Categories: Kerala

കായല്‍ സമ്മേളനത്തിന് 109 വയസ്; രേഖകള്‍ ഇന്നു വെളിച്ചം കാണും

കൊച്ചിയിലെ പ്രണത ബുക്‌സാണ് പ്രസാധകര്‍. ഇന്ന് വൈകിട്ട് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ മുന്‍മന്ത്രി തോമസ് ഐസക്ക് ചരിത്ര ഗവേഷകനായ ഡോ. വിനീത് പോളിന് നല്‍കി പ്രകാശനം ചെയ്യും. പുലയരടക്കമുള്ള കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയെ നടക്കാനോ യോഗം ചേരാനോ അനുവാദമില്ലാത്ത കാലത്താണ് കായല്‍ സമ്മേളനം നടന്നത്. 1913 ഏപ്രില്‍ 21ന് കൊച്ചിയിലെ ബോള്‍ഗാട്ടി കായലാണ് സമ്മേളനത്തിന് വേദിയായത്.

കൊച്ചി: അടിയാളന് സംഘം ചേരാന്‍ കരയില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന്, 109 വര്‍ഷം മുന്‍പ് കൊച്ചി കായലില്‍ സമ്മേളനം നടന്നതിന്റെ ചരിത്രരേഖകള്‍ ഇന്നു വെളിച്ചം കാണും. നവോത്ഥാനത്തിന്റെയും ദേശീയ സമരങ്ങളുടെയും ഭാഗമായ കായല്‍ സമ്മേളനത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട 232 പത്ര വാര്‍ത്തകളും 84 ആര്‍ക്കൈവ്‌സ് രേഖകളും കായല്‍ സമ്മേളത്തിലേക്കു നയിച്ച 18, 19 നൂറ്റാണ്ടുകളിലെ 21 പുരാരേഖകളുമാണ് പ്രസിദ്ധീകരിക്കുന്നത്.

കൊച്ചിയിലെ പ്രണത ബുക്‌സാണ് പ്രസാധകര്‍. ഇന്ന് വൈകിട്ട് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ മുന്‍മന്ത്രി തോമസ് ഐസക്ക് ചരിത്ര ഗവേഷകനായ ഡോ. വിനീത് പോളിന് നല്‍കി പ്രകാശനം ചെയ്യും. പുലയരടക്കമുള്ള കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയെ നടക്കാനോ യോഗം ചേരാനോ അനുവാദമില്ലാത്ത കാലത്താണ് കായല്‍ സമ്മേളനം നടന്നത്. 1913 ഏപ്രില്‍ 21ന് കൊച്ചിയിലെ ബോള്‍ഗാട്ടി കായലാണ് സമ്മേളനത്തിന് വേദിയായത്.  

പുലയ സമുദായഗംങ്ങളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കായി സഭ രൂപീകരിക്കാനായി പണ്ഡിറ്റ് കറുപ്പന്‍ നിര്‍ദേശിച്ചു. എന്നാല്‍, കരയില്‍ യോഗം ചേരാന്‍ അധികാരകേന്ദ്രങ്ങള്‍ സമ്മതിക്കില്ലെന്ന് വ്യക്തമായതോടെ അവരെ വെല്ലുവിളിച്ചാണ് കായലില്‍ യോഗം ചേരാന്‍ പണ്ഡിറ്റ് കറുപ്പന്‍ തീരുമാനിച്ചത്.  

എറണാകുളം, മുളവുകാട്, പനമ്പുകാട് പ്രദേശങ്ങളില്‍ നിന്നുള്ള പുലയ, ധീവര, സമുദായാംഗങ്ങള്‍ വള്ളങ്ങളില്‍ എറണാകുളത്തിനു പടിഞ്ഞാറു ഭാഗത്തെ കായലില്‍ അണിനിരന്നു. വള്ളങ്ങള്‍ കൂട്ടിക്കെട്ടി പലകയിട്ട് ചങ്ങാടം പോലെയാക്കി അതിനുമുകളിലായിരുന്നു സമ്മേളന വേദി. പിന്നീട് രാജേന്ദ്ര മൈതാനത്തിനും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളിനും മധ്യേയുള്ള പ്രദേശത്ത് മറ്റൊരു സമ്മേളനവും നടത്തി. പണ്ഡിറ്റ് കറുപ്പന്‍, കെ.പി. വള്ളോന്‍, കൃഷ്ണാദിയാശാന്‍, പി.സി. ചാഞ്ചന്‍ തുടങ്ങിയവര്‍ സംഘാടകരായി.  

കായലിനെ സാക്ഷിയാക്കി ചേര്‍ന്ന സമ്മേളനത്തിന്റെ തീരുമാന പ്രകാരം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ പണ്ഡിറ്റ് കറുപ്പന്‍ മുന്‍കൈയെടുത്ത് മറ്റൊരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ഇതിലാണ് പുലയമഹാസഭ രൂപീകരിച്ചത്. കൃഷ്ണാദിയാശാന്‍ പ്രസിഡന്റും പി.സി. ചാഞ്ചന്‍ സെക്രട്ടറിയും ആയി. പുലയ സമുദായംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു രൂപമെടുത്ത സംഘടിക്കാനുള്ള ബോധമാണ് കായല്‍സമ്മേളനത്തിനും വിത്തിട്ടത്.  

നിഷേധിക്കപ്പെട്ട സ്ഥലത്തേക്ക് സമുദായാംഗങ്ങളെ വിളിച്ചു കയറ്റി ചരിത്രം സൃഷ്ടിച്ചത് പണ്ഡിറ്റ് കറുപ്പനായിരുന്നു. ഇപ്പോഴത്തെ എറണാകുളം സുഭാഷ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1916ല്‍ കൊച്ചി സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനമായിരുന്നു വേദി. തങ്ങള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് പ്രദര്‍ശനത്തില്‍ വച്ചിരുന്നതെങ്കിലും അവിടെ പ്രവേശിക്കാന്‍ സമുദായാംഗങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇത് പണ്ഡിറ്റ് കറുപ്പന്‍ കൊച്ചി ദിവാനായിരുന്ന ജോസഫ് വില്യം ബോറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പ്രദര്‍ശന നഗരിയിലേക്ക് പവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇങ്ങനെ, ജാതിവ്യവസ്ഥ ഉയര്‍ത്തിയ നെടുങ്കോട്ടകള്‍ തകര്‍ന്നടിയുന്നതിലേക്കുള്ള പലനീക്കങ്ങള്‍ക്കും കായല്‍സമ്മേളനം തുടക്കം കുറിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: kochi