Categories: Sports

ദേശീയ ദിനം ആഘോഷമാക്കി ചൈന

Published by

ക്ടോബര്‍ ഒന്ന് ചൈനയുടെ ദേശീയ ദിനമാണ്. മിഡ് ഓട്ടം ഫെസ്റ്റിവല്‍ കഴിഞ്ഞ ദിവസമായിരുന്നു. അതിനൊപ്പം ഏഷ്യന്‍ ഗെയിംസും കൂടി ആയപ്പോള്‍ ആകെ ഉത്സവലഹരി. സ്റ്റേഡിയങ്ങളിലും റോഡരികിലുമെല്ലാം ആള്‍ത്തിരക്കുണ്ട്. എല്ലാവരുടെയും കൈയ്യില്‍ ചൈനീസ് പതാകയുണ്ട്. ദേശീയ പതാകയുടെയും സ്‌നേഹചിഹ്നത്തിന്റെയും സ്റ്റിക്കറുകള്‍ അതിഥികളുടെയെല്ലാം വസ്ത്രങ്ങളില്‍ പതിപ്പിച്ചു. നമ്മുടെ കൈയ്യില്‍ പതാക തന്ന് കൂടെ നിന്നു ഫോട്ടോയെടുപ്പിക്കുകയാണ് വഴിവക്കിലൊക്കെ കൂടി നില്‍ക്കുന്നവര്‍.
ചൈനയിലെ ടിവി ചാനലുകാര്‍ അഭിമുഖത്തില്‍ ദേശീയ ദിനത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന ചോദ്യത്തിന് ‘ഇപ്പോള്‍ ഞങ്ങളോടു കാട്ടുന്ന സ്‌നേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും പ്രതിഫലിക്കട്ടെ ‘ എന്നു പറഞ്ഞു.

കവൈത്തിന്റെ അബ്ദുല്ല അല്‍ റഷീദിക്കു പ്രായം 60. ഷൂട്ടിങ്ങില്‍ സ്‌കീറ്റില്‍ അല്‍റഷീദി സ്വര്‍ണം നേടിയത് 60 ല്‍ 60 പോയിന്റ് നേടിയാണ്. പിന്തള്ളിയത് ഇന്ത്യയുടെ അംഗര്‍വീര്‍ സിങ് ബജ്വയെ.അംഗര്‍വീര്‍ സിങ് ജനിച്ചത് 1998 ല്‍ ആണ്. അതേ വര്‍ഷമാണ് അല്‍ റഷീദ് തന്റെ മൂന്നാം ലോക ചാംപ്യന്‍ഷിപ് സ്വര്‍ണം നേടിയത്. റിയോയിലും ടോക്കിയോയിലും ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. നാല് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ കുവൈത്ത് താരം ഏഴ് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ ദിവസവും പരിശീലനം, എക്‌സസര്‍സൈസ്, നീന്തല്‍, ഭക്ഷണം.തന്റെ വിജയ രഹസ്യം അല്‍ റഷീദി വെളിപ്പെടുത്തി.

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തെറ്റായി ഫൗള്‍ സ്റ്റാര്‍ട്ട് വിളിച്ചത് ജ്യോതി യരാജിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് അഞ്ജു ബോബി ജോര്‍ജ്.ചൈനീസ് താരത്തിന്റെ ഫൗള്‍ സ്റ്റാര്‍ട്ടിന് ജ്യോതികൂടി ബലിയാടാകുകയായിരുന്നു. ആദ്യം പുറത്താക്കാന്‍ ഒരുങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍ സ്റ്റാര്‍ട് പിഴച്ച താരത്തെയും ജ്യോതിയെയും മത്സരിപ്പിച്ചു. ജ്യോതി മൂന്നാമതും യഥാര്‍ഥ കുറ്റക്കാരി രണ്ടാമതും എത്തി. ഒടുവില്‍ ഇന്ത്യയുടെ പരാതി പരിഗണിച്ച ജൂറി ജ്യോതിക്ക് വെള്ളി നല്‍കാന്‍ തീരുമാനിച്ചു. ഈ സംഭവം ജ്യോതിയെ ഉലച്ചെന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചേനെയെന്നും അഞ്ജു പറഞ്ഞു.

ചൈനയില്‍ വന്നിട്ട് ആദ്യമായി ട്രാഫിക്ക് കുരുക്ക് അനുഭവപ്പെട്ടു. മീഡിയയ്‌ക്കുവേണ്ടീ അത് ലിറ്റുകള്‍ക്കുമുള്ള ബസുകള്‍ വരെ വഴിതിരിച്ചു വിട്ടു. അത്രയ്‌ക്കായിരുന്നു വാഹനങ്ങളുടെ ബാഹുല്യവും ജനത്തിരക്കും. ദേശീയ ദിനം ആഘോഷിക്കാന്‍ ജനങ്ങളെല്ലാം നിരത്തുകളിലും മോളുകളിലുമൊക്കെ നിരന്നതാണു കാരണം. രാത്രി വൈകിയും തിരക്കു കുറഞ്ഞില്ല. അവധി ആഘോഷിക്കുവാന്‍ വയോധികരും കുട്ടികളും പുറത്തിറങ്ങി. വൈകല്യമുള്ളവരെ വീല്‍ ചെയറുകളില്‍ എത്തിച്ചു.ദേശീയ ദിനം എല്ലാവര്‍ക്കും എന്നതായിരുന്നു ചൈനക്കാരുടെ ചിന്ത.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by