സ്വതന്ത്രഭാരതത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇനി ഇരുപത്തഞ്ചുവര്‍ഷങ്ങളുടെ ദൂരം മാത്രമാണുള്ളത്. സ്വാമി വിവേകാനന്ദന്‍ ഒരു ദിവ്യദര്‍ശനം പോലെ വിവരിച്ച ആ ഉജ്ജ്വലമുഹൂര്‍ത്തത്തില്‍ സമൂഹത്തെ നയിക്കേണ്ട പൗരപ്രമുഖരാണ് ഇന്ന് പാഠശാലകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ കുട്ടികളില്‍ ദേശീയബോധത്തിന്റെ പ്രാണശക്തി നിറയ്‌ക്കേണ്ടത് ചരിത്രപരമായ കര്‍ത്തവ്യമാണ്. അവിശ്വാസവും അരാജകവാദവും ആസക്തിയും അവരുടെ ചൈതന്യത്തെ കെടുത്തിക്കളയാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്തണം. സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗവും സംരക്ഷണവും അവര്‍ തിരിച്ചറിയണം. സഹസ്രാബ്ദങ്ങളായി പ്രകാശം പരത്തി നിലനില്‍ക്കുന്ന മഹത്തായ സംസ്‌ക്കാരത്തിന്റെ വേരുകള്‍ തിരയാന്‍ അവര്‍ക്കു പ്രേരണ കിട്ടണം. അങ്ങനെ ഭൂതകാലത്തെ അറിഞ്ഞ് വര്‍ത്തമാനകാലത്തില്‍ വളര്‍ന്ന് ഭാവികാലത്തെ നയിക്കാന്‍ പ്രാപ്തരായ ആദര്‍ശ ബാലസമൂഹത്തെ രൂപപ്പെടുത്തുകയാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം. ആ ദൗത്യത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്റെ അടയാളമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സമ്മാനിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് പുരസ്‌ക്കാരം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ സ്വാതന്ത്ര്യദാഹം യുവമനസ്സുകളെ പ്രക്ഷുബ്ധമാക്കിയ കാലമായിരുന്നു.
‘സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം’ എന്ന് കേരളത്തിലെ കുമാരകവി കുറിച്ചിട്ട അതേ കാലത്തില്‍ പതിനാറു വയസ്സു മാത്രമുള്ള മറ്റൊരു വീരകുമാരന്‍ കോടതിമുറിയില്‍ നിര്‍ഭയനായി നിന്ന് തന്റെ പേര് സ്വാത്രന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചു. ചൂരല്‍ കൊണ്ടു നിര്‍ദ്ദയമായ പതിനഞ്ചു പ്രഹരമായിരുന്നു ആ നാമകരണത്തിന് അധികാരികള്‍ നല്‍കിയ ശിക്ഷ. ഓരോ അടി വീഴുമ്പോഴും ആ കുമാരന്‍ സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഒന്‍പതു വര്‍ഷം ആ ശബ്ദം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ആവുന്നത്ര ശത്രുസംഹാരം ചെയ്ത് അഭിമന്യു കുമാരനെപ്പോലെ ആ യോദ്ധാവ് വീരസ്വര്‍ഗ്ഗം പൂകി. മാതാവിന്റെ മാനം കാക്കാന്‍ പൊരുതിമരിച്ച ചന്ദ്രശേഖര്‍ ആസാദിന്റെ നാമോച്ചാരണം പോലും നമുക്ക് അഭിമാനദായകമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ലഭിക്കുന്ന പുരസ്‌ക്കാരം ബാലഗോകുലത്തിനു നല്‍കുന്ന നിര്‍വൃതി വാക്കുകളാല്‍ വിവരിക്കാനാവാത്തതാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിമരിക്കുന്നതുപോലെ പ്രധാനമാണ് സ്വത്വം സംരക്ഷിച്ചുകൊണ്ടു ജീവിക്കുക എന്നത്. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ജീവിതവീക്ഷണത്തിലും വിദേശമുദ്രകള്‍ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സ്വത്വം എവിടെയും അവഹേളിക്കപ്പെടുന്നു. ഓരോ വ്യക്തിയും അവനവനിലേക്കു ചുരുങ്ങി ഇര കാത്തിരിക്കുന്ന ക്ഷുദ്രജീവിയായിക്കഴിഞ്ഞു. സത്യധര്‍മ്മങ്ങള്‍ക്കു പ്രസക്തിയില്ലാത്ത കാലമെന്ന് നിരൂപക പണ്ഡിതര്‍ വാഴ്‌ത്തിപ്പാടുന്ന ഇന്നത്തെ സമൂഹത്തിലും ആയിരക്കണക്കിനു ബാലഗോകുലങ്ങള്‍ നാടിന്റെ നന്മകളായി നിലനില്‍ക്കുന്നു. ബീഫ് ഫെസ്റ്റും അദ്ധ്യാപികയ്‌ക്ക് അന്ത്യകൂദാശയും ചുംബനസമരങ്ങളും തകര്‍ത്താടുന്ന ഇതേ മണ്ണില്‍ ഗോപൂജകളും ഗുരുവന്ദനങ്ങളും ഭഗിനീസംഗമങ്ങളും പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. അന്ധകാരനിശയില്‍ വെളിച്ചത്തിന്റെ ചെറുചെരാതുകളായി കേരളത്തില്‍ പിറന്ന ബാലപ്രസ്ഥാനം ഇന്ന് ലോകബാല്യത്തിന്റെ തന്നെ പ്രത്യാശയായി വളര്‍ന്നിരിക്കുന്നു. 2025 ല്‍ അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ബാലഗോകുലത്തിന് ഇപ്പോള്‍ ലഭിച്ച ആസാദ് പുരസ്‌കാരം ഇരട്ടിമധുരമായിത്തീര്‍ന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തില്‍നിന്ന് സ്വത്വബോധത്തിലേക്കു വളരാനുള്ള യാത്രയില്‍ അത് മികച്ച പാഥേയമായിരിക്കും.
വിക്രമാദിത്യന്റേയും കാളിദാസന്റേയും കര്‍മ്മഭൂമിയും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പാഠശാലയായ സാന്ദീപനി ആശ്രമത്തിന്റെ കേന്ദ്രവുമായ ഉജ്ജയ്നിയില്‍ പുരസ്‌ക്കാരം സമ്മാനിക്കപ്പെടുന്നു എന്നതില്‍ ഏറെ പ്രത്യേകതയുണ്ട്. കൃഷ്ണനെ മാതൃകയാക്കി കുട്ടികള്‍ക്ക് സാംസ്‌കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്നി. കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കായി നല്‍കുന്ന സമാനതളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌ക്കാരവും ധാര്‍മ്മിക സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.
ബാലികാബാലന്മാര്‍ക്ക് ദേശീയബോധവും സാംസ്‌ക്കാരികമൂല്യങ്ങളും പകര്‍ന്നുനല്‍കി ആദര്‍ശബാലസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി 1975 ല്‍ ആരംഭിച്ച പ്രസ്ഥാനമാണ് ബാലഗോകുലം. 2000 പ്രതിവാരഗോകുലയൂണിറ്റുകളിലായി ഒരു ലക്ഷത്തിലധികം കുട്ടികള്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും പ്രവാസിമലയാളികള്‍ നടത്തുന്ന നൂറിലേറെ ഗോകുലയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലകള്‍ അടിസ്ഥാനമാക്കി കേളി കളിലൂടെയുള്ള പഠന രീതിപിന്തുടരുന്നു. ശ്രീകൃഷ്ണന്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നു. കൃഷ്ണവേഷം ധരിച്ച ലക്ഷക്കണക്കിനു കുട്ടികള്‍ അണിചേരുന്ന പതിനായിരത്തോളം ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നു. ജന്മാഷ്ടമി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ നിറപ്പകിട്ടാര്‍ന്ന സമാജോത്സവമാണ്.
കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്. ഭാഷ, ചരിത്രം, സംസ്‌ക്കാരം എന്നീ വിഷയങ്ങളില്‍ അനൗപചാരികപഠനത്തിനും ഗവേഷണത്തിനുമുള്ള സ്വതന്ത്ര സര്‍വ്വകലാശാലയായി അമൃതഭാരതീ വിദ്യാപീഠം ബാലഗോകുലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും വേണ്ടി സൗരക്ഷിക എന്ന നിയമസഹായവേദിയുമുണ്ട്. മയില്‍പ്പീലി ബാലമാസികയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും ഒരു ലക്ഷം രൂപയുടെ യുവ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു.
ജന്മാഷ്ടമി പുരസ്‌കാരം (കൃഷ്ണസന്ദേശം പ്രചരിപ്പിക്കുന്ന മഹദ് വ്യക്തികള്‍ക്ക്, കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്‌ക്കാരം (കുട്ടികള്‍ക്കു മാതൃകയായ വ്യക്തികള്‍ക്ക്), എന്‍.എന്‍.കക്കാട് പുരസ്‌കാരം (എഴുതിത്തുടങ്ങുന്ന ബാലപ്രതിഭകള്‍ക്ക്) എന്നീ മൂന്നു ശ്രദ്ധേയമായ പുരസ്‌ക്കാരങ്ങള്‍ ബാലഗോകുലം നല്‍കിവരുന്നു.
ഭഗിനി നിവേദിതയുടെ ജന്മദിനത്തില്‍ ബാലികമാരുടെ വിദ്യാഭ്യാസവും ശക്തീകരണവും ലക്ഷ്യമാക്കി വിപുലമായ ഭഗിനിസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് കുട്ടികള്‍ക്ക് മാനസിക ഉണര്‍വ് നല്‍കുന്നതിനായി പരമേശ്വരീയം-രാമായണ കലോത്സവം എന്ന പേരില്‍ അന്‍പതിനായിരം കുട്ടികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ കലാമേള സംഘടിപ്പിച്ചു. 2025 ല്‍ അന്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ വിപുലമായ കാര്യക്രമങ്ങള്‍ 5000 കേന്ദ്രങ്ങളില്‍ തയ്യാറായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: