മേലെ കത്തിജ്വലിക്കുന്ന സൂര്യന്‍. താഴെ തിളച്ചുമറിയുന്ന ഉപ്പ് വെള്ളം. അതിനു രണ്ടിനും മധ്യേയാണ് അഗാരിയകള്‍. നാട്ടുകാരെയൊക്കെ ഉപ്പുതീറ്റിക്കാനുള്ള തിരക്കില്‍ വെള്ളം കുടിക്കാന്‍ പോലും മറക്കുന്ന പാവങ്ങള്‍. ഭാരതത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഉപ്പിന്റെ എഴുപത് ശതമാനവും കുറുക്കി ഉണക്കിത്തരുന്ന പാവങ്ങള്‍.
ഗുജറാത്തിലെ ‘റാന്‍ ഓഫ് കച്ചിലാ’ണ് ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. 5000 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സംരക്ഷിത മരുഭൂമിയായ റാന്‍ ഓഫ് കച്ചിനു ചുറ്റുമുള്ള നൂറില്‍ പരം ഗ്രാമങ്ങളിലാണ് അഗാരിയ വര്‍ഗക്കാരുടെ താമസം. അവരുടെ കുടുംബത്തൊഴിലാണ് ഉപ്പ് നിര്‍മാണം. അതിനു വേണ്ടിയാണവര്‍ എല്ലാവര്‍ഷവും ഒക്‌ടോബര്‍ മാസത്തില്‍ ഈ ആളില്ലാ ഭൂമിയിലെ ചെളിക്കളത്തില്‍ തമ്പടിക്കുന്നത്. രാപകലെന്യേ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഡീസല്‍ പമ്പുകളുടെ പുക ശ്വസിക്കുന്നത്.
അപൂര്‍വ വന്യജനുസ്സുകള്‍ രാപാര്‍ക്കുന്ന റാന്‍ ഓഫ് കച്ച് ഒരു സംരക്ഷിത പ്രദേശമാണ്. അപൂര്‍വമായി മാത്രം കാണപ്പെടുന്ന കാട്ടുകഴുതകളുടെ വാസസ്ഥാനം. മണ്‍സൂണ്‍ കാലത്ത് ഇവിടം ഒരു ഉപ്പുജല തടാകമായി മാറും. വടക്കന്‍ ഗുജറാത്തിലെ സൗരാഷ്‌ട്രയില്‍ ഒഴുകുന്ന നദികളിലെ പ്രളയജലവും അറബിക്കടലിലെ ഓരുവെള്ളവും ഇവിടമാകെ നിറയും.
ഏതാണ്ട് 35000 അഗാരിയ വര്‍ഗക്കാരാണ് ‘റാന്‍ ഓഫ് കച്ചി’ല്‍ ഉപ്പുണ്ടാക്കുന്നത്. വെള്ളം വാര്‍ന്നൊഴിഞ്ഞു കഴിയുമ്പോള്‍ അവരെല്ലാം അവിടെ ചെറു കിണറുകള്‍ കുത്തും. ഓരോ കിണറിലും ഉപ്പുവെള്ളം നിറയാന്‍ അല്‍പ്പവും വൈകില്ല. റാന്‍ ഓഫ് കച്ചില്‍ ആ സമയം പ്രവര്‍ത്തിക്കുക ആയിരക്കണക്കിന് ഡീസല്‍ പമ്പുകളാണ്. അവ കാര്‍ബണ്‍ഡൈ ഓക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും പുറത്തേക്ക് തള്ളുന്നു. അവയെല്ലാം ചേര്‍ന്ന് പ്രതിവര്‍ഷം ചുരുങ്ങിയത് 15000 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എങ്കിലുംപുറത്തേക്ക് തള്ളുന്നുവെന്നാണ് ഏകദേശ കണക്ക്.
കിണറുകളില്‍നിന്ന് പുറത്തെത്തിക്കുന്ന കുറുകിയ ഉപ്പുവെള്ളം ദീര്‍ഘചതുരാകൃതിയില്‍ തയ്യാറാക്കിയ ഉപ്പുകണ്ടങ്ങളില്‍ നിറക്കും. അത് സൂര്യതാപത്തില്‍ വറ്റുമ്പോഴാണ് ഉപ്പുപരലുകള്‍ ജനിക്കുക. രാത്രിയില്‍ പൂജ്യം ഡിഗ്രി മുതല്‍ തണുപ്പും പകല്‍ 50 ഡിഗ്രിവരെ ചൂടുമാണ് അഗാരികള്‍ സഹിക്കേണ്ടി വരുക. കടുത്ത ജോലിയാണവര്‍ക്ക്. ചൂട് മൂലമുള്ള നിരവധി രോഗങ്ങള്‍-തിളങ്ങുന്ന ഉപ്പിന്റെ വെള്ളയില്‍ കണ്ണ് മഞ്ചുന്നതിനാലുണ്ടാകുന്ന നേത്രരോഗങ്ങള്‍ ഡീസല്‍ പുക ശ്വസിച്ചുണ്ടാകുന്ന ക്ഷയം. തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങള്‍-അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഈ സ്ഥിതി മാറ്റാന്‍ സന്നദ്ധ സംഘടനകള്‍ എത്തിയത് അഗാരിയകളുടെ സൗഭാഗ്യം. പിന്നാലെ ഗുജറാത്ത് സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് മുന്നോട്ടുവന്നു. അങ്ങനെയാണ് ഡീസല്‍ പമ്പുകള്‍ക്കു പകരം സൂര്യശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന സോളാര്‍ പമ്പുകള്‍ നല്‍കാന്‍ തീരുമാനമുണ്ടായത്. മൂന്നരലക്ഷം രൂപ വരെ വിലമതിക്കുന്ന സോളാര്‍ പമ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 80 ശതമാനം സബ്‌സിഡി. അഞ്ച് വര്‍ഷം കൊണ്ട് 5000 സോളാര്‍ പമ്പുകള്‍ എന്ന ലക്ഷ്യം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൂര്‍ത്തിയായപ്പോള്‍ റാന്‍ ഓഫ് കച്ചില്‍ നിന്ന് കാര്‍ബണ്‍ഡയോക്‌സൈഡ് പുക വലിയൊരളവ് അപ്രത്യക്ഷമായി. ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനും വഴിയൊരുക്കുന്ന ഗ്രീന്‍ഹൗസ് മലിനവാതകത്തിന്റെ ഉത്സര്‍ജനത്തിലുണ്ടായ കുറവ് അന്തരീക്ഷം സംശുദ്ധമാക്കി. അഗാരിയകളുടെ ആരോഗ്യം വീണ്ടുകിട്ടി അവരുടെ ഇരുണ്ടമുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു. അവരുടെ സാമ്പത്തിക സ്ഥിതിയിലും മാറ്റം വന്നു. പ്രതിവര്‍ഷം ഏഴരലക്ഷം രൂപ വരെ ഡീസല്‍ പമ്പിന് ചിലവായിരുന്ന സ്ഥാനത്ത് 75 ശതമാനം വരെ ചെലവ് കുറയുന്നത് ചില്ലറ കാര്യമല്ലല്ലോ.
ഉപ്പിന്റെ ഉത്പാദനവും വര്‍ദ്ധിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിവര്‍ഷം 1800 ടണ്‍ വരെ ഉപ്പ് ഉല്‍പ്പാദിപ്പിച്ച കുടുംബങ്ങള്‍ക്ക് ഉല്‍പ്പാദനം 2500 ടണ്‍ വരെയായി ഉയര്‍ത്താന്‍ കഴിഞ്ഞു. അഗാരിയ സമൂഹം ആകെ ഉല്‍പ്പാദിപ്പിക്കുന്നത് പ്രതിവര്‍ഷം 350000 ടണ്‍ ഉപ്പാണെന്നും നാം അറിയണം. ലോകത്ത് ഉപ്പ് ഉത്പാദനത്തില്‍ മൂന്നാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്.
കാലാവസ്ഥാ മാറ്റം തടയുന്നതില്‍ ഗുജറാത്തിലെ ഉപ്പ് കര്‍ഷകരുടെ മഹത്തായ പങ്ക് ആണ് ഇതുവരെ ചര്‍ച്ച ചെയ്തത്. ഇനി കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും അധികമാരും അറിയാത്ത ഒരു വസ്തുത കൂടി കാലാവസ്ഥാ മാറ്റത്തെ ആദ്യമറിഞ്ഞയാള്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞന്റെ പേര് ജോണ്‍ ടിന്‍ഡല്‍. ആള്‍ ഐറിഷുകാരന്‍ നീരാവിയും കാര്‍ബണ്‍ഡൈ ഓക്‌സൈഡും അന്തരീക്ഷത്തിലെ മറ്റ് ഏത് വാതകത്തെക്കാളും ചൂട് ആഗിരണം ചെയ്യുമെന്ന് അദ്ദേഹം കണ്ടെത്തിയത് 1861 ല്‍. എന്നാല്‍ അതിനും അഞ്ചുവര്‍ഷം മുന്‍പ് മറ്റൊരാള്‍ ഇതേ കാര്യം കണ്ടെത്തിയിരുന്നത്രെ-എനിസ് ന്യൂട്ടന്‍ ഫുട് (Eunice Newton Foote) എന്ന അമേരിക്കക്കാരി. ആള്‍ ഒരു ശാസ്ത്രജ്ഞയല്ലാതിരുന്നതിനാല്‍ അവരുടെ കണ്ടുപിടുത്തം അവഗണിക്കപ്പെട്ടുവെന്ന് മാത്രം.
1819 ല്‍ അമേരിക്കയിലെ കണക്ടിക്കട്ടില്‍ ജനിച്ച എനിസ്, ട്രോയ് ഫിമെയില്‍ സെമിനാരിയിലാണ് പഠിച്ചത്. വനിതാ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ അവര്‍ക്ക് ശാസ്ത്രവും ഗവേഷണവും ഒരു പാര്‍ട്ട് ടൈം തൊഴില്‍ മാത്രമായിരുന്നു. വനിതകള്‍ക്ക് ശാസ്ത്രമേഖലയില്‍ പ്രവേശനം നല്‍കുന്നതിന് ലോകം അറച്ചുനിന്ന അക്കാലത്ത് അവര്‍ പരീക്ഷണങ്ങള്‍ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. ”മലയുടെ മുകളില്‍ തണുപ്പ് കൂടുതലാണ്. അതിനാല്‍ മലമുകളില്‍ ജാക്കറ്റ് ധരിക്കണം. എന്നാല്‍ താഴ്‌വാരത്തില്‍ തണുപ്പ് കുറവും.” ഈ വസ്തുതക്ക് ആരും അവര്‍ക്ക് വിശദീകരണം നല്‍കിയില്ല. അതിനാല്‍ വാസ്തവം അറിയാന്‍ എനിക്ക് തുനിഞ്ഞിറങ്ങി. തെര്‍മോ മീറ്റര്‍ ഘടിപ്പിച്ച രണ്ട് സിലിണ്ടറുകളുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.
പിന്നീട് അന്ന് അപൂര്‍വ്വ വാതകമെന്ന് കരുതിയ കാര്‍ബണ്‍ഡൈ ഓക്‌സൈഡായി ഒരു സിലണ്ടറില്‍. വാതകത്തിന്റെ അളവ് വര്‍ധിക്കുന്നതനുസരിച്ച് അന്തരീക്ഷത്തിലെ ഊഷ്മാവ് വര്‍ധിക്കുമെന്ന് അവര്‍ നിരീക്ഷിച്ചു. നീരാവിയെക്കാളും താപ ആഗിരണശേഷി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനാണെന്നും അവര്‍ പരീക്ഷിച്ചറിഞ്ഞു. അറിഞ്ഞതൊക്കെ 1856 ല്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു-അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് സയന്‍സ് ആന്റ് ആര്‍ട്‌സിലും സയന്റിഫിക് അമേരിക്കയിലും. എങ്കിലും എനിസ് അവഗണിക്കപ്പെട്ടു.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ താപ ആഗിരണ ശേഷിയെയും അത് കാലാവസ്ഥയില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനത്തെയും കുറിച്ച് ആദ്യം ലോകത്തെ അറിയിച്ചില്ല. എനിസ് ഇപ്പോള്‍ വീണ്ടും ഓര്‍മിക്കപ്പെടുകയാണ്. ഒരുപക്ഷേ ശാസ്ത്ര ചരിത്രത്തിലെ ഒരു നിയോഗമാകാം. എനിസ് ന്യൂട്ടന്‍ ഫുടിന് നമോവാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക