കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിനു മാതൃകയാണെന്ന് നമ്മള്‍ അഭിമാനം കൊള്ളുമ്പോള്‍ തന്നെ നമ്മുടെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനോപ്പം വിളമ്പുന്നത് വിഷം തീണ്ടിയ പച്ചക്കറിയാണ്. നമ്മുടെ കുട്ടികള്‍ നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യത്തോടെയും വളര്‍ന്നുവരേണ്ടവരാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ വിഷത്തിന്റെ(കീടനാശിനികളായും മറ്റും ഉപയോഗിക്കുന്നത്) അളവ് വളരെ കൂടുതലാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഇതാണ് കഴിക്കുന്നത്. നിരന്തരം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം എന്താണോ അതാണ് ഇവിടയും സംഭവിക്കുന്നത്. വീടുകളില്‍ വാങ്ങുന്നതും ഇതേ പച്ചക്കറികളാണെങ്കിലും അവയെ ഏറെക്കുറെ ശുദ്ധമാക്കാന്‍ നിരവധി പദ്ധതികളുണ്ട്. വീട്ടിലെത്തുന്ന പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലോ മഞ്ഞല്‍ കലക്കിയ വെള്ളത്തിലോ മുക്കിവെക്കുന്നത് പതിവാണ്. എന്നാല്‍ ഹോട്ടലുകളില്‍ ഈ പ്രക്രീയ നടക്കുന്നില്ല. സ്‌കൂളുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും ഈ പ്രവര്‍ത്തനം ഉണ്ടാകുന്നില്ല. വളരെ ഗുരുതരമായ പ്രശ്‌നമാണിത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുമ്പോള്‍ അത് വിഷമില്ലാത്ത, സുരക്ഷിത ഭക്ഷണമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ വളരെ നിശബ്ദമായി നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ വിഷയം ആരും ശ്രദ്ധിക്കുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്നും വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുമ്പോള്‍ സുരക്ഷിതഭക്ഷണം എന്നതിനായിരിക്കണം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.
രാജ്യത്തിനു തന്നെ മാതൃകയായി മാറിയതും ജനശ്രദ്ധ ആകര്‍ഷിച്ചതുമായ സ്‌കൂള്‍ ഉച്ചഭക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുകയാണ്.
ഈ അടുത്ത സമയത്ത് ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസ്സില്‍ ഈ പദ്ധതി നടപ്പാക്കി തുടങ്ങി. വലിയ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തുനിന്നുള്ള വിഷപച്ചക്കറി ഒഴിവാക്കി സ്‌കൂള്‍ അധികൃതരും പിറ്റിഎയും ചേര്‍ന്ന് കുട്ടികളുടെ വീടുകളില്‍ നിന്നും അവരുടെ ആവശ്യം കഴിഞ്ഞുള്ള വിഭവങ്ങള്‍ എത്തിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം കൊടുത്തു കഴിഞ്ഞു. അതിന് സാധിക്കുന്ന കുട്ടികള്‍ അതു ചെയ്യട്ടെ.
ആരോഗ്യമുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി അണിചേരണം. ഈ വിഷയം ചൂണ്ടികാട്ടി നിരവധി തവണ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഇതിന് നിരവധി ഉത്തരവുകളും നടപടികളും വന്നിട്ടുണ്ട്. എന്നാല്‍ നാളിതുവരെ സ്ഥായിയായ ഒരു പരിഹാരം ഇതില്‍ ഉണ്ടായിട്ടില്ല എന്നത് ആശങ്ക ഉണര്‍ത്തുന്നു. ആരോഗ്യമുള്ള ഒരു തലമുറക്ക് വേണ്ടി അലസതയില്ലാതെ ഈ വിഷയത്തില്‍ അനുഭാവ പൂര്‍ണ്ണമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്.
(ആലപ്പുഴ ജില്ലയിലെ താമരക്കുളം വിവിഎച്ച്എസ്എസ്സിലെ അധ്യാപകനാണ് ലേഖകന്‍. സംസ്ഥാന അദ്ധ്യാപക-വനമിത്ര അവാര്‍ഡ് ജേതാവും ബാലാവകാശ പ്രവര്‍ത്തകനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക