Categories: Music

നാവിന്‍ തുമ്പത്തെ നാടന്‍ ഈണങ്ങള്‍

നാടന്‍ ഈണങ്ങളിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനശാഖയെ സമ്പന്നമാക്കിയ കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് നാളെ ഏഴ് വര്‍ഷം

ലയാള ചലച്ചിത്ര ഗാനങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലെത്തിച്ച കെ. രാഘവന്‍ മാസ്റ്റര്‍ എന്ന തലശ്ശേരിക്കാരന്‍ ഓര്‍മയായിട്ട് ഏഴ് വര്‍ഷം. ഹിന്ദി, തമിഴ് ഈണങ്ങള്‍ മാത്രം കേട്ടുള്ള ആസ്വാദകര്‍ക്ക് സംഗീതത്തിന്റെ പു

തിയ നാട്ടുവഴികള്‍ വെട്ടിത്തെളിച്ച സംഗീതജ്ഞന്‍. ഒരു ഫുട്‌ബോള്‍ കളിക്കാരനായി തുടങ്ങി ജീവിതവഴികളിലൂടെ കഷ്ടപ്പാടുകളുടെ കയ്‌പ്പുനീര്‍ കുടിച്ചുകൊണ്ടുള്ള മുന്നേറ്റത്തില്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ഓള്‍ ഇന്ത്യ റേഡിയോ മദ്രാസ് നിലയത്തിലെ ആര്‍ട്ടിസ്റ്റായാണ്. അവിടെനിന്നും കോഴിക്കോട് ആകാശവാണി നിലയത്തില്‍ എത്തിച്ചേരുകയും, പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരനുമായി ചേര്‍ന്ന് ആകാശവാണിയുടെ ലളിതഗാന ശാഖയെ പരിപോഷിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മികച്ച കവികളുടെയും ഗാന രചയിതാക്കളുടെയും രചനകള്‍ക്ക് നാടന്‍ സംഗീതത്തിന്റെ മധുരം പുരട്ടിക്കൊണ്ടുള്ള യാത്രയായിരുന്നു. നാടന്‍ ശീലുകള്‍ക്ക് വശ്യതയാര്‍ന്ന സംഗീതം- അതാണ് രാഘവ സംഗീതത്തിനു തുടക്കംകുറിച്ചത്. വെറുമൊരു സംഗീതജ്ഞന്‍ മാത്രമായിരുന്നില്ല. സംഗീതാദ്ധ്യാപകനും നല്ല ഗായകനും കൂടിയായിരുന്നു.

1954 ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആണ് രാഘവന്‍ മാസ്റ്ററെ ഏറെ പ്രശക്തിയിലേക്കെത്തിച്ചത്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് ഇമ്പമുള്ള സംഗീതം പകര്‍ന്നപ്പോള്‍ മലയാളികള്‍ അതു നെഞ്ചോടു ചേര്‍ക്കുകയായിരുന്നു.

ആദികാല മലയാള സിനിമാ ഗാനങ്ങളുടെ ഈണങ്ങള്‍ തമിഴ്, ഹിന്ദി ഗാനങ്ങളില്‍നിന്നും കടമെടുത്തവയായിരുന്നുവല്ലോ. ഈ രീതിക്ക് മാറ്റം കുറിച്ചത് രാഘവന്‍ മാസ്റ്ററിന്റെ വരവോടുകൂടിയായിരുന്നു. 1954 ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചിച്ച ‘കായലരികത്തു വലയെറിഞ്ഞപ്പോള്‍’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് മാസ്റ്റര്‍ പ്രശസ്തിയിലേക്ക് എത്തിയത്. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ ചിത്രത്തിലെ എല്ലാ പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് രാഘവന്‍ മാസ്റ്ററാണ്. ‘കായലരികത്ത്’ എന്ന ഗാനം പാടിയതും മാസ്റ്ററായിരുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റാക്കിയത് നാട്ടു തനിമയുള്ള വരികള്‍ക്ക് പകര്‍ന്നുകൊടുത്ത നാടന്‍ സംഗീതമായിരുന്നു. ഗാനങ്ങളില്‍ പിന്നീടങ്ങോട്ട് 60 ല്‍പ്പരം ചിത്രങ്ങള്‍, 400 ലധികം പാട്ടുകള്‍. ഒട്ടുമുക്കാലും ഇന്നും ആസ്വാദകരുടെ മനസ്സു മൂളുന്നവ.

കൂടപ്പിറപ്പ് എന്ന ചിത്രത്തിനുവേണ്ടി ശാന്താ പി. നായര്‍ ആലപിച്ച തുമ്പീ തുമ്പീ വാവാ, പി. ജയചന്ദ്രന്റെ നാളികേരത്തിന്റെ നാട്ടില്‍, കരിമുകില്‍ കാട്ടിലെ, ബ്രഹ്മാനന്ദന്‍ പാടിയ മാനത്തെ കായലില്‍, മഞ്ജുഭാഷിണി മണിയറ വീണയില്‍, കിളിവാതിലില്‍ മുട്ടി വിളിച്ചത്, ശ്യാമ സുന്ദര പുഷ്പമേ,  ഏകാന്തപഥികന്‍ ഞാന്‍, കാനനഛായയില്‍ ആടുമേയ്‌ക്കാന്‍, ഉണരൂ ഉണ്ണിക്കണ്ണാ, തുമ്പീ തുമ്പീ വാ വാ എന്നീ ഗാനങ്ങളുടെ രചയിതാവ് വയലാര്‍ രാമവര്‍മ്മയായിരുന്നു. വയലാറിന്റെ ആദ്യത്തെ സിനിമാ ഗാനരചനയ്‌ക്ക് രാഘവന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയതെന്ന കാര്യം എടുത്തുപറയത്തക്കതാണ്.

നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, രമണന്‍, നായരുപിടിച്ച പുലിവാല്‍, കൂടപ്പിറപ്പ്, കള്ളിച്ചെല്ലമ്മ, അമ്മയെ കാണാന്‍, മാമാങ്കം, നിര്‍മാല്യം, കൊടുങ്ങല്ലൂരമ്മ, കടത്തനാടന്‍ അമ്പാടി തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും, ഒടുവില്‍ തന്റെ 97-ാം വയസ്സില്‍ മമ്മൂട്ടി അഭിനയിച്ച ‘ബാല്യകാല സഖി’ എന്ന ചിത്രത്തിനുവേണ്ടിയും സംഗീതം ചെയ്യുകയുമുണ്ടായി. ലളിതമായ നാടന്‍ ശീലുകളുടെ മധുരിമയാര്‍ന്ന സംഗീതമായിരുന്നു എല്ലാം. മലയാളി അതുവരെ കേള്‍ക്കാത്ത സംഗീതത്തിന്റെ ദിശാവ്യതിയാനം കാട്ടിത്തരികയായിരുന്നു രാഘവന്‍ മാസ്റ്റര്‍. എം.എസ്. ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമികളും ദേവരാജന്‍ മാസ്റ്ററും സമ്പന്നമാക്കിയ സംഗീത മേഖലയുടെ അടിസ്ഥാന പൈതൃകത്തോട് നീതി പുലര്‍ത്തിയ സംഗീതജ്ഞന്‍ എന്ന ഖ്യാതി രാഘവന്‍ മാസ്റ്റര്‍ക്കു നല്‍കുന്നത് തികച്ചും യോഗ്യമാണ്.

അഭിനയത്തിന്റെ മോഹവുമായി മദ്രാസില്‍ അലഞ്ഞു നടന്ന് ഒടുവില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഒരു തംബുരു ആര്‍ട്ടിസ്റ്റായി. ബാല്യം മുതല്‍ യൗവ്വനം വരെ കഷ്ടപ്പാടുകളുടെ ഘോഷയാത്ര തന്നെയായിരുന്നു മാസ്റ്ററുടെ ജീവിതം. മൂന്നു വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. സംഗീത പാരമ്പര്യം ഇല്ലാത്ത ഒരു കുടുംബത്തിലായിരുന്നു ജനനം. പിന്നെ എല്ലാം നേടിയെടുത്തത് ആത്മവിശ്വാസംകൊണ്ടു മാത്രമായിരുന്നു.  

സിനിമകള്‍ക്കു ജീവിതം നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ സംഗീതജ്ഞന്‍ എന്ന ബഹുമതിയും രാഘവന്‍ മാസ്റ്റര്‍ നേടിയെടുത്തു. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ചലച്ചിത്ര ഗാനങ്ങളെ ഭക്തിസാന്ദ്രമാക്കിയപ്പോള്‍ രാഘവന്‍ മാഷ് മലയാള വരികള്‍ക്ക് നാടന്‍ രുചി പകരുകയായിരുന്നു.

2010 ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1973 ലും 77 ലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 97 ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും പിന്നെ എം.ജി. രാധാകൃഷ്ണന്‍ അവാര്‍ഡും. പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ തുടങ്ങിയ പ്രഗത്ഭ ഗായകരെ രംഗത്തുകൊണ്ടുവന്നത് മാസ്റ്റര്‍ ആയിരുന്നു. തിരുവനന്തപുരം ആകാശവാണിയെ എം.ജി. രാധാകൃഷ്ണന്‍ ലളിതഗാനത്താല്‍ പ്രസിദ്ധമാക്കിയപ്പോള്‍ രാഘവന്‍ മാസ്റ്റര്‍ കോഴിക്കോട് ആകാശവാണിയെ പ്രമുഖ കവികളുടെ ലളിതഗാന രചനയ്‌ക്ക് സംഗീതത്തിന്റെ മിഴിവു പകര്‍ന്നു കൊടുക്കുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക