മനുഷ്യരെ പരസ്പരം അകറ്റിനിര്‍ത്തുന്നതും, തമ്മിലടിപ്പിക്കുന്നതും അവന്റെ സ്വാര്‍ത്ഥതയാണ്. എല്ലാം തനിക്കുമാത്രം എന്ന ചിന്ത എപ്പോള്‍ ഉടലെടുക്കുന്നുവോ അപ്പോള്‍ മുതല്‍ അവന്‍ വിനാശകാരിയായി ഭവിക്കുന്നു. മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുവാന്‍ അത്തരക്കാരുടെ ഇടുങ്ങിയ മനസ്സിന് സാധിക്കാതെ വരുന്നു.
ഒരേകാധിപതി ചെയ്യുന്ന പ്രവൃത്തികളെല്ലാം അയാളുടെ, സ്വാര്‍ത്ഥതയുടെ പ്രതിഫലനമാകുന്നു. സ്വാര്‍ത്ഥത കൊണ്ട് അന്ധരായവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് പലപ്പോഴും അവര്‍ പോലുമാറിയാറില്ല.
സാകേതപുരിയെ കണ്ണീര്‍ക്കടലില്‍ ആഴ്‌ത്തിക്കളഞ്ഞത് മഹാറാണി കൈകേയിയുടെ സ്വാര്‍ത്ഥത ഒന്നു മാത്രമാണ്. സകല സുഖഭോഗങ്ങളോടെ രാജാദശരഥന്റെ പട്ടമഹിഷിമാരില്‍ ഏറ്റവും പ്രിയമുള്ളവളായി കഴിയുമ്പോഴും ഉള്ളിന്റെ ഉള്ളിലെ സ്വാര്‍ത്ഥചിന്തകള്‍ ഒരുനാള്‍ ചിറകടിച്ചുയര്‍ന്നു. തോഴി മന്ഥരയുടെ കുല്‍സിതബുദ്ധി അവളില്‍ ഉറങ്ങിക്കിടന്നിരുന്ന സ്വാര്‍ത്ഥതയെ തട്ടിയുണര്‍ത്തി. തൊഴിയുടെ വാക്കുകള്‍ അതേപടി അനുസരിച്ചു പ്രവര്‍ത്തിക്കാനും റാണി കൈകേയിക്ക് ഒരു ശങ്കയുമുണ്ടായില്ല. ഇന്ന് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങള്‍ ഭാവിയില്‍ തനിക്കപ്രാപ്തമാകുമോ എന്ന ചിന്ത അവരെ തന്‍കാര്യം നേടുന്നതിന് പ്രേരിപ്പിച്ചു.
സുഖശീതളമായ അന്തരീക്ഷത്തില്‍ കൈകേയിയുടെ വാക്കുകള്‍ കാട്ടുതീയായി പടര്‍ന്നു കയറി, അയോദ്ധ്യാരാജ്യത്തെ മുഴുവനായി എരിച്ചു കളഞ്ഞു. ദശരഥമഹാരാജന്‍ തന്റെ മൂത്തപുത്രനും പ്രാണന്റെ പ്രാണനുമായ രാമകുമാരന് രാജ്യാധികാരം നല്‍കുവാന്‍ തീരുമാനിച്ച് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കൈകേയി തന്റെ സ്വാര്‍ത്ഥമുഖം പ്രകടിപ്പിച്ചത്. സ്വന്തം മകനായ ഭരതന്‍ രാജാവാകണമെന്നസ്വാര്‍ത്ഥതയേക്കാള്‍ ക്രൂരമായിരുന്നു രാമനെ ഒഴിവാക്കാന്‍ വേണ്ടി അവള്‍ പറഞ്ഞ ഉപായം.ഇന്നലെ വരെ ഒരേ മനസ്സോടെ കഴിഞ്ഞിരുന്നവര്‍ പെട്ടന്ന് പല തട്ടുകളിലായി ചേരി മാറി ആക്രമിക്കുന്നത്, മനുഷ്യ മനസ്സിന്റെ ഒടുങ്ങാത്ത ദുരയും സ്വാര്‍ത്ഥതയും കൊണ്ടാണ്. ഒന്നും മറ്റുള്ളവര്‍ക്കായി ത്യജിക്കാന്‍ തയ്യാറല്ലാത്തവര്‍ സഹജീവികള്‍ക്കു കൂടി സങ്കടം വരുത്തിവക്കുന്നു.
തനിക്കെല്ലാം വേണംഎന്ന മനോഭാവം ഉള്ളവര്‍, മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും തങ്ങളുടെ തീരുമാനത്തില്‍ കടുകിടമാറ്റം വരുത്തുകയില്ല.തന്റെ പുത്രന്‍ നിഷ്‌ക്കണ്ടകമായ അയോദ്ധ്യാരാജ്യത്തിന്റെ പതിയാകണമെന്ന് കൈകേയി ആശിച്ചത്, രാജപത്‌നി എന്നതിലപ്പുറം താന്‍ രാജമാതാവുകൂടിയാകണം എന്ന അതിമോഹം ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. രാമന്‍ രാജസിംഹാസനത്തിലേറിയാല്‍ രാമന്റെ മാതാവ് കൗസല്യ, രാജമാതാവെന്ന പദവിക്കു കൂടി അര്‍ഹയാകുമെന്ന ചിന്ത കൈകേയിയെ അലോരസപ്പെടുത്തി. തന്നെക്കാള്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കോസലത്തില്‍ മറ്റാര്‍ക്കും ഉണ്ടാകാന്‍ പാടില്ലായെന്ന സ്വാര്‍ത്ഥചിന്തയാല്‍ പിന്നീടുണ്ടാകാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാന്‍ പോലും അവള്‍ക്കായില്ല.
