വിഴിഞ്ഞം സമരത്തിനു പിന്നിലുള്ളവര്‍ ഉന്നയിച്ച ഏഴാവശ്യങ്ങള്‍ക്ക് നിയമസഭയില്‍ അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖനിര്‍മാണത്തെത്തുടര്‍ന്ന് തീരശോഷണമുണ്ടായി എന്ന വാദത്തെ പൂര്‍ണമായി തള്ളിയ മുഖ്യമന്ത്രി തുറമുഖനിര്‍മാണം നിര്‍ത്തിവെച്ചുള്ള ഒരു ചര്‍ച്ചയ്‌ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക, തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക, തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക, മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കാന്‍ ഇടപെടുക; തമിഴ്‌നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക, കാലാവാസ്ഥാ മുന്നറിയിപ്പ് കാരണം കടലില്‍ പോകുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക, മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിങ്ങനെ ഏഴാവശ്യങ്ങളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.
തീരശോഷണം ഉണ്ടാകുന്നതിന് തുറമുഖം നിര്‍മാണവുമായി ബന്ധമില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറു മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ ഷോര്‍ലൈന്‍ നിരീക്ഷിക്കുവാന്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ടെന്നും ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടും ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തുറമുഖ പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും സിആര്‍ഇസഡ് പരിധിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മുട്ടത്തറയിലുള്ള എട്ട് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സര്‍ക്കാര്‍ വഹിക്കും.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 2450 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ നടപ്പാക്കുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. തിരുവനന്തപുരം ജില്ലയില്‍ 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. സ്വന്തമായി വീട് വയ്‌ക്കാന്‍ തയ്യാറാവുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം 340 കുടുംബങ്ങളെ ഫഌറ്റ് നിര്‍മിച്ച് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. മുട്ടത്തറയില്‍ 192 ഉം കാരോട് 128 ഉം ബീമാപള്ളിയില്‍ 20 കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ വീട് നിര്‍മിക്കാനായി 832 പേര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 399 പേര്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നു. പുനരധിവാസ പദ്ധതിയിലെ വീടുകളുടെ നിര്‍മാണം കാര്യക്ഷമമായി നടപ്പാക്കാന്‍ മാസംതോറും അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും ഫീഷറീസ്, ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റില്‍ സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി അഞ്ചു വര്‍ഷക്കാലയളവിലേക്ക് 5300 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൂന്തുറയ്‌ക്കും വലിയതുറയ്‌ക്കും ഇടയ്‌ക്ക് കണ്ടെത്തിയിട്ടുള്ള എല്ലാ ഹോട്ട് സ്‌പോട്ടുകളിലും തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. പൂന്തുറയില്‍ 100 മീറ്ററില്‍ നടപ്പാക്കിയ പദ്ധതിയുടെ വിലയിരുത്തലിന് ശേഷം മറ്റു ഹോട്ട്‌സ്‌പോട്ടുകളും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ശംഖുമുഖം പാതയോര സംരക്ഷണം പുരോഗമിക്കുകയാണ്. കോവളം ബീച്ച് പുനരുദ്ധാരണ ടൂറിസം പദ്ധതിയ്‌ക്കായുള്ള 58 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കിക്കഴിഞ്ഞു.
സമരക്കാര്‍ ഉന്നയിച്ച മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റ നിയന്ത്രണത്തിലുള്ളതല്ല. മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കണം. മുതലപ്പൊഴി ഹാര്‍ബറിന്റെ വടക്കുവശത്തായി 23 കോടി രൂപ ചെലവില്‍ 1.91 കി.മീ ദൂരം ഗ്രോയിന്‍ സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുണ്ട്.
പദ്ധതി പ്രദേശങ്ങളില്‍ ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ചിപ്പി ശേഖരണത്തിലും ലോബ്സ്റ്റര്‍ മത്സ്യബന്ധന തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കരമടി മത്സ്യബന്ധന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും റിസോര്‍ട്ട് തൊഴിലാളികള്‍ക്കും എല്ലാം ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ 100 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്ലാന്റിനു പുറമെ, കഴിഞ്ഞ വര്‍ഷം 1.74 കോടി രൂപ ചെലവില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആയിരത്തില്‍പ്പരം ജലവിതരണ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. മാലിന്യനിര്‍മാര്‍ജ്ജനത്തിനായി വിപുലമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭം പോലുള്ള ഘട്ടങ്ങളിലും കൊവിഡ് സാഹചര്യത്തിലും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ന്നും ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കും.
ഇവ കൂടാതെ തുറമുഖ നിര്‍മാണം പൂര്‍ത്തിയായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി ഒരു ബോട്ട് ലാന്‍ഡിംഗ് സ്‌റ്റേഷന്‍ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടൊപ്പം ഒരു പാരമ്പര്യേതര ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കുന്നുണ്ട്. ഇതിനുള്ള ഡിപിആര്‍ തയ്യാറാക്കുകയാണ്. പദ്ധതി പൂര്‍ത്തിയായാല്‍ പാര്‍ക്കില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: