Categories: Athletics

അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നലായി ശിവകുമാറും ദ്യുതിയും

തേഞ്ഞിപ്പലം: ഇരുപത്തിയഞ്ചാമത് ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റാണിയായി ഒഡീഷയുടെ ദ്യുതി ചന്ദും വേഗരാജനായി തമിഴ്നാടിന്റെ വി. ശിവകുമാറും മാറി. കോഴിക്കോട് സര്‍വകലാശാല സിന്തറ്റിക് ട്രാക്കിനെ വിസ്മയിപ്പിച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ചാമ്പ്യന്‍ഷിപ്പിന്റെ വേഗ താരങ്ങളായി മാറിയത്. പുരുഷവിഭാഗം 100 മീറ്ററില്‍ തമിഴ്‌നാട് താരങ്ങള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് ട്രാക്കില്‍ അരങ്ങേറിയത്. മൂന്നാം ലെയിനില്‍ ഓടിയ ബി. ശിവകുമാറും അഞ്ചാം ലെയിനില്‍ ഇറങ്ങിയ കെ. ഇലക്കിയ ദാസനും തമ്മില്‍ ഇഞ്ചോടിഞ്ച് പ്രകടനമുണ്ടായി. ഒടുവില്‍ 10.36 സെക്കന്‍ഡില്‍ ശിവകുമാര്‍ മീറ്റിന്റെ വേഗമേറിയ താരമായപ്പോള്‍ 10.37 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന എലക്യദാസ് വെള്ളിക്ക് അര്‍ഹനായി. പഞ്ചാബിന്റെ ഹര്‍ജിത്ത് സിങ് 10.43 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. മലയാളി പ്രതീക്ഷയായിരുന്ന അശ്വിന്‍ ഏറ്റവും അവസാനമായി എട്ടാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.

വനിതകളിലെ വേഗതാരപ്പോരാട്ടത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദിന് കാര്യമായ വെല്ലുവിളിയുണ്ടായില്ല. ദ്യുതി ചന്ദ് 11.49 സെക്കന്‍ഡില്‍ വേഗറാണിയായി. കേരളത്തിന്റെ പാലക്കാട് സ്വദേശിനി എം.വി. ജില്‍ന 11.63 സെക്കന്‍ഡില്‍ വെള്ളിക്ക് ഉടമയായി. രണ്ടു വര്‍ഷമായി മത്സര രംഗത്തു നിന്നും വിട്ടു നിന്ന ദില്‍നയുടെ മടങ്ങിവരവ് വെള്ളിനേട്ടത്തോടെ കാലിക്കറ്റ് സ്റ്റേഡിയത്തില്‍ ഗംഭീരമാക്കി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ ജില്‍ന അമ്മയായ ശേഷം കുറച്ചു കാലം ട്രാക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. സശസ്ത്ര സീമബെല്ലില്‍ കോണ്‍സ്റ്റബിളായ ജില്‍ന കൊല്ലത്ത് ആര്‍. ജയകുമാറിന് കീഴിലാണ് പരിശീലിക്കുന്നത്. പാലക്കാട് അമ്പലപ്പാറ സ്വദേശി മൂര്‍ത്തിയാണ് ഭര്‍ത്താവ്. ഈ വിജയം തന്റെ മകള്‍ ഇഷാന്‍വിക്കുള്ള സമ്മാനമാണെന്ന് ദില്‍ന പറഞ്ഞു. കര്‍ണാടകയുടെ എന്‍.എസ്. സിമിക്കാണ് (11.71 സെക്കന്‍ഡ്) ഈ ഇനത്തില്‍ വെങ്കലം.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: sports

Recent Posts