രാത്രിയില്‍ രാമനെ പിരിഞ്ഞിരിക്കുമ്പോള്‍ നീറുന്ന പിതൃഹൃദയം, രാമ വിയോഗത്താല്‍ നിശ്ചലമാകുമെന്നും, താന്‍ വൈധവ്യത്തിനിരയാകുമെന്നും അയോദ്ധ്യാനിവാസികള്‍ തന്നെ കുറ്റപ്പെടുത്തുമെന്നും ഒന്നും അവള്‍ ചിന്തിച്ചതേയില്ല. മകന്‍ രാജാവും താന്‍ രാജമാതാവുമാകുന്നു എന്നുള്ളാലെയവള്‍ സന്തോഷിച്ചിരുന്നു. അവളുടെ വാക്കുകള്‍ കോസലേന്ദ്രന്‍ ഒരിക്കലും തട്ടിക്കളഞ്ഞിട്ടില്ല. അവള്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍പോലും ആര്‍ക്കും സാധിക്കുമായിരുന്നില്ല. ഇനിയും അങ്ങനെതന്നെയാകണം അവസ്ഥകളെന്നവളാഗ്രഹിച്ചു. തന്റെ അധികാരത്തിനും സ്ഥാനത്തിനും മേലെ ആരെങ്കിലും ഉണ്ടാകുന്നത് സഹിക്കുവാന്‍ അവള്‍ക്കാകുമായിരുന്നില്ല.
രാമന്‍ പത്‌നീസമേതം രാജ്യം വിട്ടുപോയപ്പോള്‍ കൈകേയിക്കതിയായ ആശ്വാസമാണനുഭവപ്പെട്ടത്. തന്റെ മകനിനി വെല്ലുവിളികളൊന്നുമുണ്ടാവില്ലല്ലോ. എല്ലാം താന്‍ വരച്ച വരയിലൂടെ നടന്നുകഴിഞ്ഞു എന്നവളഭിമാനിച്ചു.
ഏറെ പ്രതീക്ഷയോടെ സ്വന്തം സ്വാര്‍ത്ഥതാ പൂരണത്തിനായി ചെയ്തതെല്ലാം കോസല റാണി കൈകേയിക്കു വിനയായി ഭവിച്ചു. ദുഃഖവും അശാന്തിയും, സപത്‌നിമാരുടെ മനഃസ്താപവും മാത്രമായിരുന്നു അവള്‍ക്കു ലഭിച്ച കൈനീട്ടങ്ങള്‍. അതുപോലെ,ഒരു വ്യക്തിയുടെ സ്വാര്‍ത്ഥത എങ്ങനെയൊരു കുലം മുടിക്കുന്നതെന്ന് ശൂര്‍പ്പണഖയില്‍ നിന്നും നാം പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.
എന്നാല്‍രാമസുഗ്രീവന്മാരെ സേവിക്കുമ്പോള്‍ യാതൊരു സ്വാര്‍ത്ഥമോഹങ്ങളും ഹനുമാനു മനസ്സിലുണ്ടായിരുന്നില്ല. നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റേയും, ഭക്തിയുടേയും ഉദാത്ത മാതൃകയാണ് മാരുതി. രാവണനോടെതിരിട്ട് മരണം വരിച്ച പക്ഷിശ്രേഷ്ഠന്‍ ജടായുവും നിസ്വാര്‍ത്ഥതയുടെ മറ്റൊരു പ്രതീകമാണ്.
ഓരോ മനുഷ്യരും ഓരോ രാജ്യവും തന്‍ കാര്യം മാത്രം നേടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കും നഷ്ടപ്പെടുവാന്‍ പലതുമുണ്ടാവുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇന്ന്‌പൊതുവെ പല വീടുകളിലും സഹോദരങ്ങള്‍പോലും കടുത്ത സ്വാര്‍ത്ഥതയോടെയാണ് പെരുമാറുന്നത്.സ്വാര്‍ത്ഥചിന്തയില്ലാത്ത കുടുംബാംഗങ്ങള്‍ വസിക്കുന്നിടത്ത് ശാന്തിയും സമാധാനവും നിറഞ്ഞ്,ഐശ്വര്യം കളിയാടുന്നു.
വളരെ ചെറുപ്പത്തിലേ കുട്ടികളില്‍ സ്വാര്‍ത്ഥതയുടെ പ്രതിഫലനം കാണാവുന്നതാണ്. ഇന്നു കാണുന്ന അസ്വസ്ഥതകള്‍ക്കു കാരണം ഒരു പരിധിവരെ മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്. കുട്ടിക്കാലം മുതലേ കുഞ്ഞുങ്ങളില്‍ സ്വാര്‍ത്ഥചിന്ത തലപൊക്കാതിരിക്കുവാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിസ്വാര്‍ത്ഥകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ കുട്ടികളെ നമ്മള്‍ പ്രാപ്തരാക്കണം. എന്റെ, എനിക്ക്, എന്നല്ലാ, നാം നമ്മള്‍ എന്നചിന്ത അവരിലുണരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക