ഡിസംബര്‍ 10 ആഗോള മനുഷ്യാവകാശ ദിനമായിട്ടാണ് ആചരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട രേഖ എന്ന ബഹുമതി യുഎന്‍ ചാര്‍ട്ട് അനുസരിച്ച് 1948 ഡിസംബര്‍ 10 ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിനാണ്. വാസ്തവത്തില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ അരങ്ങേറിയ അതിക്രൂര മനുഷ്യാവകാശ ലംഘനങ്ങളാണ് സാര്‍വ്വദേശീയ മനുഷ്യാവകാശം എന്ന ഐതിഹാസിക നിയമ നിര്‍മ്മിതിയ്‌ക്ക് ഐക്യരാഷ്‌ട്രസഭയെ പ്രേരിപ്പിച്ചത്. 30 അനുച്ഛേദങ്ങളും ആമുഖവുമടങ്ങുന്നതാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം.
എല്ലാ മനുഷ്യജീവികളും സ്വതന്ത്രരായി ജനിക്കുകയും പദവിയിലും ഒരേ അവകാശങ്ങളിലും തുല്യത പുലര്‍ത്തുകയും ചെയ്യുന്നു. അവര്‍ ബുദ്ധിയും മനഃസാക്ഷിയും കൊണ്ട് അനുഗൃഹീതരും പരസ്പര സാഹോദര്യം പുലര്‍ത്താന്‍ നിര്‍ബ്ബന്ധിതരുമാണ്. ഇതാണ് രാഷ്ട്രാന്തര പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ അന്തസ്സോടെയും സുരക്ഷിതരായും ജീവിക്കുന്നതിനും പദവിയും മാന്യതയും കാത്തുസൂക്ഷിച്ചു കൊണ്ട് സംതൃപ്തമായ സാമൂഹിക ജീവിതം നയിക്കുവാനും നിയമം മനുഷ്യാവകാശങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു എന്നതാണ് പ്രഖ്യാപനത്തിലെ സവിശേഷത.
1948 ല്‍ ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച ആഗോള മനുഷ്യാവകാശ ഉടമ്പടികള്‍ പ്രാബല്യത്തില്‍ വന്നത് 1976 ലാണ്. ഇന്ത്യന്‍ ഭരണഘടനയെയും മനുഷ്യാവകാശ പ്രഖ്യാപനം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനയുടെ മൂന്നാം ഭാഗം 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങളില്‍ ഉള്‍പ്പെടുത്തിയ മൗലിക തത്വങ്ങളില്‍ ഈ സ്വാധീനം പ്രകടമാണ്.1993 സെപ്തംബര്‍ 28ന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ദേശീയ കമ്മീഷനും തുടര്‍ന്ന് സംസ്ഥാന കമ്മീഷനുകളും നിലവില്‍ വന്നു.
മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോഴും സമൂഹത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അനേകം അരങ്ങേറുന്നുണ്ട്. നിയമത്തിന്റെ പ്രയോഗവത്കരണം മാതൃകാപരമായിരിക്കണം. അരക്ഷിതാവസ്ഥയിലൂടെ ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ക്കും അശാന്തിയുടെ കാര്‍മേഘങ്ങള്‍ക്ക് കീഴെ സ്വയം പഴിച്ച് കഴിയുന്നവര്‍ക്കും മനുഷ്യാവകാശ സംരക്ഷണ നിയമം തുണയാകണം. രാജ്യത്താകമാനം ജാതിയുടെ പേരില്‍ അസഹിഷ്ണുതയുടെ പുകച്ചുരുള്‍ ഉയരുകയാണ്. സാമ്പത്തിക അന്തരവും സാമൂഹിക വേര്‍തിരിവുകളും ഏറി വരുന്നു. ഓരോ മേഖലകള്‍ പ്രത്യേകമായി എടുത്തു പരിശോധിച്ചാലും അസമത്വങ്ങള്‍ വര്‍ധിക്കുന്നതായി കാണാം.
പൗരതുല്യത നിയമമായി നിലനില്‍ക്കുമ്പോഴും പൗരന്മാരെ ഒന്നായി കാണാത്ത നിയമങ്ങള്‍ സ്വയം പരിഹാസ്യമാകും. പോഷകാഹാരക്കുറവ് മൂലം മരണത്തിലേക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്തുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങളേയും അമ്മമാരെയും മനുഷ്യാവകാശ നിയമം അനുഭാവത്തോടെ ഏറ്റെടുക്കണം. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും ചോര്‍ച്ചയില്ലാത്തതും അടച്ചുറപ്പുള്ളതുമായ ഭവനം എന്ന സ്വപ്‌നം സഫലമാകണം. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അടിത്തട്ട് ജീവിതങ്ങളെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും വേണം.
വസ്ത്രധാരണം, ഭക്ഷണം, മതവിശ്വാസം, ആരാധന, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സ്വതന്ത്ര സഞ്ചാരം, സര്‍വ്വീസിലെ ആനുപാതിക പ്രാതിനിധ്യം, ഇഷ്ട വിനോദങ്ങള്‍, ഇഷ്ടപ്പെട്ട തൊഴില്‍, ആഗ്രഹിക്കുന്ന വിദ്യാഭ്യാസം, രാഷ്ടീയ നീതി, പൊതുപ്രവര്‍ത്തനം, അധികാര പങ്കാളിത്തം എന്നിവയൊക്കെ നിര്‍ഭയമായി തെരഞ്ഞെടുക്കാനും ആര്‍ജ്ജിക്കാനും അനുഭവിക്കാനുമുള്ള അവസരം ഒരുക്കണം.
(സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
9497336510
പ്രതികരിക്കാൻ ഇവിടെ എഴുതുക: