നാട്ടുരാജാക്കന്മാരെല്ലാം മാമൂല്‍പ്രിയരും അന്ധവിശ്വാസികളുമാണെന്നാണ് ‘ബുദ്ധിമാന്മാ’രായ നമ്മുടെയൊക്കെ പൊതുധാരണ. പക്ഷേ ഈ പംക്തി വായിച്ചു കഴിഞ്ഞാല്‍ നാം ആ ധാരണ തിരുത്തണം. തിരുവിതാംകൂര്‍ ഭരിച്ച ആയില്യം തിരുനാള്‍ മഹാരാജാവ് ഒന്നരനൂറ്റാണ്ടു മുന്‍പ് പുറപ്പെടുവിച്ച കര്‍ക്കശമായ ഒരു ഉത്തരവാണ് അതിന് സഹായിക്കുക. വസൂരിബാധ തടയാന്‍ വാക്‌സിനേഷന്‍ (ഗോവസൂരി പ്രയോഗം) നിര്‍ബന്ധമായും നടത്തണമെന്നാണീ ഉത്തരവ് പറയുന്നത്. വാക്‌സിനേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാതൊരുത്തനെയും സര്‍ക്കാര്‍ ജീവനത്തില്‍ കയറ്റില്ലെന്നും, സ്‌കൂളിലെ എല്ലാ കുട്ടികളും വാക്‌സിനേഷന്‍ നടത്തിയില്ലെങ്കില്‍ ഗ്രാന്റ് തടയുമെന്നും, വക്കീലന്മാര്‍ നിര്‍ബന്ധമായി കുത്തിവയ്പ് എടുക്കണമെന്നും കൊല്ലവര്‍ഷം 1058(1878) കര്‍ക്കിടകം 31 ന് ആയില്യം തിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച 213-ാം നമ്പര്‍ ഉത്തരവ് വ്യക്തമാക്കുന്നു.
വാക്‌സിനേഷനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ആളുകള്‍ ഇന്നും ജീവിക്കുന്ന ഈ സാക്ഷര കേരളത്തില്‍ ഒന്നരനൂറ്റാണ്ടിനപ്പുറത്തെ ഒരു മഹാരാജാവിന്റെ ഈ ശാസ്ത്രബോധം തികച്ചും അതിശയകരമായി തോന്നിയേക്കാം. പ്രത്യേകിച്ചും, വ്യാപകമായ കൊവിഡ് വാക്‌സിന്‍ പ്രയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന ഈ വേളയില്‍. ഇനി വിളംബരത്തിലേക്ക്-
എന്തെന്നാല്‍-അനേകം ആളുകള്‍ക്ക് വസൂരിദീനം കഠിനമായി പിടിപെടാതിരിക്കാന്‍വേണ്ടി ഫലിതമായുള്ള ഗോവസൂരി പ്രയോഗത്താല്‍ ഉണ്ടാകുന്ന രക്ഷ ചെയ്തുകൊള്ളുന്നില്ലെന്നു നാം അറിയുന്നതും കഴിയുന്നിടത്തോളം ആ ദീനത്തിന്റെ ഉപദ്രവങ്ങള്‍ക്കു ശമനം വരുത്തണമെന്നു നമുക്കു താല്‍പ്പര്യമുള്ളതും ആകെ ജീവനക്കാരായുള്ള എല്ലാവരും കഴിഞ്ഞ അഞ്ചുസംവത്സരത്തിനകത്തു ഗോവസൂരി പ്രയോഗം ചെയ്യിച്ചിട്ടില്ലായിരുന്നാല്‍ ജീവനത്തിലേക്ക് കൂടിയെ കഴിയൂ എന്നുള്ള ഒരു അവസ്ഥയായിട്ടു ഈ വിളംബരത്തിന്റെ തീയതിമുതല്‍ മൂന്നു മാസത്തിനകം ഗോവസൂരി പ്രയോഗം ചെയ്യിച്ചുകൊള്ളേണ്ടതും ഇനിമേല്‍ മേല്‍പ്പറഞ്ഞ കാലത്തിനകത്തു ഗോവസൂരി പ്രയോഗം ചെയ്യിച്ചിട്ടുണ്ടെന്നുള്ളതിലേക്കു ഒരു സര്‍ട്ടിഫിക്കറ്റു കൊണ്ടുവന്ന് കാണിച്ചല്ലാതെ യാതൊരുത്തനെയും സര്‍ക്കാരു ജീവനത്തില്‍ ആക്കികൂടുന്നതല്ലാത്തതും ആകുന്നു.
ഈ സംസ്ഥാനത്തില്‍ നേരെ സര്‍ക്കാര്‍ മേല്‍വിചാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതോ ഗ്രാന്റു വാങ്ങിച്ചുവരുന്നതൊ ആയ പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും പള്ളിക്കൂടത്തില്‍ ഇരുന്നു പഠിക്കേണ്ടതിലേക്കു കൂടിയേ കഴിയൂ എന്നുള്ള ഒരു അവസ്ഥയായിട്ടു ഗോവസൂരി പ്രയോഗം ചെയ്യിച്ചുകൊള്ളേണ്ടതും കുട്ടിക്കു ഗോവസൂരി പ്രയോഗം ചെയ്യിച്ചിട്ടുണ്ടെന്നു വാദ്ധ്യാര്‍ക്കു ബോധം വന്നല്ലാതെ നൂതനമായി ഒരു കുട്ടിയേയും പള്ളിക്കൂടത്തില്‍ എടുത്തുകൂടാത്തതും ആകുന്നു. ഗ്രാന്റിനെയ്ഡ് പള്ളിക്കൂടങ്ങളുടെ മേല്‍വിചാരക്കാറര പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ക്കു എല്ലാവര്‍ക്കും ഗോവസൂരി പ്രയോഗം ചെയ്യിച്ചിട്ടുണ്ടെന്നു ഗ്രാന്റു കിട്ടേണ്ടതിലേക്കു തങ്ങള്‍ അയക്കുന്ന ബീലുകളില്‍ എഴുതി അയക്കേണ്ടതാകുന്നു.
കോര്‍ട്ടുകളില്‍ സന്നദുംപ്രകാരം വ്യവഹാരം പറഞ്ഞുവരുന്ന വക്കീലന്മാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ചട്ടം സംബന്ധിക്കുന്നതാകുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ താമസിപ്പിച്ചിട്ടുള്ളവരോ അവിടെനിന്നും ചികിത്സിപ്പിച്ചിരുന്നവരോ ആയ എല്ലാ രോഗികള്‍ക്കും ക്രിമിനല്‍ തീര്‍പ്പുംപ്രകാരം ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന എല്ലാ തടവുപുള്ളിക്കാര്‍ക്കും ധര്‍മകഞ്ഞിപ്പുറകളില്‍നിന്നും ഉപജീവനം കഴിച്ചുവരുന്ന ദരിദ്രന്മാര്‍ക്കും ഗോവസൂരി പ്രയോഗം ചെയ്യിച്ചുകൊള്ളേണ്ടതാകുന്നു.
ഈ വിളംബരത്താല്‍ ഗോവസൂരി പ്രയോഗം ചെയ്യിച്ചേ കഴിയൂ എന്നു നിര്‍ബന്ധം ഉള്ള സ്ഥിതിയില്‍ ഇരിക്കുന്ന നാളത്രയും മേല്‍പ്പറഞ്ഞ ആളുകള്‍ എല്ലാവരും അയ്യഞ്ചു സംവത്സരത്തില്‍ ഒരിക്കല്‍ ഗോവസൂരി പ്രയോഗം അവശ്യം ആവര്‍ത്തിച്ചു ചെയ്യിച്ചുകൊള്ളേണ്ടതാകുന്നു.
മേല്‍പ്പറഞ്ഞ എല്ലാ ആളുകളുടെയും മേലധികാരികളായ പാഠശാലകളുടെയും മറ്റും മേല്‍വിചാരക്കാറരും ഓരോ ഡിപ്പാര്‍ട്ടുമെന്റുകളിലെ പ്രമാണികളും ഈ വിളംബരത്തിലെ താല്‍പ്പര്യപ്രകാരം നടത്തിച്ചുകൊള്ളേണ്ടതാകുന്നു.
ജീവനക്കാര്‍ എല്ലാവരും ഉദ്യോഗസ്ഥന്മാരുടെ പ്രത്യേകവും അവരുടെ പാര്‍ശ്വത്തില്‍ ഉള്ള എല്ലാവരോടും ആ പ്രയോഗം ചെയ്യിച്ചുകൊള്ളുന്നതിനു പറഞ്ഞു നമ്മുടെ അഭീഷ്ടം സാധിപ്പിക്കേണ്ടതാകുന്നു.
ഏത് സര്‍ക്കാര്‍ ജീവനക്കാരന്‍ എങ്കിലും ഗോവസൂരി പ്രയോഗം ചെയ്യിക്കുന്നതിലേക്കു ജനങ്ങള്‍ക്കു വൈമുഖ്യം വരുത്തുകയോ ഇതില്‍ പറഞ്ഞിട്ടുള്ളതുപോലെ ഉള്ള എല്ലാവരോടും ആ പ്രയോഗം ചെയ്യിച്ചുകൊള്ളുന്നതിനു പറഞ്ഞു നമ്മുടെ അഭീഷ്ടം സാധിപ്പിക്കേണ്ടതാകുന്നു.
ഗോവസൂരി പ്രയോഗം സിദ്ധമായിട്ടുള്ള ഒരു ഉപശാന്തി ആണെന്നു ദൃഢമായി വിശ്വസിച്ചു കൊട്ടാരത്തില്‍ ഉള്ളവര്‍ക്കു തന്നെയും ആ പ്രയോഗത്താല്‍ ഉള്ള രക്ഷ ചെയ്യിച്ചിരിക്കുന്നു എന്നും തങ്ങള്‍ക്കും തങ്ങളോടു നിത്യസഹവാസം ഉള്ള ആളുകള്‍ക്കുംവേണ്ടി ഈ ദുഷ്ടരോഗമായ വസൂരിയെ നാട്ടില്‍നിന്നും കളയുന്നതു അവരു നടത്തേണ്ടതായ ഒരു കര്‍ത്തവ്യകര്‍മമാണെന്നും നമ്മുടെ പ്രജകള്‍ എല്ലാവരും പ്രത്യേകം ഗ്രഹിച്ചുകൊള്ളേണ്ടതാകുന്നു. വയസ്സുചെന്നിട്ടുള്ളവരോ ചെറുപ്പക്കാരോ ആയ പുരുഷനാകട്ടെ സ്ത്രീയാകട്ടെ എല്ലാവരും ഗോവസൂരി പ്രയോഗത്താല്‍ രക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ആ ഒരു അവസ്ഥ ലഭിക്കും എന്നു വിശ്വസിക്കാവൂ.
അനേകം ദശങ്ങളില്‍ ചട്ടപ്രകാരം ശിക്ഷ നിശ്ചയിച്ചു ജനസമുദായത്തിന്റെ രക്ഷക്കു നിശ്ചയമായുള്ള ഒരു ഉപായമായിട്ടു ഗോവസൂരി പ്രയോഗം എല്ലാവരും ചെയ്‌തേ കഴിയൂ എന്നു നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തെ അങ്ങനെ ശിക്ഷ ഏര്‍പ്പെടുത്തി നടത്തിക്കാതെയിരിക്കുന്നതു നമ്മുടെ പ്രജകളുടെ ഗുണത്തിനായിക്കൊണ്ടുള്ള നമ്മുടെ അഭീഷ്ടത്തെ ഇപ്രകാരം അവരെ ഗ്രഹിപ്പിച്ചുകൂടുമ്പോള്‍ തന്നെ അവര് എല്ലാവരും സ്വമേധയാ ഈ പ്രയോഗം ചെയ്യുന്നതാണെന്നുള്ളതിലേക്കു നമുക്ക് സംശയമില്ലാഴികയാല്‍ ചട്ടത്താല്‍ നിര്‍ബന്ധം ചെയ്യുന്നതില്‍ മനസ്സു ഇല്ലായ്മകൊണ്ടത്രേ ആകുന്നു (1058 കര്‍ക്കടകം 31)
പ്രതികരിക്കാൻ ഇവിടെ എഴുതുക: