Categories: Varadyam

മണ്ണ് മരിക്കാതിരിക്കാന്‍

ഒന്നേമുക്കാല്‍ നൂറ്റാണ്ട് മുന്‍പായിരുന്നു ആ സംഭവം. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സിന് ഒരാഗ്രഹം. വാഷിംഗ്ടണില്‍ ഒരു വന്‍നഗരം കെട്ടിപ്പടുക്കണം. അതിന് ഒരുപാട് ഭൂമി വേണം. ഭൂമിയാണെങ്കില്‍ റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ കയ്യിലാണ്. അവരുടെ ഗോത്ര തലവന്‍ സിയാറ്റില്‍ മൂപ്പന്‍. ആറ് ഗോത്രങ്ങളുടെ അധികാരിയായ സുസ്‌ക്വാമിഷ് നേതാവ്. പ്രകൃതിയെ അമ്മയെപ്പോലെ സ്‌നേഹിക്കുന്ന നന്മമരം. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണിന് വിലപറയാന്‍ ഗവര്‍ണര്‍ സിയാറ്റില്‍ മൂപ്പന്റെ അടുത്തെത്തി. 1854 മാര്‍ച്ച് 11 നായിരുന്നു ആ കൂടിക്കാഴ്ച. അന്ന് സിയാറ്റില്‍ തന്റെ ഗോത്രഭാഷയായ ലൂഷൂട്‌സിഡില്‍ ഇങ്ങനെ ചോദിച്ചുവത്രെ-ഭൂമി ആര്‍ക്കും സ്വന്തമല്ല. സ്വന്തമല്ലാത്ത ഒന്നിനെ എങ്ങിനെയാണ് വില്‍ക്കാനാവുക?

”ഈ ഭൂമി നിങ്ങള്‍ക്ക് വില്‍ക്കാനോ വാങ്ങാനോ സാധ്യമല്ല. അതാര്‍ക്കും സ്വന്തമല്ല. പക്ഷേ ഞങ്ങള്‍ക്ക് ഈ മണ്ണ് പാവനമാണ്. ഞങ്ങളതിനെ ബഹുമാനിക്കുന്നു. ഈ ഭൂമിയും ഞങ്ങളുമായി വളരെ ആഴത്തിലുള്ള ഒരു ബന്ധമാണുള്ളത്. മരണത്തില്‍പോലും ഒടുങ്ങാത്ത ബന്ധം. ഇവിടെയുള്ള സകല ചരാചരങ്ങളും ഒരൊറ്റ കുടുംബമാണ്. ഈ മണ്ണിലെ നദികളിലും ചോലകളിലും ഒഴുകുന്ന വെള്ളം ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്. ഈ തടാകങ്ങളുടെ തെളിമ പറയുന്നത് ഞങ്ങളുടെ പൂര്‍വികരുടെ വംശപാരമ്പര്യമാണ്. സുഗന്ധം പരത്തുന്ന ഈ പുഷ്പങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്. അതിനാല്‍ ഇവയെ എല്ലാം ബഹുമാനിക്കാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക…”

”ഈ വായു ഞങ്ങള്‍ക്ക് അമൂല്യമാണ്. കാരണം നാമെല്ലാം ഒരേ വായുവാണ് ശ്വസിക്കുന്നത്. ഈ മണ്ണില്‍ അടങ്ങിയിരിക്കുന്നത് ഞങ്ങളുടെ പൂര്‍വികരുടെ ഭസ്മമാണ്… ഞങ്ങള്‍ ഭൂമിയുടെ ശിശുക്കളാണ്. അമ്മയുടെ ഹൃദയമിടുപ്പിനെപ്പോലെ ഞങ്ങള്‍ അതിനെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ഇത് വില്‍ക്കുകയാണെങ്കില്‍ നിങ്ങളും അവളെ സ്‌നേഹിക്കുക. ഞങ്ങള്‍സ്‌നേഹിച്ചിരുന്നതുപോലെതന്നെ… ഭൂമി നമ്മുടെയെല്ലാം അമ്മയാണ്. അമ്മയ്‌ക്ക് എന്തു സംഭവിച്ചാലും അത് മക്കളെ ബാധിക്കും… നോക്കൂ, ഭൂമി നമുക്ക് സ്വന്തമല്ല. നാം ഭൂമിക്ക് സ്വന്തമാണ്…”

സ്വന്തം ഹൃദയം തൊട്ട് ഇതൊക്കെ പറഞ്ഞത് വെറുമൊരു ഗോത്രമൂപ്പനാണ്. വാഷിംഗ്ടണിലെ പുജറ്റ് സൗണ്ട് ദ്വീപില്‍ താമസിച്ചിരുന്ന സിയാറ്റില്‍ മൂപ്പന്‍. അദ്ദേഹം വെള്ളക്കാരന് തങ്ങളുടെ ഭൂമി നല്‍കി. പകരം അവര്‍ അദ്ദേഹത്തിന്റെ ഗോത്രംതന്നെ ഇല്ലാതാക്കി. പുതിയൊരു നഗരത്തിന് ‘സിയാറ്റില്‍’ എന്ന് പേര് നല്‍കിയത് മിച്ചം!

മണ്ണിനുവേണ്ടി ജീവിച്ച സിയാറ്റില്‍ മൂപ്പന്റെ കഥ ഇപ്പോള്‍ ഓര്‍ത്തതിനൊരു കാരണമുണ്ട്. സെപ്തംബര്‍ അഞ്ചിന് ആരോരുമറിയാതെ കടന്നുപോയ അന്തര്‍ദേശീയ മണ്ണ് ദിനം! മരിക്കുന്ന മണ്ണിന് പുനര്‍ജനി നല്‍കി ഭാവിതലമുറകള്‍ക്ക് പട്ടിണിയില്ലാത്ത അവസ്ഥ നല്‍കാനുള്ള  ഓര്‍മ്മപ്പെടുത്തലിന്റെ  മഹാദിനം. പക്ഷേ മണ്ണില്‍ കാല്‍ ചവിട്ടാനറയ്‌ക്കുന്ന മലയാളിക്ക് എന്നാണ് മണ്ണിന്റെ മഹത്വം അറിയാന്‍ കഴിയുക? മണ്ണ് അമൂല്യമാണെന്ന് നാം പാഠപുസ്തകത്തില്‍ പഠിച്ചിട്ടുണ്ട്. മണ്ണില്‍ ചവിട്ടി ചെളി പറ്റാതിരിക്കാന്‍ ചെരിപ്പിടണമെന്ന കാര്യവും അറിയാം. പക്ഷേ നാം ജീവിക്കുന്നതിനുള്ള അന്നം തരുന്ന അമ്മയാണ് മണ്ണ് എന്ന കാര്യം മാത്രം മറക്കും. ജീവനുള്ള മണ്ണിനെ ക്രൂരമായി കൊല്ലാനാണ് നമുക്കിഷ്ടം. പ്ലാസ്റ്റിക് മാലിന്യം നിറച്ചും കീടനാശിനികള്‍ ചാമ്പിയും തറയോടുകള്‍ പുതപ്പിച്ചും ഒക്കെ.

അമേരിക്കയിലെ വിസ്‌കോണ്‍സില്‍ സര്‍വകലാശാലയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഒരുപിടി മണ്ണ് പരിശോധിച്ചപ്പോള്‍ കിട്ടിയ ഫലം ഇങ്ങനെയാണത്രെ-അതില്‍ കണ്ടത് 500 കോടി ബാക്ടീരിയകള്‍. രണ്ട് കോടി ആക്ടിനോ മൈസൈറ്റിസുകള്‍. ലക്ഷക്കണക്കിന് പ്രോട്ടോസോവകള്‍, ആല്‍ഗകള്‍, ഫംഗസുകള്‍. ഇതിനൊക്കെ പുറമെയാണല്ലോ ഭൂമിയുടെ കുടലുകള്‍ എന്ന് വിളിക്കുന്ന മണ്ണിരകളും പേരറിയാത്ത സൂക്ഷ്മജീവികളും. അതിനൊക്കെ പുറമെയല്ലേ കാര്‍ബണിനെ ബന്ധിച്ച് സൂക്ഷിക്കുന്നതിലൂടെ ആഗോളതാപനത്തെ നിയന്ത്രിക്കാനുള്ള ഭൂമിയുടെ ശേഷി? ഒരു സെന്റീമീറ്റര്‍ കനമുള്ള മേല്‍മണ്ണ് ജനിക്കാന്‍ ചുരുങ്ങിയത് ഒരു നൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. പക്ഷേ ഒരായിരം ടണ്‍ മേല്‍മണ്ണ് നശിപ്പിക്കാന്‍ മിനിട്ടുകള്‍ മതി. പാറപൊട്ടിച്ചും രാസവിഷം വാരി വിതറിയും കുന്നിടിച്ചും വയല്‍ നികത്തിയും മരങ്ങള്‍ വെട്ടിത്തകര്‍ത്തും കച്ചവടം ആഘോഷിക്കുന്ന നമുക്ക് ഇതൊക്കെ ആലോചിക്കാന്‍ എവിടെ സമയം?

‘മണ്ണ്-ഭക്ഷണം തരുന്നയിടം’ എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക മണ്ണ് ദിനത്തിന്റെ മുദ്രാവാക്യം. മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും,  

വര്‍ധിപ്പിക്കാനും, അതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കാരിക്കാനുമായിരുന്നു ലോക മണ്ണ് ദിനം ലക്ഷ്യമിട്ടത്. ആരോഗ്യകരമായ ജൈവ മണ്ഡലം ഉറപ്പാക്കുന്നതിലും മാനവരാശിയുടെ സര്‍വ്വതോന്മുഖമായ ക്ഷേമം സാക്ഷാത്കരിക്കുന്നതിലും മണ്ണിന് സുപ്രധാനമായ പങ്കാണുള്ളത്. അതറിയിക്കാനാണ് ഇത്തരമൊരു ദിനാചരണത്തിന് ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനമെടുത്തത്- ലോക മണ്ണ് ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ശിപാര്‍ശയെത്തുടര്‍ന്ന്.

മണ്ണ് സംരക്ഷണത്തിലും പ്രകൃതിപരിപാലനത്തിലും അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന തായ്‌ലന്റ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ജന്മദിനമായ ഡിസംബര്‍ അഞ്ചാണ് ഈ ദിനത്തിനായി തെരഞ്ഞെടുത്തത്. ‘പെഡോളജി’ അഥവാ മണ്ണ് പഠനത്തിനായി സമര്‍പ്പിക്കപ്പെട്ട ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോയില്‍ സയന്‍സസ് ഈ ദിനം ആചരിക്കാനുള്ള ശിപാര്‍ശ 2002 ല്‍ ആണ് യുഎന്‍ ജനറല്‍ അസംബ്ലിക്ക് സമര്‍പ്പിച്ചത്. ആ വര്‍ഷം ആഗസ്റ്റില്‍ ബാങ്കോക്കില്‍ നടന്ന 17-ാമത് വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് സോഷ്യല്‍ സയന്‍സസ് മഹാരാജാവിന്റെ സംഭാവനകളെ അംഗീകരിച്ച് പ്രമേയം പാസാക്കുകയും, പിന്നീട് ‘ഹ്യുമാനിറ്റേറിയന്‍ സോഷ്യല്‍ സയന്റിസ്റ്റ്’ പുരസ്‌കാരം രാജാവിന് സമ്മാനിക്കുകയും ചെയ്തു.

ഭൂമിയില്‍ നിരവധി തരം മണ്ണുകളുണ്ട്. എക്കല്‍ മണ്ണ്, കരിമണ്ണ്, ചെമ്മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, പീറ്റ് മണ്ണ്, കളിമണ്ണ്, മരുമണ്ണ്, പശിമരാശിമണ്ണ്, മണല്‍ എന്നിങ്ങനെ നിരവധി തരം. അവയോരോന്നിലും ഓരോ ജൈവ വ്യവസ്ഥ നിലനില്‍ക്കുന്നു. ഓരോന്നിനും  അതിന്റേതായ പ്രാധാന്യമുണ്ടെന്ന് സാരം. ധാതുലവണങ്ങളും ജൈവ വസ്തുക്കളും വായുവും ജലവും സൂക്ഷ്മജീവികളും മണ്ണിരകളും തേനീച്ചകളുമൊക്കെ ചേര്‍ന്ന മണ്ണാണ് നമുക്ക് വേണ്ടത്. അത്തരം മണ്ണിനേ ലോകത്തെ വിശക്കുന്ന വയറുകളെ തീറ്റിപ്പോറ്റാനാവൂ. പക്ഷേ കൃഷിക്ക് യോജിച്ച മണ്ണ് തീരെ കുറവാണെന്നും നാം അറിയണം. കരമണ്ണിന്റെ കഷ്ടിച്ച് 11 ശതമാനം മാത്രം. ആ മേല്‍മണ്ണിനെയാണ് നാം ഇഞ്ചിഞ്ചായി ചിത്രവധം ചെയ്തുകൊണ്ടിരിക്കുന്നത്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും കൊണ്ട് മണ്ണ് നല്‍കുന്ന നിശബ്ദമായ പ്രതികരണങ്ങള്‍ നാം ശ്രദ്ധിക്കുന്നുമില്ല. സുസ്ഥിരകൃഷികൊണ്ടും വനവത്കരണം കൊണ്ടും ശാസ്ത്രീയമായ നിയന്ത്രണരീതികള്‍കൊണ്ടും മണ്ണിന് കവചമൊരുക്കാനും  

നമുക്ക് ശ്രദ്ധയില്ല. ഊഷരമായ പൊടിക്കാറ്റുകളില്‍പ്പെട്ട് ശതകോടി ടണ്‍ മണ്ണാണത്രെ ഓരോ ദിവസവും പറന്നകലുന്നത്… പക്ഷേ ഇതിനനുസരിച്ച് മേല്‍മണ്ണ് ജനിക്കുന്നില്ലല്ലോ. മേല്‍മണ്ണ് രൂപപ്പെടുന്ന പ്രക്രിയയായ ‘പെഡോജെനിസിസ്’ പ്രക്രിയക്ക് വേണ്ടത് നൂറ്റാണ്ടുകളാണ്.

വന്‍തോതിലുള്ള മാലിന്യങ്ങളും കൃഷിരീതികളിലെ പിഴവും, നഗരവത്കരണവും മരുവത്കരണവും, കീടനാശിനികളുടെ വിവേകരഹിതമായ പ്രയോഗവും, മണ്ണൊലിപ്പും ഒക്കെ ചേര്‍ന്ന്. ഫലപുഷ്ടമായ മേല്‍മണ്ണിന്റെ നിലനില്‍പ്പിനുതന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. അതിനൊപ്പമാണ് മരുഭൂമികളുടെ വ്യാപനം. മേല്‍മണ്ണിന്റെ നാശം കൃഷിനാശത്തിനും സസ്യശോഷണത്തിനും തേനീച്ച അടക്കമുള്ള പരാഗികളുടെ നാശത്തിനുമൊക്കെ വഴിവയ്‌ക്കുമെന്ന് ആരാണ് നമ്മെയൊക്കെ പറഞ്ഞ് മനസ്സിലാക്കുക?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക