Categories: Health

ആരോഗ്യം ആയുര്‍വേദത്തിലൂടെ; ആയുര്‍വേദ ഗുളികകളുടെ നിര്‍മാണ വിധി

യുര്‍വേദത്തില്‍ നിര്‍ദിഷ്ട വിധിപ്രകാരമാണ് ഗുളികകള്‍ തയ്യാറാക്കുന്നത്. മരുന്നുകളെല്ലാം നന്നായി ഉണക്കിപ്പൊടിച്ച് പറഞ്ഞിരിക്കുന്ന ദ്രവത്തില്‍ കല്ലാറാതെ അരച്ച്, കല്ല് ഉരുളുമ്പോള്‍ അതില്‍ പറ്റിപ്പിടിക്കുന്ന പാകത്തില്‍ ഉരുട്ടി വെയിലിലോ, പാത്രത്തില്‍ വെച്ച് അതിനു മീതെ തുണി വിരിച്ച് നിഴലിലോ ഉണക്കിയെടുത്താണ് ഗുളികകള്‍ ഉണ്ടാക്കുന്നത്. ഇങ്ങനെ അഞ്ചോ ആറോ ദിവസം ഉണക്കിയെടുക്കണം.  

മരുന്ന് അരയ്‌ക്കുന്നതിനുള്ള ദ്രവമായി കഷായം, വെള്ളം, ഇടിച്ചുപിഴിഞ്ഞ ചാറ്, കാടിവെള്ളം, ഗോമൂത്രം, ആട്ടിന്‍ മൂത്രം, ശിശുക്കളുടെ മൂത്രം എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്നത്.  

കല്ലുരുളുമ്പോള്‍ മരുന്ന്  കല്ലില്‍ പറ്റിപിടിക്കുന്ന പാകത്തിന് കല്‍പ്പാകമെന്നാണ് പറയുന്നത്. ഗുളിക ഉരുട്ടിയെടുക്കുന്ന വലിപ്പത്തിനും ആയുര്‍വേദത്തില്‍ പ്രത്യേക പേരുകളുണ്ട്. ചെറുപയര്‍ പ്രമാണം, കാപ്പിക്കുരു പ്രമാണം, ചുണ്ടയ്‌ക്കാ പ്രമാണം എന്നിങ്ങനെയാണ് ഗുളികയുരുട്ടാനുള്ള അളവുകള്‍ അറിയപ്പെടുന്നത്.  

ഉണക്കിയെടുത്ത ഗുളികള്‍ സൂക്ഷിക്കുന്നതിനും ചിട്ടവട്ടങ്ങളുണ്ട്. മൃഗങ്ങളുടെ കൊമ്പുകളിലും ചോറും പരിപ്പും കളഞ്ഞെടുത്ത കൂവളക്കായക്ക് ഉള്ളിലും ഗുളികകള്‍ ഇട്ട് വിറക് അടുപ്പിന്  അടുത്ത് സൂക്ഷിക്കാറുണ്ട്. സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന്  പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഗുളികകള്‍ ചില്ലു പാത്രത്തില്‍ സൂക്ഷിക്കാം. വില്വാദി ഗുളിക കൂവളക്കുടുക്കയിലാണ് ഇട്ടു വയ്‌ക്കേണ്ടത്. മൃതസഞ്ജീവനി ഗുളിക കാട്ടുപന്നിയുടെ മൂത്ര സഞ്ചിയിലാണ് സൂക്ഷിക്കേണ്ടത്. ധന്വന്തരം ഗുളിക ചില്ലുപാത്രത്തില്‍ ഇട്ടു വയ്‌ക്കണം.  

ഗുളികള്‍ സേവിക്കേണ്ട ദ്രാവകത്തിന് അനുപാനമെന്നാണ് പറയുന്നത്. വയറിളക്കം വന്നാല്‍  വില്വാദി ഗുളിക, തേന്‍ അനുപാനമായി ഉപയോഗിക്കാം. പുളിച്ചു തികട്ടലും വായുകോപവും മാറാന്‍  ഇഞ്ചിനീര്‍ അനുപാനമായെടുത്ത് വില്വാദി ഗുളിക സേവിക്കണം.  

വിഷം തീണ്ടിയാല്‍ (പഴുതാര, ചിലന്തി, പാമ്പ് തുടങ്ങിയവ കടിച്ചാല്‍) മനുഷ്യമൂത്രത്തില്‍ മഞ്ഞള്‍, വെളുത്തുള്ളി, വെറ്റില, കായം, തുളസിക്കതിര്‍ എന്നിവ ചേര്‍ത്ത് കഴിക്കാറുണ്ട്. ഇവിടെ മനുഷ്യമൂത്രം മാത്രമല്ല, വെറ്റില, തുളസിക്കതിര്‍ ഇവയെല്ലാം അനുപാനമാണ്. പനി ഭേദമാകാന്‍ ശ്രീമൃത്യുഞ്ജയ രസം എന്ന ഗുളിക ഇഞ്ചിനീര്‍ അനുപാനമായി സേവിക്കാം. രണ്ടു ദിവസം കൊണ്ട് പനി ശമിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക