‘ശ്രുയതാം ധര്‍മസര്‍വസ്വം
ശ്രുത്വാ ചാപ്യവധാര്യതാം
ആത്മനപ്രതികൂലാനി
പരേഷാം നമാചരേത്’
മഹാഭാരതത്തിന്റെ ഒടുവില്‍ സ്വര്‍ഗാരോഹണ പര്‍വത്തില്‍ നിന്നുള്ളതാണ് ഈ ശ്ലോകം. പതിനെട്ടുപുരാണങ്ങളുടെയും കര്‍ത്താവായി കരുതുന്ന വ്യാസന്റെ ഉപദേശമാണിത്. ധര്‍മത്തിന്റെ സാരസര്‍വസ്വം അദ്ദേഹം തന്റെ പുത്രന്‍ ശുകന് പറഞ്ഞു കൊടുക്കുന്നു.
”ധര്‍മത്തിന്റെ സാരസര്‍വസ്വം ഇനി ഞാന്‍ പറയാം. അത് നീ ശ്രദ്ധിച്ചു കേള്‍ക്കൂ. അത് വേണ്ടവണ്ണം ഉള്‍ക്കൊള്ളണം. നമുക്ക് അനിഷ്ടമായി തോന്നുന്നത് അന്യന്മാര്‍ക്ക് ഒരിക്കലും ചെയ്യരുത്.” ഇത്രയുമാണ് അച്ഛന്‍ മകന് കൊടുക്കുന്ന ഉപദേശം.
ധര്‍മം എന്താണെന്ന് അനേകം സന്ദര്‍ഭങ്ങളില്‍ മഹാഭാരതത്തില്‍ വിവരിക്കുന്നുണ്ട്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്നതേതോ അതാണ് ധര്‍മമെന്ന് പദത്തിന്റെ അര്‍ഥം. നമുക്ക് അഭ്യുദയവും ശ്രേയസ്സും നല്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ തന്നെയാണ് ധര്‍മം. സത്യവും അഹിംസയും ധര്‍മത്തിന്റെ രണ്ടു പാദങ്ങളാണ്. സത്യത്തിനു പരമപ്രാധാന്യം കൊടുക്കണം. അതു മാത്രമേ ജയിക്കൂ എന്ന സത്യം നാം ഒരിക്കലും മറക്കരുത്.
വ്യക്തിയും സമൂഹവും രാഷ്‌ട്രവും നിലനില്ക്കണമെങ്കില്‍ ജനങ്ങള്‍ക്കു ധര്‍മബോധം ഉണ്ടാകണം. കുട്ടികളില്‍ ധര്‍മബോധം ജനിപ്പിക്കുകയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
വ്യാസമഹര്‍ഷിയുടെ ഉപദേശം ഫലവത്താകണമെങ്കില്‍ സമൂഹത്തിന്റെ മനസ്സില്‍ സാരമായ മാറ്റം ഉണ്ടാകണം. നമുക്ക് അഹിതമായിട്ടുള്ളത് മറ്റുള്ളവര്‍ക്ക് ഒരിക്കലും ചെയ്യരുത്. ‘പരേഷാം നമാചരേത്’ എന്ന് പുത്രന് മഹര്‍ഷി നല്കുന്ന ഉപദേശം നമ്മുടെ മക്കള്‍ക്കു കൊടുക്കാന്‍ നമ്മളും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: