിക്കിനെപ്പോലെയുള്ള ഘടം കലാകാരന്മാരും, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദിനെ പോലെയുള്ള മുഖര്‍ശംഖ് കലാകാരന്മാരും ഇപ്പോള്‍ മണ്ഡപത്തില്‍ ക്ഷണിതാക്കളാണ്
അതെ, നവരാത്രി മണ്ഡപത്തിലെ രീതികള്‍ മാറുകയാണ്. എന്നാല്‍ അവിടുത്തെ ഭക്തിയും സംഗീതവും ചേര്‍ന്ന അന്തരീക്ഷത്തിന്, പാരമ്പര്യവും സാംസ്‌കാരിക ചരിത്രവും ചേര്‍ന്ന പരിപ്രേക്ഷ്യത്തിന്, രാഗവും അര്‍ത്ഥവും ചേരുന്ന സൗന്ദര്യത്തിന് ഇന്നും മാറ്റമില്ല. സരസ്വതീ നമഃസ്തുഭ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: