ചരിത്ര രചനയില്‍ കാലഗണനയെ കുറിക്കുന്നതിന് ക്രിസ്തുവിന്റെ ജനനത്തെ അവലംബമാക്കിയ ക്രിസ്തുവര്‍ഷം (ക്രിസ്തുവിന് മുന്‍പ്/ശേഷം) എന്ന കാലഗണനയെ മാത്രം ഉപയോഗിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? ഇതൊരു പ്രതിസന്ധിയാണ്. തീവ്രമായി ഇച്ഛിച്ചാല്‍ നമുക്ക് പരിഹരിക്കാവുന്ന കേവലം ഒരു സാങ്കേതിക നിസ്സഹായതയാണിത്. നമ്മള്‍ മാത്രമല്ല, ലോകത്തിലെ എല്ലാ സമൂഹങ്ങളെയും ബാധിക്കുന്ന കാലഗണനാ സങ്കേതത്തിലെ ഒരു പ്രശ്‌നമാണിത്.
കോളനിവത്കരണത്തിന്റെയും ക്രൈസ്തവവത്കരണത്തിന്റെയും ബീജസങ്കേതനമാണ് ഈ ക്രൈസ്തവ കാലഗണ. ലോകത്തിലെ വൈവിധ്യമാര്‍ന്ന എല്ലാ സമൂഹങ്ങള്‍ക്കും ക്രിസ്തുവിനെ പരാമര്‍ശിച്ചുകൊണ്ടേ തങ്ങളുടെ ചരിത്രം എഴുതാനാവൂ. ഇതുപോലെയുള്ള നിരവധി സങ്കേതങ്ങളെ ഉപയോഗിച്ചാണ് യൂറോപ്യന്‍ കോളനിവത്കരണം ലോകത്തിന്റെ മൊത്തം ചരിത്രത്തെ കോളനിവത്കരിച്ചതും, അധീശപ്പെടുത്തിയതും ചൂഷണം ചെയ്തതും, ഇന്നും മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതും.
ഭാരതത്തിന്റെ കോളനിവത്കരണത്തിന് കാലത്തിന് കുറുകെയുള്ള രണ്ട് തലങ്ങളുണ്ട്. ഒന്ന് 700 കളില്‍ ആരംഭിക്കുന്ന ഇസ്ലാമിക ആക്രമണത്തില്‍ തുടങ്ങുന്നത്. രണ്ട് ആധുനിക കാലത്തെ ക്രൈസ്തവ യൂറോപ്യന്‍ അധിനിവേശത്തില്‍ തുടങ്ങുന്നത്. ഇസ്ലാമിക അധിനിവേശം ആദ്യകാലത്ത് ആശയപരം ആയിരുന്നില്ല. അത് ഭൗതികമായ ആക്രമണവും കൊള്ളയും കൊലയും ആയിരുന്നു. യൂറോപ്യന്‍ അധിനിവേശകാലത്ത് അതിന് ഒരു ഇടവേളയുണ്ടായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ഇസ്ലാമിക കോളനിവത്കരണവും യൂറോപ്യന്‍ ക്രൈസ്തവ കോളനിവത്കരണവും ഇന്നും തുടരുന്നു. ഭാരതം സ്വാതന്ത്ര്യത്തിന്റെ ഒരു നൂറ്റാണ്ടിന്റെ അമൃതവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഭാരതം അതിന്റെ പരമവൈഭവത്തിലേക്ക് ഉയരുന്നതിന് രണ്ട് കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്ന് ഇസ്ലാമിക ആക്രമണവും ക്രൈസ്തവ-യൂറോപ്യന്‍ കോളനിവല്‍ക്കരണവും മൂലം ഭാരതത്തിലെ എല്ലാ മേഖലകളിലും മധ്യകാലം മുതല്‍ നിലച്ചുപോയ പരിഷ്‌കരണം അഥവാ നവീകരണം പുനരാരംഭിക്കണം, തുടരണം. രണ്ട്, പരിഷ്‌കരണത്തിന് തടസ്സം നില്‍ക്കുന്ന കൊളോണിയല്‍ ഘടകങ്ങളെ കുടഞ്ഞ് കളയണം. രണ്ടാമത്തേത് അപകോളണീകരണമാണ്. അപകോളനീകരണത്തിന്റെ ആദ്യപടി എങ്ങനെയാണ് നമ്മള്‍ കോളനിവത്കരിക്കപ്പെട്ടതെന്ന് അറിയലാണ്. അതിന് നമുക്ക് കോളനിവത്കരണത്തെക്കുറിച്ച് തലങ്ങും വിലങ്ങുമുള്ള സമഗ്രവിവരങ്ങള്‍ വേണം.
ഒരു തടാകത്തിന്റെ ആഴത്തില്‍ ഒരു വലിയ വിഷവൃക്ഷത്തിന്റെ ചുരുണ്ട് വ്യാപിച്ച വേരുകള്‍ പോലെയാണ് കൊളോണിയല്‍ വിഷപാമ്പുകള്‍ നമ്മുടെ ചരിത്രത്തിലും സാമൂഹിക ഉപബോധത്തിലും സംസ്‌കാരത്തിലും ചുരുണ്ട് കിടക്കുന്നത് കാളിയനെപ്പോലെ തലകള്‍ ഏറെയുണ്ടതിന്: ഭാരതത്തിന്റെ ഏകത്വത്തെ നിരസിക്കുന്ന അതിവൈവിധ്യവാദം, സത്യാവലംബമായ നീതിയെയും ധര്‍മത്തെയും നിഷേധിക്കുന്ന രാഷ്‌ട്രീയ ശരി എന്നിങ്ങനെ പല രൂപങ്ങളിലാണ് ഈ വിഷപാമ്പുകള്‍ ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദിയില്‍ വചനം ഉണ്ടായെന്ന് പറയപ്പെടുന്നപോലെ കോളോണിവല്‍ക്കരണത്തിന്റെ തുടക്കവും ഭാഷയിലാണ്. ഭാരതത്തിലെ ഭാഷകളിലെയും യൂറോപ്യന്‍ ചില പദങ്ങളില്‍ കാണുന്ന സാമ്യമാണ് തുടക്കം. ഈ സാമ്യം ബ്രിട്ടീഷ് നീതിന്യായ വിദഗ്ധനായിരുന്ന വില്യം ജോണ്‍സിന്റെ ശ്രദ്ധയില്‍ പെട്ടു. സംസ്‌കൃതത്തിലെ പിതാ, ഇംഗ്ലീഷിലെ ഫാതറും, ലാറ്റിനിലെ പിറ്ററും, ഗ്രീക്കിലെ പറ്റേറസും തമ്മിലെസാമ്യം. ജോണ്‍ സംസ്‌കൃതവും പഠിച്ചിരുന്നു. അതിലദ്ദേഹത്തിന് അഭിനിവേശം തന്നെ ഉണ്ടായിരുന്നു. ജോണ്‍സ് 1786 ല്‍ കല്‍ക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇങ്ങനെ നിരീക്ഷിച്ചു. ”താന്‍ ഭാരതത്തില്‍ കണ്ട സമ്പന്നമായ സംസ്‌കൃതത്തിനും യൂറോപ്യന്‍ ഭാഷകളായ ഗ്രീക്കിനും ലാറ്റിനും ഒരു പൂര്‍വഭാഷ ഉണ്ട്. അത് ഭാരതത്തിലാവണമെന്നില്ല.”
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയില്‍ ജോലി ചെയ്തിരുന്ന എ.സി. കാര്‍ലിയുടെ 1979 ലെ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ”ഞങ്ങള്‍ ബ്രിട്ടീഷ് യൂറോപ്യന്മാര്‍ ആര്യന്മാരാണ്, ഹിന്ദുക്കളേക്കാള്‍ വളരെ ശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാരാണ്; മാറിപ്പോയതും അധഃപതിച്ചതും ഹിന്ദുക്കളാണ്. അല്ലാതെ ഞങ്ങളല്ല. ആര്യന്‍ വംശത്തിന്റെ ഉപരിവര്‍ഗ്ഗമാണ് നമ്മള്‍. ഹിന്ദു കാപ്പിയിലെ കരട് പോലെ ആയി മാറിയിരിക്കുന്നു.
മോണിയര്‍ വില്യംസ് വില്യം ജോണ്‍സ്
കുരുങ്ങുകളെപ്പോലെയാണ് ഹിന്ദുക്കള്‍, രോമങ്ങളില്ലാതെ വെളുത്ത തൊലിയുള്ളതിനാല്‍ ചിലരോട് അവര്‍ അവജ്ഞയോടെ പെരുമാറുന്നത്. കറുത്ത ആദിമനിവാസികളോട് ചേര്‍ന്ന് ഹിന്ദു നാറി മുഷിഞ്ഞ മണ്‍പാത്രമായി മാറിയിരിക്കുന്നു.” ആരായിരുന്നു ഈ ബ്രിട്ടീഷ് ആര്യന്മാര്‍? ക്രിസ്ത്യാനികള്‍. അതായത് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ മൂശയിലാണ് ഇന്തോ ആര്യന്‍ സിദ്ധാന്തം രൂപപ്പെടുത്തിയത്.
തെളിവുകള്‍ ഓരോന്നും നിരത്തുന്നുണ്ട്. ഏദന്‍തോട്ടത്തില്‍ നിന്നു തുടങ്ങുന്നതാണ് ഭാഷയുടെ വംശാവലി. സംസ്‌കൃതത്തിന്റെ ഗരിമയെ ഇന്തോയൂറോപ്യനെന്ന വലിയ ഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുത്തി സംസ്‌കൃതത്തിനെയും ഭാരതത്തിലെ ഇന്തോ യൂറോപ്യന്‍ ഭാഷകളെയും യൂറോപ്യന്‍ ഭാഷകള്‍ക്ക് താഴെ പ്രതിഷ്ഠിച്ചു. ഭാഷകളെ മാത്രമല്ല; മനുഷ്യരെയും. തന്റെ രണ്ടാം പ്രഭാഷണത്തില്‍ ജോണ്‍സ് പറയുന്നതിങ്ങനെയാണ് ”ഏഷ്യയില്‍ യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ചും ഈ രാജ്യങ്ങളിലെ സാഹിത്യവുമായി പരിചയമുണ്ടെങ്കില്‍, യൂറോപ്യന്‍ പ്രതിഭകളുടെ മികവിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. തീര്‍ച്ചയായും ഈ നിരീക്ഷണത്തിന് അലക്‌സാണ്ടറുടെ കാലത്തോളം പഴക്കമുണ്ട്.” ഒമ്പതാമത്തെ പ്രഭാഷണത്തിലിങ്ങനെ ജോണ്‍സ് ഇങ്ങനെ പറയുന്നു. ”പടിഞ്ഞാറന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യക്കാര്‍ കുട്ടികളാണ്.” ഏതാണ്ട് തന്റെ ഒമ്പതാമത്തെ പ്രഭാഷണത്തിലെത്തുമ്പോള്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഗുണങ്ങളൊന്നും ഉള്‍ക്കൊള്ളാത്ത ക്രൈസ്തവ വിശ്വാസത്തിന്റെ പൂര്‍ണ ഇരയായ ഒരു ജോണ്‍സിനെയാണ് ഹരി വെളിവാക്കുന്നത്. അതായത്, ഇന്തോ യൂറോപ്യന്‍ ഭാഷാസിദ്ധാന്തം ക്രൈസ്തവ സത്താവാദത്തില്‍ രൂപപ്പെട്ട യൂറോപ്യന്‍ വംശീയതയാണ്.
ഇവിടേക്ക് വന്നവരെല്ലാം, നമ്മളെ പഠിച്ചവരെല്ലാം, ക്രൈസ്തവ മിഷനറിമാരായിരുന്നു. ബ്രിട്ടീഷ് ബാപിസ്റ്റ് മിഷനറി ആയിരുന്ന വില്യംകാരി, സ്‌കോട്ട്‌ലന്റ് മിഷനറി ആയിരുന്ന അലക്‌സാണ്ടര്‍ ഡഫ് അങ്ങനെ പോകുന്നു നിര. എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു ഭാരതത്തിന്റെ സമ്പൂര്‍ണ ക്രൈസ്തവവല്‍ക്കരണം. അതിന് ഭാരതത്തിന്റെ സാംസ്‌കാരികമായ ഏകത്വത്തെ ദുര്‍ബലപ്പെടുത്തണമായിരുന്നു. അങ്ങനെയാണ് ഹിന്ദുക്കളായ ഇന്തോ ആര്യന്മാരെ ഭാരതത്തിലേക്ക് ആക്രമിച്ച് കയറിയ അന്യരായും, ഭാരതത്തിലെ തനത് നിവാസികളായി ഇന്തോ ആര്യന്‍ ഇതരഭാഷകള്‍ സംസാരിക്കുന്ന ദ്രാവിഡരെന്ന ഒരു ഭാഷാ കുടുംബത്തെയും രൂപപ്പെടുത്തിയത്. അങ്ങനെ ദ്രാവിഡര്‍ ഇരകളും, ഇന്തോ ആര്യന്മാര്‍ വേട്ടക്കാരുമായി. അങ്ങനെ ഭാരതചരിത്രത്തില്‍ ഹിന്ദുവിനെ പുറത്തുനിന്ന് ആക്രമിച്ച് കയറിയ വേട്ടക്കാരനായും മറ്റുള്ളവരെ തദ്ദേശീയരായ ഇരകളായും ആഖ്യാനം വികസിപ്പിച്ചു. ഈ ആഖ്യാനമാണ് ആധുനിക ഭാരതത്തിന്റെ ചരിത്രരചനയുടെ അടിസ്ഥാനം. ഭാരതത്തെ യൂറോപ്പുമായി താരതമ്യം ചെയ്ത് അസ്പൃശ്യമാക്കി ഭാരതത്തിനകത്ത് തന്നെ അസ്പൃശ്യരെ നിര്‍മിച്ചെടുക്കുകയായിരുന്നു കൊളോണിയല്‍ ഓറിയന്റിലിസം.
അതേ കാലത്ത് തന്നെ യൂറോപ്യരുമായി ഇന്തോ ആര്യന്‍ സിദ്ധാന്തത്തിലൂടെ സമീകരിക്കുന്നവരെക്കുറിച്ചും ഹാരി പറയുന്നുണ്ട്. ഭാരതീയനായ ഒക്‌സ്‌ഫോര്‍ഡില്‍ പഠിച്ച കൃഷ്ണമോഹന്‍ ബാനര്‍ജി 1875 ല്‍ പ്രസിദ്ധീകരിച്ച ആര്യന്‍ വിറ്റ്‌നസ്സ് എന്ന പുസ്തകത്തിലെ പരാമര്‍ശം ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു ”ബൈബിളിന്റെ പഴയനിയമത്തെയും വേദങ്ങളെയും താരതമ്യം ചെയ്തിട്ട് ക്രിസ്തുമതം വൈദികഹിന്ദുമതത്തിന്റെ സ്വാഭാവിക അവസാനം എന്നുവരെ പഠിച്ച് അവതരിപ്പിച്ചു. ആര്യന്മാരുടെയും അബ്രഹാമിന്റെയും ഉത്സഭവസ്ഥലം ഒന്നാണ്.” ആ ഉത്ഭവസ്ഥലം ഭാരതം ആയിരുന്നില്ല. അതുകൊണ്ട്, ഹിന്ദുക്കളും ഇന്ത്യക്കാര്‍ അല്ല. ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍ അല്ലെങ്കില്‍ ആരാണ്? ക്രിസ്തുമതം സ്വീകരിക്കേണ്ടവരാണ്. അതിനുവേണ്ടിയായിരുന്നു അവര്‍ ഭാരതത്തെ പഠിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലഫ. കേണല്‍ ജോസഫ് ബോഡന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഒരു പ്രൊഫസര്‍ ചെയര്‍ സ്ഥാപിച്ചു. ആ ചെയറിന്റെ ഉദ്ദേശം ഇങ്ങനെയാണ്. ”സംസ്‌കൃതത്തിലെ വേദങ്ങളുടെ വിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനെ ചെയ്യാന്‍ തന്റെ നാട്ടുകാരെ പ്രാപ്തരാക്കുക.” പ്രത്യേകം ശ്രദ്ധിക്കുക ബോഡന്റെ നാട്ടുകാരെ പരിവര്‍ത്തനത്തിന് കഴിവുള്ളവരാക്കാനായിരുന്നു. ആ ചെയറിലേക്ക് വന്ന മൊനിയെര്‍ വില്യസിനെയാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്. യൂറോപ്യന്മാരും ഹിന്ദുക്കളും പണ്ടെങ്ങോ പിരിഞ്ഞുപോയ സഹോദരന്മാരായി ആണ് വില്യംസ് നിരീക്ഷിച്ചത്.
അടുത്ത പണ്ഡിതന്‍ ഭാരതീയ സംസ്‌കൃത സംസ്‌കൃതയെ നേരിട്ടറിഞ്ഞത് മാക്‌സ് മുള്ളറായിരുന്നു. ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ മാക്‌സ്മുള്ളര്‍ വിവരിക്കുന്നുണ്ട്. ”ശത്രുരാജ്യത്തെക്കുറിച്ചുള്ള അറിവെന്നപോലെ പ്രധാനമാണ് പരിവര്‍ത്തനം ചെയ്യപ്പെടേണ്ടവരെക്കുറിച്ചുള്ള അറിവും.” അതിനുകൂടെയാണ് അദ്ദേഹം സംസ്‌കൃത കൃതികള്‍ പഠിച്ചതും വിവര്‍ത്തനം ചെയ്തതും. കല്‍ക്കത്ത കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരും ഭാഷാപഠിതാക്കളും സംസ്‌കൃതത്തെ കേന്ദ്രമായി ആഖ്യാനങ്ങള്‍ മെനഞ്ഞപ്പോള്‍, മദ്രാസ് പ്രസിഡന്‍സിയില്‍ ഫ്രാന്‍സിസ് വൈറ്റ് എല്ലീസും ബഷിയും ബിഷപ്പ് റോബര്‍ട്ട് കാള്‍ഡ്വെല്ലും തമിഴിനെ കേന്ദ്രീകരിച്ച് ഒരു ‘പൂര്‍വ്വ ആര്യന്‍ ഹിന്ദു ഇതര ദ്രാവിഡ ഇന്ത്യ’ മെനഞ്ഞെടുക്കുകയായിരുന്നു.
ഭാരതത്തെ അസ്പൃശ്യമാക്കിയ ഈ കൊളോണിയല്‍ പാരമ്പര്യത്തെ വര്‍ത്തമാനകാലത്തും തുടരുകയാണ്. സിന്ധു നാഗരികതയെ ആക്രമിച്ച് ഇല്ലാതാക്കി ഇന്ത്യയിലേക്ക് ക്രിസ്തുവര്‍ഷം 1500 ഓടെ ആക്രമിച്ച് കയറിയ എന്ന ആര്യന്‍ ആഖ്യാനത്തെ അവതരിപ്പിക്കുന്ന പ്രൊഫസര്‍ ടി.കെ. ഉമ്മനില്‍ തുടങ്ങുന്ന ഒരു വലിയ നിരയുണ്ട്. ക്രൈസ്തവ മതപരിവത്തന താത്പര്യത്തിന്റെ ഏറ്റവും സജീവമായ വാദമാണ് ആര്യന്‍ അധിനിവേശ ആഖ്യാനം. മതപരിവര്‍ത്തനം ചെയ്ത് ക്രൈസ്തവരും മുസ്ലിങ്ങളും ആയവരാണ് ഭാരതത്തിന്റെ പ്രധാനാവകാശികളെന്നും അധിനിവേശത്തിലൂടെ ഇവിടെയെത്തിയ ആര്യന്‍ ഹിന്ദുക്കളല്ല ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നുവരെ പോകുന്നു.
കൊളോണിയല്‍ അധിനിവേശത്തെ ന്യായീകരിക്കുന്നതിനായി രൂപപ്പെടുത്തിയ ഇന്തോ ആര്യന്‍ ആഖ്യാനം. കൊളോണിയല്‍ അധീശത്വത്തിന് ശേഷവും ക്രൈസ്തവവത്കരണത്തെ സഹായിക്കുന്ന മുഖ്യ ആഖ്യാനം ആയതെന്ന് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങളെ അവതരിപ്പിക്കുന്നു. ദ്രാവിഡഭാഷകള്‍ സംസാരിക്കുന്നവരെയും, ദളിത പിന്നാക്ക വിഭാഗങ്ങളെയും ഹിന്ദുമത വിരുദ്ധമായി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഈ ഇന്തോ ആര്യന്‍ ആഖ്യാനത്തിന്റെ ഉപോത്പന്നമായ ബ്രാഹ്മണ വിരോധമാണ്. അതായത്, ഒരു സംസ്‌കൃതിയുടെ ഏകതയെ നെടുകെയും കുറുകെയും പിളര്‍ക്കുക ആയിരുന്നു ബ്രിട്ടീഷുകാരും പാതിരിമാരും തുടര്‍ന്ന് ഇടത് ചരിത്രകാരന്മാരും. രാഷ്‌ട്രീയമായി ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ച ഭാരതത്തെക്കാള്‍ വളരെ ആഴത്തില്‍ സാംസ്‌കാരികമായും പൊതു സ്വത്വബോധത്തിലും നെടുകെ പിളര്‍ന്ന ഇന്ത്യ ആയിരുന്നു സ്വതന്ത്ര ഇന്ത്യ. മുറിച്ച് കൊടുത്തപ്പോള്‍ നമുക്ക് കിട്ടിയ ഇന്ത്യയില്‍ നിറയെ മുറിവുകളായിരുന്നു. വിഭജനം നടന്നത് നമ്മളുടെ ചരിത്രബോധത്തിലായിരുന്നു.
എത്ര തെളിവുകളോടെ ചോദ്യം ചെയ്യപ്പെട്ടിട്ടും ആര്യന്‍ അധിനിവേശ വാദം ഇന്നും ക്രൈസ്തവ മിഷനറിമാരും ഇടത് ചരിത്രകാരന്മാരും ദളിത് ബുദ്ധിജീവികളും പ്രചരിപ്പിക്കുന്നുണ്ട്. ടി.കെ. ഉമ്മനെപ്പോലുള്ള ക്രൈസ്തവ മതവാദികളും ദ്രാവിഡ മുന്നേറ്റ കഴകം പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും ഇന്നും ഈ കൊളോണിയല്‍ അധിനിവേശ വാദത്തെ ശക്തിപ്പെടുത്തുന്നു കൊണ്ടുനടക്കുന്നു. അതിന്റെ പ്രാദേശിക പതിപ്പാണ് കട്ട് സൗത്ത് ഇന്ത്യാ എന്ന വിഘടനവാദം. എന്നാല്‍ 3500 ത്തോളം സംവത്സരം പഴക്കമുള്ള ഭാരതീയ ഭാഷകളും സംസ്‌കാരവും സംസ്‌കൃതിയും അഭംഗുരം ഇന്നും നിലനില്‍ക്കുന്നു. അതാണ് നമ്മുടെ ശക്തി. എത്ര നെടുകെ പിളര്‍ത്തിയാലും അഥവാ പൂര്‍ണത്തില്‍നിന്നും എത്ര പൂര്‍ണമെടുത്താലും അവശേഷിക്കുന്ന ഭാരതത്തിന്റെ അഭംഗുരമായ പൂര്‍ണത.
(കേരള കേന്ദ്ര സര്‍വകലാശാല ഭാഷാ ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: