ഇന്ത്യാ സമുദ്രത്തില്‍ ആസ്‌ട്രേലിയയോട് ചേര്‍ന്നുകിടക്കുന്ന ക്രിസ്മസ് ദ്വീപില്‍ മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് ഒരു ചെറിയ സംഭവം നടന്നു. ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയ ഒരു അധിനിവേശം. തിരയടിച്ചെത്തിയ ഒരു തടിക്കഷണത്തില്‍ മഞ്ഞനിറമുള്ള കുറെ ഭ്രാന്തന്‍ ഉറുമ്പുകള്‍ ക്രിസ്മസ് ദ്വീപിലെത്തി. തകര്‍ന്ന ഏതോ ബോട്ടില്‍നിന്ന് ഒഴുകിയെത്തിയവ. അത് കഴിഞ്ഞ് മുക്കാല്‍ നൂറ്റാണ്ട്. അപ്പോഴാണ് ദ്വീപിലെ നാട്ടുകാര്‍ അത് ശ്രദ്ധിച്ചത്. ദ്വീപിന്റെ പെരുമയ്‌ക്കു കാരണമായ ചുവന്ന ഞണ്ടുകള്‍ വന്‍തോതില്‍ കുറയുന്നു. നാട്ടുകാര്‍ കാടുകയറി. കാട്ടിലും മേട്ടിലുമെല്ലാം മഞ്ഞനിറമുള്ള ഭ്രാന്തന്‍ ഉറുമ്പുകളെ അവര്‍ കണ്ടെത്തി. ലക്ഷക്കണക്കിന് ഉറുമ്പുകള്‍ കുടിപാര്‍ക്കുന്ന സൂപ്പര്‍ കോളനികള്‍. ആയിരക്കണക്കിന് ഏക്കര്‍ പരന്നുകിടക്കുകയാണ് ഈ കോളനികള്‍. അവയിലെ അന്തേവാസികള്‍ ഇലയും ചെടിയും പുല്ലും കളയുമെല്ലാം തിന്നുതീര്‍ത്തിരിക്കുന്നു. അത് കഴിഞ്ഞപ്പോള്‍ എലിയും എട്ടുകാലിയും പാറ്റയും ചിതലുമൊക്കെയായി ഇര. പിന്നെ പക്ഷികള്‍, പാമ്പുകള്‍ തുടങ്ങിയവ. അതും തീര്‍ന്നപ്പോഴാണ് ഭ്രാന്തനുറുമ്പുകള്‍ ചുവന്ന ഞണ്ടുകളെ പിച്ചിച്ചീന്തി തിന്നുതുടങ്ങിയത്. കൊല്ലപ്പെട്ടത് 25 ലക്ഷം ചുവന്ന ഞണ്ടുകള്‍.
പസഫിക് സമുദ്രത്തിലെ ഗുവാംദ്വീപിലെ ആവാസ വ്യവസ്ഥ തകര്‍ത്തു തരിപ്പണമാക്കിയത് ഇരുണ്ട തവിട്ടുനിറമുള്ള ഒരു മരപ്പാമ്പായിരുന്നു. പേര് ‘ബോയ്ഗാ ഇറഗുലാരിസ്.’ അമേരിക്കന്‍ സൈന്യത്തിന്റെ ഒരു ചരക്കുവിമാനത്തിനുള്ളില്‍ ഒളിച്ചിരുന്നാണ് ഈ മരപ്പാമ്പ് ഗുവാമില്‍ എത്തിയത്. പിന്നെ അവ പെറ്റുപെരുകി. അനുകൂല കാലാവസ്ഥയില്‍ പതിനായിരങ്ങളായി, ലക്ഷങ്ങളായി. അതോടെ ദ്വീപിലെ മരങ്ങളില്‍ കൂടുകെട്ടിയ പക്ഷികള്‍ മുഴുവന്‍ പാമ്പിന്റെ വയറ്റിലെത്തി. ഒരു ഡസന്‍ പക്ഷി ജാതികള്‍ക്ക് വംശനാശം സംഭവിച്ചു. പക്ഷികള്‍ ഒടുങ്ങിയതോടെ പാമ്പുകള്‍ മരത്തില്‍ നിന്നിറങ്ങി. പാമ്പ്, അണ്ണാന്‍, മുയല്‍, തവള തുടങ്ങി കണ്ണില്‍കണ്ട ജീവികളെയെല്ലാം അവ പിടിച്ചുതിന്നു. അങ്ങനെ ദ്വീപിലെ ജൈവവൈവിധ്യം തകര്‍ന്നു. പക്ഷികളുടെ ദഹനവ്യവസ്ഥയിലൂടെ കടന്നുവരേണ്ട വിത്തുകള്‍ ഇല്ലാതായതോടെ പല മരങ്ങളും വളരാതായി.
‘മികാനിയ മൈക്രാന്ത’ എന്ന വള്ളിപ്പടര്‍പ്പിനെ ആസ്സാമിലും ബംഗാളിലുമെത്തിച്ചത് ഒരു നൂറ്റാണ്ട് മുന്‍പാണ്. വിമാനമിറങ്ങാനുള്ള റണ്‍വേകള്‍ യുദ്ധകാലത്ത് ആരും കാണാതെ മൂടുന്നതിനായിരുന്നു മൈക്രാന്തയെ കൊണ്ടുവന്നത്. റണ്‍വേയില്‍ നിന്ന് മൈക്രാന്ത തേയിലത്തോട്ടങ്ങളിലേക്കും കൈതകൃഷിയിലേക്കും ഇഞ്ചിത്തോട്ടത്തിലേക്കും ഒടുവില്‍ റബര്‍തോട്ടത്തിലേക്കും പടര്‍ന്നുകയറിയതോടെ കര്‍ഷകരുടെ ‘കഞ്ഞിയില്‍ പാറ്റ വീണു’…. കൃഷി നാശം പൂര്‍ണം.
അര്‍ജന്റീനയിലും മെക്‌സിക്കോയിലും മാത്രം കണ്ടിരുന്ന മാംസദാഹിയായ പിരാന മത്സ്യം ആന്ധ്രയിലെ ഗോദാവരിയിലും ആലപ്പുഴയിലെ പൂച്ചാക്കലിലും കണ്ടതും വടക്കെ അമേരിക്കക്കാരനായ മുതലമുഖമുള്ള ‘അലിഗേറ്റര്‍ ഗാര്‍’ എന്ന കോലാന്‍ മത്സ്യം കേരളത്തില്‍ എത്തിയതും നമ്മുടെ മാധ്യമങ്ങള്‍ക്ക് കൗതുകവാര്‍ത്ത മാത്രമാണ്. കേരളത്തില്‍ 2018 ല്‍ സംഭവിച്ച മഹാപ്രളയശേഷം ചുരുങ്ങിയത് 28 ഇനം അപരിചിത മത്സ്യങ്ങളെ കണ്ടെത്തിയ വാര്‍ത്തയും നമുക്ക് കൗതുകവാര്‍ത്ത തന്നെ. അവയോരോന്നും നമ്മുടെ ജൈവ മണ്ഡലം താറുമാറാക്കിക്കൊണ്ടിരിക്കുകയാണെന്നും, തദ്ദേശ ജീവിവര്‍ഗങ്ങളുടെ വംശംമുടിക്കുകയാണെന്നും നാം അറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.
പേരാമ്പ്രയിലെ ആവളപാണ്ടിയിലുള്ള കൂണ്ടൂര്‍മൂഴി തോട്ടില്‍ മധ്യ അമേരിക്കയില്‍നിന്ന് ആരോരുമറിയാതെയെത്തിയ മുള്ളന്‍ കബോംബ പായല്‍ ‘പിങ്ക് വസന്തം’ ഒരുക്കിയത് നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ എത്ര ആവേശത്തോടെയാണ് ആഘോഷിച്ചതെന്നോര്‍ക്കുക. കബോംബ ഫര്‍ക്കാറ്റ എന്ന ഈ മുള്ളന്‍പായല്‍ തോട്ടിലെ ഒഴുക്ക് തടയുമെന്നും, ജലജീവികളെ ശ്വാസംമുട്ടിക്കുമെന്നും സൂര്യപ്രകാശത്തെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് കടക്കുന്നത് തടയുമെന്നും നാം എന്നാണ് മനസ്സിലാക്കുക. പായലിന്റെ വര്‍ണജാലത്തില്‍ മയങ്ങി അതിനെയുംകൊണ്ട് തങ്ങളുടെ നാടുകളിലേക്ക് യാത്രയായ പാവങ്ങള്‍ എത്ര വലിയ അബദ്ധമാണ് കാട്ടിക്കൂട്ടുന്നതെന്നും ഓര്‍ക്കുക.
മറുനാട്ടുകാരായ സസ്യങ്ങളും ജന്തുക്കളും അനുകൂല സ്ഥലങ്ങളിലേക്ക് ആക്രമണ സ്വഭാവത്തോടെ നടത്തുന്ന ഇത്തരം കയ്യേറ്റങ്ങള്‍ അറിയപ്പെടുന്നത് ‘ഇന്‍വേഷന്‍’ അഥവാ അധിനിവേശം എന്നത്രേ. തന്റേതല്ലാത്ത ഒരു ജൈവ ആവാസ വ്യവസ്ഥയില്‍ കടന്നുകയറി ആധിപത്യം സ്ഥാപിച്ച് പരിസ്ഥിതിയിലും ജൈവവ്യവസ്ഥയിലും സാമ്പത്തിക മേഖലയിലും ഗുരുതരമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ജീവിവര്‍ഗങ്ങളെ ‘ഇന്‍വേസീവ് സ്പീഷീസ്’ അഥവാ അധിനിവേശ ജാതികള്‍ എന്നും വിളിക്കുന്നു.
ഏത് വര്‍ഗത്തിലൂടെയും ഇവ അധിനിവേശ നാടുകളിലെത്തും. വാഹനങ്ങള്‍, യാത്രക്കാര്‍, വസ്ത്രം, അക്വേറിയം, കപ്പലുകളിലെ ‘ബെല്ലാസ്റ്റ് വാട്ടര്‍’ തുടങ്ങി എത്രയോ മാര്‍ഗങ്ങളിലൂടെ. അന്തരീക്ഷം പറ്റിയതാണെങ്കില്‍ കുടിയുറപ്പിച്ച് കോളനികളായി പെറ്റുപെരുകും. പ്രാദേശിക സസ്യങ്ങളെയും ജീവികളെയും അന്നംമുട്ടിച്ച് ഞെക്കിക്കൊല്ലും. പറ്റിയാല്‍ വംശനാശം വരുത്തും. അവയുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥ താറുമാറാക്കും. പ്രകൃതിദത്തമായ വേട്ടക്കാരന്റെ (പ്രിഡേറ്റര്‍) അഭാവത്തില്‍ പരിസ്ഥിതിയില്‍ പൂര്‍ണ അധീശത്വം ഉണ്ടാക്കിയെടുക്കും. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 1970 നുശേഷം ഇത്തരം അധിനിവേശ ജാതികള്‍ വരുത്തിക്കൂട്ടിയത് 26.8 ബില്യന്‍ (ആയിരം കോടി) ഡോളറിന്റെ നാശനഷ്ടമാണെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
ആസാമിലെ പപ്പായ കൃഷി മുച്ചൂടും മുടിച്ച പപ്പായമിലി മൂട്ടകളും ഡക്കാണ്‍ മേഖലയിലെ പരുത്തികൃഷി തകര്‍ത്ത കോട്ടന്‍ മിലിമൂട്ടയും ബംഗാളിലെ തദ്ദേശീയ മത്സ്യസമ്പത്തിനെ സംഹരിച്ച ആമസോണ്‍ സയ്ഫിന്‍ കാറ്റ്ഫിഷും പ്രാദേശിക കീടജാതികളെ കൊന്നൊടുക്കിയ ആഫ്രിക്കന്‍ ആപ്പിള്‍ ഒച്ചും….എല്ലാം ഇതേപോലെ വിനാശത്തിന്റെ കാഹളവുമായി വിദേശത്തുനിന്നെത്തിയവരാണ്. ലോകത്തിലെ ഏറ്റവും വലിയ അധിനിവേശ സസ്യങ്ങളിലൊന്നായ കൊങ്ങിണി (കടുക്കന്‍) എന്ന ‘ലാന്തന കാംഗ്ര’ അലങ്കാര സസ്യത്തിന്റെ രൂപത്തിലാണ് വിവിധനാടുകളിലെത്തുന്നത്. രാജ്യത്തെ വനപ്രദേശങ്ങളില്‍ ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങളാണ് ഈ സസ്യം ഉണ്ടാക്കിയത്. തിലോപ്പിയ മത്സ്യവും പിരാനയുമൊക്കെ അവതരിച്ചതും അലങ്കാര മത്സ്യത്തിന്റെ രൂപത്തിലാണ്. പിന്നീടവ നമ്മുടെ ജലാശയങ്ങളിലെ തനത് മത്സ്യവര്‍ഗത്തിന് ഭീഷണിയായി മാറി. കുളവാഴയും ആഫ്രിക്കന്‍ പായലും കമ്യൂണിസ്റ്റ് പച്ചയും അധിനിവേശത്തിന്റെ ചിരപരിചിതമായ ഉദാഹരണങ്ങളാണ് നാം കേരളീയര്‍ക്ക്.
കേരളത്തിലെ ജൈവവൈവിധ്യം 89 ഇനം അധിനിവേശ ആക്രമണകാരികളില്‍നിന്ന് ഭീഷണി നേരിടുന്നതായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. അതില്‍ 19 എണ്ണം അത്യന്തം അപകടകാരികളാണത്രേ. അവ അതിവേഗം പടര്‍ന്ന് ഔഷധച്ചെടികളും തീറ്റപ്പുല്ലുകളും അടക്കമുള്ള പ്രകൃതിദത്ത സസ്യങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യവിളകളുടെ ഉല്‍പ്പാദനത്തെപ്പോലും ആക്രമണകാരികള്‍ പ്രതിരോധിക്കുമത്രേ-പരാഗണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. പരാഗണം നടത്തുന്ന ഷഢ്പദങ്ങള്‍ പരാഗരേണുക്കള്‍കൊണ്ടും തേന്‍കൊണ്ടും സമ്പന്നമായ മറുനാടന്‍ സസ്യങ്ങളെ തേടിപ്പോകുമ്പോള്‍ തനത് സസ്യങ്ങളുടെ പ്രജനന തോത് കുത്തനെ ഇടിയും.
അധിനിവേശ ജീവികള്‍ ലോകത്തെ രണ്ടാമത്തെ ജൈവവൈവിധ്യ ഭീഷണി ആണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യുകെ, അമേരിക്ക, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ ആറ് രാജ്യങ്ങളിലേക്കുമാത്രം ഒന്നേകാല്‍ ലക്ഷം അധിനിവേശ ജാതികള്‍ കുടിയേറിക്കഴിഞ്ഞതായി അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രധാന കാരണം യാത്രയിലെ വര്‍ധന തന്നെ. പ്രധാന കാരണം യാത്രയിലെ വര്‍ധന തന്നെ. ‘കോക്കനട്ട് മൈറ്റ്’ എന്ന മണ്ഡരി നമ്മുടെ കൊച്ചുകേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് വരുത്തിയത് 250 കോടിയുടെ നഷ്ടമാണത്രേ. അതിനു പുറമെ മറ്റൊരു വരത്തന്‍ കൂടി വരുന്നുണ്ട് പോലും- ‘യു പ്ലാറ്റിപ്പസ് പാരലേസസ്’ എന്ന തുരപ്പന്‍ വണ്ട്. റബര്‍മരങ്ങളെ തുളച്ച് ഉണക്കുകയാണ് ബ്രസീലില്‍ നിന്നെത്തിയ ഇദ്ദേഹത്തിന്റെ ഹോബി. ഇറക്കുമതി ചെയ്ത തടി ഫര്‍ണിച്ചറിനുള്ളിലിരുന്നാണത്രേ അദ്ദേഹം ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക