ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകളുടെ രാജകാലമാണിത്. പോഷകഗുണത്തിലും രോഗപ്രതിരോധ ശക്തിയിലും രുചിയിലുമൊക്കെ കേമന്മാരായ ചെറുധാന്യങ്ങളുടെ രാജകാലം. ഗോതമ്പ്, ചോളം തുടങ്ങിയ കരുത്തരുടെ മുന്നില്‍ തലകുനിച്ചു നിന്ന തിനയും റാഗിയും ചെനയും സാവയും കോഡോയും സല്‍ഹാറുമൊക്കെ ഇന്ന് ലോകപോഷണ വേദിയിലെ താരങ്ങളാണ്. അവര്‍ക്ക് സ്വയം പോറ്റമ്മയായി മാറിയ ലാഹരിഭായിയാവട്ടെ പ്രശസ്തിയുടെ കൊടുമുടിയിലും.
ചെറുധാന്യങ്ങളുടെ മഹാരാജ്ഞി (മില്ലറ്റ് ക്യൂന്‍) എന്ന് വിളിപ്പേരു കിട്ടിയ ലാഹരിയെ നാം തീര്‍ച്ചയായും അറിയേണ്ടതുണ്ട്. ലാഹരിയെന്ന 27 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ അറിയണമെങ്കില്‍ നാം മധ്യപ്രദേശിലെ ദിന്തൂരി ജില്ലയിലെത്തണം. അവിടെ സാല്‍പതി ഗ്രാമത്തില്‍ മണ്ണുകൊണ്ടുണ്ടാക്കിയ ചെറുകുടിലില്‍ ആണ് അവളുടെ ജീവിതം. ആ കുടിലില്‍ ആകെയുള്ളത് രണ്ട് മുറികള്‍. ഒന്നില്‍ ലാഹരിയും അച്ഛനമ്മമാരും. മറ്റേ മുറിയിലാണ് ചെറുധാന്യങ്ങളുടെ ജനകീയ ജീന്‍ ബാങ്കിന്റെ ഇരിപ്പിടം.
ആദ്യത്തെ മുറിയില്‍ അടുപ്പും പാത്രങ്ങളും വസ്ത്രങ്ങളും പായും തലയണയുമൊക്കെയാണെങ്കില്‍ രണ്ടാമത്തെ മുറിയില്‍ നിറയെ മണ്‍ഭരണികളാണ്. വംശനാശ ഭീഷണിയെ അഭിമുഖീകരിക്കുന്ന 150 ല്‍പരം ചെറുധാന്യങ്ങളുടെ വിത്തുകളഉടെ അമൂല്യശേഖരം!
പരമ്പരാഗത ചികിത്സകരായ ബൈഗ ഗോത്രത്തില്‍ ജനിച്ച ലാഹരിക്ക് മില്ലറ്റുകളെ പരിചയപ്പെടുത്തിയത് അമ്മൂമ്മയാണ്. അങ്ങനെ അവള്‍ ചെറുധാന്യങ്ങളെ സ്‌നേഹിച്ചു തുടങ്ങി. കേവലം 17-ാം വയസ്സില്‍ അവരുടെ സംരക്ഷണം സ്വന്തം ജീവിതലക്ഷ്യമായി സ്വീകരിച്ചു. കാട്ടിലും നാട്ടിലും അയല്‍ഗ്രാമങ്ങളിലും അലഞ്ഞ് തിരിഞ്ഞ് ചെറുധാന്യങ്ങളുടെ വിത്തുകള്‍ തേടിപ്പിടിച്ചു. കല്യാണം കഴിച്ച് കുട്ടികളെ പോറ്റേണ്ട കാലത്ത് ധാന്യമണികള്‍ തേടിയലഞ്ഞ ലാഹരിയെ ഗ്രാമീണര്‍ കളിയാക്കി. അപവാദം പറഞ്ഞു. പക്ഷേ അതൊന്നും അവളെ തളര്‍ത്തിയില്ല.
ആ യാത്ര അവളെയെത്തിച്ചത് റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥിയുടെ കസേരയിലേക്കാണ്. ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ എന്ന പദവിയിലേക്കാണ്. ജി-20 ഉന്നതതല യോഗത്തിന് ഭാരതത്തിലെത്തിയ വിദേശരാജ്യ പ്രതിനിധികള്‍ക്കുമുന്നില്‍ ചെറുധാന്യങ്ങളുടെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന ദൗത്യവും ലാഹരി ഏറ്റെടുത്തിരിക്കുന്നു. ഇത്തവണത്തെ ബജറ്റില്‍ ‘ശ്രീ അന്നം’ എന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ വിശേഷിപ്പിച്ച ചെറുധാന്യങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കുന്ന ദൗത്യവും ലാഹരി ഏറ്റെടുത്തു. തന്റെ ബീജശേഖരത്തില്‍ നിന്ന് താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് അവര്‍ ഒരു കിലോ വിത്ത് നല്‍കും. വിളവെടുക്കുമ്പോള്‍ അത് ഒന്നരകിലോഗ്രാമായി തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയില്‍… അങ്ങനെ ലാഹരിയുടെ വിത്തുകള്‍ 54 ഗ്രാമങ്ങളിലെ കൃഷിക്കാര്‍ നട്ടുനനച്ച് വിളവെടുക്കുന്നു. ഒരിക്കലും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ലാഹരി ചെറുധാന്യങ്ങളുടെ കൃഷിയിലും സംരക്ഷണത്തിലും മഹാഗുരുവാണിന്ന്.
ഇത്രയേറെ തിരക്കുണ്ടെങ്കിലും സ്വന്തം കുടുംബത്തിന്റെ അഷ്ടിക്കു വക കണ്ടെത്താന്‍ ലാഹരി പണിയെടുക്കുന്നുണ്ടെന്നും നാം അറിയുക. വിറക് അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ഒരു തൊഴിലാളി കൂടിയാണവര്‍. അതില്‍നിന്ന് ലഭിക്കുന്ന പ്രതിമാസ വേതനം കേവലം 3000 രൂപ മാത്രം.
മഴ കുറവുള്ള വരണ്ട പ്രദേശങ്ങളില്‍ പോലും സമൃദ്ധമായി വളരുന്ന പോഷക സമൃദ്ധമായ മില്ലറ്റുകള്‍ കര്‍ഷകന് ഭക്ഷണവും കാലിത്തീറ്റയും ജൈവ ഇന്ധനവുമൊക്കെ പ്രദാനം ചെയ്യുന്നു. ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാവുന്ന അനീമിയ, വിറ്റമിന്‍ കുറവ് മൂലമൂണ്ടാകുന്ന അനീമിയ. വിറ്റമിന്‍ കുറവ് മൂലമുണ്ടാവുന്ന നിയസിന്‍ എന്നിവയ്‌ക്കു പുറമെ ജീവിതശൈലി രോഗങ്ങള്‍ക്ക് തടയിടാനും മികച്ച ഫൈബര്‍ ഭക്ഷണമൊരുക്കാനും ചെറുധാന്യങ്ങള്‍ കര്‍ഷകരെ സഹായിക്കുന്നു. പ്രമേഹത്തെ ചെറുക്കാനും ഹൃദയാരോഗ്യം പരിരക്ഷിക്കാനും അവ നമ്മെ സഹായിക്കുന്നു. മാംസ്യം, ജീവകങ്ങള്‍, പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമായ ചെറുധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ലോകത്ത് ഏറ്റവും മുന്നിലാണ് ഭാരതം. 2020 ലെ കണക്കനുസരിച്ച് ലോക ചെറുധാന്യ ഉല്‍പ്പാദനത്തിന്റെ 41 ശതമാനവും നമ്മുടെ രാജ്യത്തിന്റെ സംഭാവനയാണ്. അമേരിക്കയിലേക്കും അറബ് നാടുകളിലേക്കും ഒക്കെ നാം മില്ലറ്റുകള്‍ കയറ്റുമതി ചെയ്തുവരുന്നു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും അവ കൃഷി ചെയ്യപ്പെടുന്നുമുണ്ട്.
രാഗി, സോര്‍ഗു, പേള്‍ മില്ലറ്റ്, സ്‌മോള്‍ മില്ലറ്റ്, ജോവാര്‍, ഫോക്‌സ് ടെയില്‍ മില്ലറ്റ്, പ്രോസോ മില്ലറ്റ്, ബജ്‌റ ബാണ്‍യാര്‍ഡ് മില്ലറ്റ്, കോഡോ മില്ലറ്റ്, കുത്കി, സിക്കിയ, ചെന തുടങ്ങി ഒട്ടേറെ ചെറുധാന്യങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ലാഹരിയുടെ മണ്‍ഭരണികളില്‍ 150 ല്‍ പരം ചെറുധാന്യങ്ങളാണുള്ളത്. ഈ ധാന്യങ്ങളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും ഭാരതത്തെ ‘ശ്രീ അന്ന’ത്തിന്റെ ആഗോള ഹബ് (കേന്ദ്രം) ആയി മാറ്റിയെടുക്കാനുമാണ് ഭാരത സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് ഹൈദ്രാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചതും ലാഹരി ഭായിയെ മില്ലറ്റുകളുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതും. ഭാരത സര്‍ക്കാരിന്റെ ശ്രമഫലമായി യുഎന്‍ ‘2023’ ചെറു ധാന്യങ്ങളുടെ അന്താരാഷ്‌ട്ര വര്‍ഷമായി ആചരിക്കുകയാണ്.
ബീജ സംരക്ഷണം എന്നാല്‍ ജനിതക വൈവിധ്യത്തിന്റെ സംരക്ഷണം എന്നുതന്നെയാണ് അര്‍ത്ഥം. സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭാഗം കൂടിയാണത്. ഈ ലക്ഷ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ലാഹരി ആദരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. ലാഹരിയുടെ ഉദ്യമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുക്തകണ്ഠം പ്രശംസിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സ്വന്തമായി രണ്ടു ജോടി വസ്ത്രങ്ങള്‍ മാത്രം കൈമുതലായുള്ള ദിവസക്കൂലികൊണ്ട് ജീവിതം തള്ളിനീക്കുന്ന ലാഹരിയെ അനന്തമായ പ്രചോദനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: