ഉജ്ജയിനി കവിത പോലെ മനോഹരമായ നഗരം. കാളിദാസന്റെ നാട്. അധിനിവേശങ്ങളില്‍ അടിപ്പെട്ട ഭാരതത്തിന്റെ അന്തസിനെ ഉണര്‍ത്താനും ഉയിരേകാനും കരുത്തുള്ളവര്‍ പിറന്ന നാട്. പുതിയ ഭാരതം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ശിരസ് ഉയര്‍ത്തുമ്പോള്‍ അതിന്റെ മഹോന്നതമായ ഈടുവയ്പുകളില്‍ ഉജ്ജയിനിയിലെ മഹാകാലേശ്വരനുമുണ്ട്. ഭാരതമാകെ വിശ്രുതമായ ഐതിഹ്യക്കരുത്തിന്റെ തലപ്പൊക്കമുണ്ട് സാക്ഷാല്‍ മഹാദേവന്‍ സ്വയം പടുത്തുയര്‍ത്തിയ ഈ ഭവ്യമന്ദിരത്തിന്. ഭാരതത്തിന്റെ ഗൗരവത്തെ ലോകത്തിന് മുന്നില്‍ പ്രതിഷ്ഠിക്കുകയായിരുന്നു മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുടെ പുനരുത്ഥാനത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍.
പേരുപോലെ തന്നെ മനോഹരമായ ഉജ്ജയിനി ആത്മീയതയും ഭൗതീകതയും കലയും സാഹിത്യവും ചരിത്രവും ഐതിഹ്യവും ശാസ്ത്രവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന നഗരമാണ്. പുരാണങ്ങളില്‍ ‘അവന്തിക’ എന്ന പേരിലും ഈ ചരിത്രനഗരം അറിയപ്പെട്ടിരുന്നു.
പശ്ചിമ മധ്യപ്രദേശിലെ മാള്‍വാ പീഠഭൂമിയില്‍ തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് നൂറ്റിയെണ്‍പതു കിലോമീറ്റര്‍ പടിഞ്ഞാറും വ്യവസായ നഗരിയായ ഇന്‍ഡോറില്‍നിന്ന് അന്‍പത് കിലോമീറ്റര്‍ വടക്കായും സ്ഥിതിചെയ്യുന്ന ഈ സ്ഥലം നര്‍മദയുടെ പോഷക നദിയായ ‘ക്ഷിപ്ര’യുടെ തീരത്ത് വിരാജിക്കുന്നു.
പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളില്‍ പ്രാമുഖ്യമുള്ള മഹാകാലേശ്വര്‍ മഹാദേവ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്നതും ഇവിടെയാണ്. ഹരിദ്വാറിനും പ്രയാഗയ്‌ക്കും നാസിക്കിനും ശേഷം നടക്കുന്ന കുംഭമേള ഉജ്ജയിനിയില്‍ ”സിംഹസ്ഥ് കുംഭ്” എന്നാണറിയപ്പെടുന്നത്. മഹാകാലേശ്വര ക്ഷേത്രത്തിന്റെ ഇടനാഴി പുതിയ ഭാരതത്തില്‍ പുനര്‍ജനിക്കുമ്പോള്‍ അതിന്റെ ഹൃദയവികാരമായി സ്പന്ദിച്ചത് ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന സങ്കല്പമാണ്. അതുകൊണ്ടാണ് ഹിമവത്സേതുപര്യന്തമുള്ള മഹാശക്തിപീഠങ്ങളുടെ ഓജസ്സാകെ മഹാകാലേശ്വരനിലേക്ക് സന്നിവേശിപ്പിച്ചത്. 56 ശക്തിപീഠങ്ങളില്‍ നിന്നുള്ള മണ്ണ് മഹാകാലേശ്വര സവിധത്തിലേക്കുള്ള പാതയില്‍ പാകിയത് ഏകാത്മഭാരതത്തിന്റെ സന്ദേശം നാടെങ്ങും എത്തുന്നതിനായിരുന്നു.
ഇടനാഴിയില്‍ നിന്ന് മഹാകാലേശ്വരനിലേക്കുള്ള വഴി തുറക്കുന്നത് രണ്ട് കവാടങ്ങളിലൂടെയാണ്. നന്ദി ദ്വാരവും പിനാകി ദ്വാരവും. മനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് വഴിയുടെ ഇരുപുറവും. ശിവപുരാണകഥകളുടെ ശില്പങ്ങളാല്‍ സമ്പന്നമാണ് അവ. ഇത്തരത്തില്‍ അന്‍പതിലേറെ ചുവര്‍ ചിത്രങ്ങളും ശില്പങ്ങളും ഈ വഴിയിലുണ്ട്. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍ പ്രദേശത്ത് നിന്ന് ലഭിക്കുന്ന മണല്‍ക്കല്ലുകളാണ് ഇടനാഴിയിലെ കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. രാജസ്ഥാന്‍, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരുമാണ് ഈ ഇടനാഴിയെ ഇത്രയേറെ മനോഹരമാക്കിയത്. ത്രിശൂലത്തിന്റെ മാതൃകയില്‍ പണിതെടുത്ത 108 തൂണുകള്‍ ഇടനാഴിയുടെ പ്രൗഢി വിളിച്ചോതുന്നു.
അതിപുരാതനമായ രുദ്രസാഗര്‍ തടാകത്തിന് പുതുജീവന്‍ നല്‍കുന്നതാണ് മഹാകാലേശ്വര്‍ ഇടനാഴി. തടാകമാകെ ശുദ്ധജലം നിറയ്‌ക്കുകയും മാലിന്യസംസ്‌കരണത്തിന് പുതിയ വഴികള്‍ തേടുകയും ചെയ്തുവെന്നത് ചരിത്രത്തിന്റെ വീണ്ടെടുപ്പിനൊപ്പം ശുചിത്വസംരക്ഷണത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുന്നതിന്റെയും അടയാളമായി.
അഖണ്ഡ ഭാരതത്തിലാകമാനം പടര്‍ന്നുകിടക്കുന്ന ശക്തിപീഠങ്ങളിലൊന്നായ ഹര്‍സിദ്ധി മന്ദിര്‍ ഉജ്ജയിനിയുടെ അഭിമാന മകുടമാണ്. കാളിദാസനും വിക്രമാദിത്യ ചക്രവര്‍ത്തിക്കും ദര്‍ശനം നല്‍കിയ മഹാകാളി മന്ദിര്‍, താന്ത്രിക പൂജയ്‌ക്കു വിശേഷപ്പെട്ട കാലഭൈരവ ക്ഷേത്രം എന്നിവയെല്ലാം ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.
കാലനും കാലനായ മഹാകാലേശ്വര്‍ ദൂഷന്‍ എന്ന അസുരനെ വധിക്കാന്‍ തന്റെ ഭക്തരുടെ അഭീഷ്ടപ്രകാരം അവതരിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിച്ചതായാണ് ഐതീഹ്യം. മൂന്നുനിലകളോടുള്ള ശ്രീകോവിലിന്റെ താഴത്തെ നിലയില്‍ മഹാകാലനും മധ്യത്തില്‍ ഓങ്കാരേശ്വരനും മുകളില്‍ നാഗേശ്വരനുമാണ് മൂര്‍ത്തികള്‍. നാഗേശ്വരന്റെ ദര്‍ശനം നാഗപഞ്ചമി നാളില്‍ മാത്രമേ സാധ്യമാവൂ. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ചുടലഭസ്മംകൊണ്ട് മഹാദേവനെ അഭിഷേകം ചെയ്യുന്നത് ഉജ്ജയിനിയിലെ മാത്രം പ്രത്യേകതയാണ്.
പമ്പര വിഡ്ഢിയായ ആട്ടിടയനെ കാവ്യസാമ്രാട്ടാക്കി മാറ്റിയ മഹാകാളീക്ഷേത്രവും അടുത്തുതന്നെയുണ്ട്. വിക്രമാദിത്യ ചക്രവര്‍ത്തിയുടെ സഭയിലെ നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന പണ്ഡിത സദസ്സിലേ അംഗങ്ങളായിരുന്ന കാളിദാസനും ബാണഭട്ടനും വരാഹമിഹിരനും വരരുചിയുമൊക്കെ നിറഞ്ഞുനിന്ന ഈ മഹാനഗരിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും ”അഖിലഭാരതീയ കാളിദാസ് സമ്മാന്‍ സമാരോഹ്” എന്ന പേരില്‍ ഒരുത്സവം നടത്തിവരുന്നു.
ഭാരതമൊട്ടാകെയുള്ള കലാകാരന്മാര്‍ ഇതില്‍ പങ്കെടുക്കുകയചും ആദരിക്കപ്പെടുകയും ചെയ്യുന്നു. മലയാളത്തിന്റെ നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ ഇഷ്ടവേദികളിലൊന്നായിരുന്നു ഇത്. കാവാലത്തിന്റെ സംസ്‌കൃത നാടകങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
മഹാരാജാ വിക്രമാദിത്യന്റെ ഭരണ കേന്ദ്രമായിരുന്ന ഉജ്ജയിനി ശാസ്ത്ര സങ്കേതിക രംഗത്തും മുന്‍പന്തിയിലായിരുന്നു. ജ്യോതിശ്ശാസ്ത്ര പഠനത്തിനായി നിര്‍മിച്ച ‘ജന്തര്‍ മന്ദിര്‍’ എന്ന യന്ത്രമന്ദിരം ഇപ്പോഴും ഇവിടെയുണ്ട്. ഉജ്ജയിനിയുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണനും ശ്രീരാമനും സുദാമാ (കുചേലന്‍)വുമൊക്കെ വിദ്യ അഭ്യസിച്ച സാന്ദീപനി ആശ്രമം ഉജ്ജയിനിയിലാണ്. ആ പാരമ്പര്യം ഇന്നും ഈ നാട് കാത്തുസൂക്ഷിക്കുന്നു. വിക്രം യൂണിവേഴ്‌സിറ്റി ആധുനിക പഠനത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ ‘പാണിനി സംസ്‌കൃത് ഏവം വൈദിക് സര്‍വകലാശാല’ സംസ്‌കൃതം, വേദപഠനം ജ്യോതിശ്ശാസ്ത്രം എന്നിവയ്‌ക്കും ഊന്നല്‍ നല്‍കുന്നു.
ഛത്രപതി ശിവജിയുടെ പ്രതിപുരുഷന്മാരായി ഭരിച്ചിരുന്ന ഗ്വാളിയര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു മാള്‍വ. തലസ്ഥാനം ഉജ്ജയിനിയില്‍നിന്നും പിന്നീട് ഇന്‍ഡോറിലേക്ക് മാറ്റുകയായിരുന്നു. അനര്‍ത്ഥങ്ങളേറെ കണ്ടു തുടങ്ങിയ കാലത്ത് മഹാകാലേശ്വരന്റെ മണ്ണില്‍ മറ്റു ഭരണാധികാരികള്‍ ഉണ്ടാവരുതെന്നും ഉജ്ജയിനിയുടെ രാജന്‍ മഹാകാലേശ്വരന്‍ തന്നെ ആയിരിക്കണമെന്നും അരുളപ്പാടുണ്ടായത്രേ. അക്കാരണത്താലാണ് തലസ്ഥാനം ഇന്‍ഡോറിലേക്ക് മാറ്റിയതെന്ന് പറയുന്നു. ഇന്നും ഈ ആചാരം മുടക്കമില്ലാതെ പാലിക്കുന്നു. മുഖ്യമന്ത്രിയോ ഗവര്‍ണറോ ആരുമാകട്ടെ ഭരണാധികാരികളാരും ഇവിടെ രാത്രി തങ്ങാറില്ല.
ഹൈന്ദവ നവോത്ഥാനത്തിനെന്നും മുന്‍പന്തിയില്‍ നിന്നവരാണ് ഇവിടത്തെ ഭരണാധികാരികള്‍. മുഗളന്മാര്‍ ആക്രമിച്ചു നശിപ്പിച്ച കാശിവിശ്വനാഥ ക്ഷേത്രം പുനര്‍മിച്ചതും തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും മാള്‍വയിലെ മഹാറാണി ‘അഹല്യാബായി ഹോള്‍ക്കര്‍’ ആയിരുന്നുവെന്ന് ഓര്‍ക്കണം.
ശ്രാവണമാസത്തിലെ സോമവാരങ്ങള്‍ ഉത്തരേന്ത്യയിലെങ്ങും വ്രതങ്ങളുടെയും പൂജകളുടെയും കാലമാണ്. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഉജ്ജയിനിയുടെ പുനരുത്ഥാന കഥകള്‍ തേടി ആ നാട്ടില്‍ സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക