Categories: Varadyam

ഒരമ്മയുടെ 1500 കവിതകള്‍

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിന് സമീപം കനകത്തെടത്ത് ജന്മി കുടുംബത്തില്‍ ജനിച്ച ഭവാനി ടീച്ചര്‍ അന്നും ഇന്നും ലാളിത്യത്തിന് ഉടമയെന്ന് സഹപാഠികളും കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. ടീച്ചറുടെ കുടുംബം ആറളം ഫാമിന് 12000 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണനെ ഹൃദയത്തില്‍ ആവാഹിച്ച ഈ അമ്മ ആയിരത്തോളം കൃഷ്ണ ഗീതികള്‍തന്നെ രചിച്ചിരിക്കുന്നു. കണ്ണനാണ് ടീച്ചര്‍ക്ക് എല്ലാം. കണ്ണന്റെ പുല്ലാങ്കുഴല്‍ നാദത്തിനൊപ്പമാണ് ജീവിക്കുന്നത്. എഴുതിയ കൃതികളാലും വായിച്ച പുസ്തകങ്ങളാലും അലമാര സമൃദ്ധം. തപസ്യകലാസാഹിത്യ വേദി പോലുള്ള സംഘടനകളുടെ ആദരവും ഈ അമ്മയ്ക്ക് സ്വന്തം

”ഭാരതീയ ആത്മീയ വിദ്യയുടെ പരമഗുരു ശ്രീകൃഷ്ണനാണ്. കൃഷ്ണന്‍ എവിടെയുണ്ടോ അവിടെ ധര്‍മ്മമുണ്ട് എന്നാണ് പ്രമാണം. കൃഷ്ണസ്തുതി ധര്‍മ്മസ്തുതി തന്നെ. ശ്രീമതി കെ. ഭവാനിയുടെ കൃഷ്ണതീര്‍ത്ഥം സഹൃദയന് ധര്‍മ്മ സ്‌നേഹത്തിന്റെ പൊരുളാകുന്നു.”  

മഹാകവി അക്കിത്തത്തിന്റെ വാക്കുകളാണിത്. ആയിരത്തി അഞ്ഞൂറിലധികം കവിതകള്‍. പലതും പുസ്തക രൂപത്തിലും കാസറ്റിലുമായി പുറത്തിറങ്ങി. എന്നാല്‍ എഴുത്തുകാരി ഇരിട്ടി കനകത്തെടം ഭവാനി ടീച്ചറെ അധികമാരും അറിയില്ല. മകനും വയനാട് ബത്തേരിയിലെ വിനായക ആശുപത്രി എംഡിയുമായ ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനൊപ്പം ബത്തേരിയിലാണ് ടീച്ചറുടെ താമസം. 143 കവിതകള്‍ ഇതിനോടകം പുസ്തകരൂപത്തിലാക്കി.  

‘കൃഷ്ണതീര്‍ത്ഥ’ത്തിന്റെ അവതാരികയില്‍ മഹാകവി അക്കിത്തം ഇങ്ങനെ കുറിക്കുന്നു:

”ശ്രീകൃഷ്ണ പരമാത്മാവിന്റെ  ധന്യമായ ജീവിത മുഹൂര്‍ത്തങ്ങളില്‍ കവി അലിഞ്ഞില്ലാതാകുന്നു. ഭക്തിയുടെ സാന്ദ്രാനുഭൂതി മോക്ഷപ്രാപ്തിയോളം ചെന്നെത്തണമെന്നാണ് കവി പ്രാര്‍ത്ഥന.

”ആ മരപ്രഭുവില്‍ നാമങ്ങളോരോന്നും

 ആയിരം വട്ടം ജപിച്ചു ഞാന്‍

 ആമയമെല്ലാം അകറ്റുവാനായി ഞാന്‍

ആനന്ദ മഗ്‌നനായി ചൊല്ലി വിളിച്ചു”

ഈ സ്വരത്തിലെ അര്‍പ്പണവും ആത്മാര്‍ത്ഥതയും ഇതിലെ സ്തുതിഗീതങ്ങളെ കീര്‍ത്തന സാഹിത്യത്തിലെ ഉണ്‍മയില്‍ എത്തിച്ചിരിക്കുന്നു. അദൈ്വത ദര്‍ശനമാണ് ഇതിന് പിന്നിലുള്ളത്. ഗോപികയായും രാധികയായും ദേവകിയായും യശോദയായും കൂചേലനായും മീരയായും പൂന്താനമായും കവി ആത്മാവ് വെച്ചുമാറുന്നു.” അക്കിത്തത്തിന്റെ പാദം നമസ്‌കരിച്ചാണ് ടീച്ചര്‍ രചന ആരംഭിച്ചത്.

മലയാളത്തിന്റെ ഭാവഗായകന്‍ ജയചന്ദ്രനുമായി നല്ല ബന്ധമാണല്ലോ. ഒരു കാസറ്റിലെ മുഴുവന്‍ ഗാനങ്ങളും അദ്ദേഹമാണല്ലോ ആലപിച്ചത്. എങ്ങനെയായിരുന്നു അത്?

ധാരാളം ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ എഴുതിയിരുന്നു. മകന്‍ ഡോ.രണ്‍ധീര്‍ അത് അച്ചടിക്കാന്‍ നിര്‍ബന്ധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മകന്റെ സുഹൃത്തായ കോഴിക്കോട് ആകാശ് പബ്ലിഷേഴ്‌സ് ഉടമ രാജശേഖരനെ അതേല്‍പ്പിച്ചു. ‘പ്രസാദകളഭം’ എന്നപേരില്‍ അവര്‍ അത് പ്രിന്റ് ചെയ്തുവച്ചു. എം.എന്‍ കാരശ്ശേരി മാഷ് അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മാഷ് പുസ്തകം കാണാന്‍ ഇടവന്നു. രാജശേഖരനോട് എന്നെക്കുറിച്ച് തിരക്കി. അദ്ദേഹം എന്റെ ഫോണ്‍ നമ്പര്‍ നല്‍കി. മാഷ് അന്നുതന്നെ വീട്ടില്‍ വന്നു. മാഷാണ് ഗാനങ്ങള്‍ കാസറ്റിലാക്കാന്‍ നിര്‍ദ്ദേശിച്ചത.് അത് വലിയൊരു പ്രചോദനമായി. അങ്ങനെ കാസറ്റ് ചെയ്യാന്‍ നല്‍കി. പയ്യന്നൂരിലെ ഹരീന്ദ്രന്‍ മാഷ് അതിന്റെ മ്യൂസിക് ഏറ്റെടുത്തു. അദ്ദേഹമാണ് ഗാനങ്ങള്‍ ആലപിക്കാന്‍ ജയചന്ദ്രന്‍ സാറിനെ കണ്ടത്. ‘ഒരു നുള്ള് കളഭം’ എന്ന പേരിലാണ് കാസറ്റ്. അതിലെ എട്ട് ഗാനങ്ങളും ആലപിച്ചത് ജയചന്ദ്രന്‍ സാറാണ്. ആലാപന വേളയില്‍ ‘പ്രസാദകളഭം’ വായിച്ച അദ്ദേഹം ഇത് ആരാണ് എഴുതിയതെന്ന് മകനോട് ചോദിച്ചു. അമ്മയാണെന്ന് അവന്‍ പറഞ്ഞു. ഒന്നു വിളിക്കണം എന്നു പറഞ്ഞ് നമ്പര്‍ വാങ്ങി. അപ്പോള്‍തന്നെ എന്നെ വിളിച്ചു. ഞാനൊന്നു പകച്ചുപോയി. ”ഭക്തിഗാനം വളരെ നന്നായിട്ടുണ്ട് സിംപിള്‍, ബ്യൂട്ടിഫുള്‍. കൃഷ്ണ ഭക്തിഗാനം എഴുതുന്നത് ഇങ്ങനെ വേണം.” സാറിന്റെ ആ വാക്കുകള്‍ എനിക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതായിരുന്നില്ല. മൂന്നാമത്തെ കാസറ്റ് ‘ഭദ്രഗീതം’ ഇരിട്ടിക്കടുത്തുള്ള കനകത്തെടം പരദേവതയായ മുണ്ടിയാംപറമ്പില്‍ ഭഗവതി ക്ഷേത്രത്തെക്കുറിച്ചാണ്. അതിലെ എട്ട് ഗാനങ്ങളില്‍ നാലെണ്ണം ജയചന്ദ്രന്‍ സാറാണ് ആലപിച്ചത്. അതിന്റെ റെക്കോഡിങ് സമയത്ത് തൃശൂരില്‍ ഞാനും പോയിരുന്നു. സാര്‍ അവിടെ വച്ച് വീട്ടിനടുത്തുള്ള മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു. അവിടേക്ക് വരുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനു 75 വയസ്സായെന്നും പതുക്കെ പറഞ്ഞു; എനിക്ക് 76 ആയെന്ന് ഞാനും. ഉടനെ അദ്ദേഹം എന്റെ പാദം തൊട്ട് നമസ്‌കരിച്ചു. അതെന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സംഭവമായി. സാറുമായി ഇടയ്‌ക്കൊക്കെ ഇപ്പോഴും സംസാരിക്കാറുണ്ട്.

എസ്. രമേശന്‍ നായര്‍ ബത്തേരിയില്‍ വന്നിരുന്നുവല്ലോ. അദ്ദേഹവുമായുള്ള സൗഹൃദം?എന്റെ വീടിനടുത്താണ് മുണ്ടയാംപറമ്പില്‍ ഭഗവതി ക്ഷേത്രം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ്  കോളേജിലെ റിട്ട.പ്രൊഫസറായ ഡോ.കൂമ്മുള്ളി ശിവരാമന്‍, രമേശന്‍ നായരുമൊത്ത് ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. എന്റെ വീടിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. എന്റെ ‘കൃഷ്ണതീര്‍ത്ഥം’ കവിതാ സമാഹാരത്തിന് അവതാരിക അദ്ദേഹവും എഴുതിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആയിരത്തിലധികം കവിതകള്‍ എഴുതിയ ടീച്ചര്‍ എന്നു പറഞ്ഞു. എന്നാല്‍ നമുക്ക് അവിടെ ഒന്നു കയറാം എന്നായി രമേശന്‍ നായര്‍. അങ്ങനെ അവര്‍ ആദ്യമായി വീട്ടിലെത്തി. പിന്നീട് അവര്‍ മൂന്നു ദിവസം വീട്ടില്‍ താമസിച്ചിട്ടുണ്ട്. മുണ്ടയാംപറമ്പില്‍ ഭഗവതിയെക്കുറിച്ചുള്ള എന്റെ പുസ്തകം ക്ഷേത്രത്തില്‍ പ്രകാശനം ചെയ്തതും രമേശന്‍ നായരായിരുന്നു. അദ്ദേഹം എന്നെ സ്വന്തം സഹോദരിയായാണ് കാണുന്നത്.  

ഭദ്രഗീതം കാസറ്റിനെ കുറിച്ച്?

മുണ്ടയാംപറമ്പില്‍ അമ്മയെക്കുറിച്ചാണ് കാസറ്റ്. ഞാന്‍ ആറുമാസം ശ്രമിച്ചാണ് ദേവി ചരിത്രവും പശ്ചാത്തലവും മനസ്സിലാക്കിയത്. എട്ട് ഗാനങ്ങളാണ് കാസറ്റില്‍. നാലെണ്ണം ജയചന്ദ്രന്‍ സര്‍ പാടി. രണ്ട് ഗാനങ്ങള്‍ ഉണ്ണിമേനോന്‍, ഒന്ന്  പ്രൊഫഷണല്‍ സിംഗര്‍ ആര്‍ദ്ര ജനാര്‍ദ്ദനന്‍, ഒരു ഗാനം ജയചന്ദ്രന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം മകന്‍ രണ്‍ധീറിന്റെ ഭാര്യ ഡോ.ഉമ പാടി. അവര്‍ക്ക് ചെമ്പൈ സംഗീതോത്സവത്തില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായി പാവക്കുട്ടി എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ടല്ലോ. അതിനെക്കുറിച്ച് എന്തുതോന്നുന്നു?

കുട്ടിക്കവിതകളും സമസ്യകളുമാണ് ‘പാവക്കുട്ടി’യില്‍. ”കേശുവിനൊരാശ, ദോശതിന്നാന്‍ ആശ, കാശുവേണ്ടേ വാങ്ങാന്‍, കാശുനിലമോശം, തൂശനിലവിറ്റ്, കാശ്‌നാലുണ്ടാക്കി, ദോശവാങ്ങി തിന്നു, ആശതീര്‍ത്തു കേശു” കേശുവിന്റെ ആശക്കവിതയാണിത്. പല രക്ഷിതാക്കളും പുസ്തകത്തെക്കുറിച്ച് നല്ല അഭിപ്രായം അറിയിച്ചിരുന്നു.

അധ്യാപിക ആയിരുന്നല്ലോ ധാരാളം അനുഭവങ്ങളും ഉണ്ടാകുമല്ലോ?

അതെ, മുപ്പത്തിയാറ് വര്‍ഷം. ഏറ്റവും ഓര്‍മിക്കത്തക്കത് കുട്ടികളെ എഴുത്തിനിരുത്തുന്നതിനായി കാടമുണ്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ്. തലപ്പൊലി, നിറപറ, നിലവിളക്ക് എന്നിവയോടെ ആയിരുന്നു സ്വീകരണം. ജീവിതത്തിലെ ധന്യമുഹൂര്‍ത്തം. പിന്നീട് വിദ്യാരംഭം.

സ്‌കൂളിലെ അനുഭവങ്ങള്‍?

വിരമിച്ചതിനു ശേഷവും സ്‌കൂളിലെ അധ്യാപകര്‍ വിളിക്കുമായിരുന്നു. എല്ലാവരുമായും നല്ല സൗഹൃദം സൂക്ഷിച്ചു പോന്നു.  ഇന്നും നാട്ടിലെത്തിയാല്‍ പലരും വീട്ടില്‍ വരും. ഓട്ടോറിക്ഷാ സ്റ്റാന്റിലും ബസ്സിലും ബാങ്കിലുമെല്ലാം ശിഷ്യര്‍ ധാരാളം. എവിടെപ്പോയാലും ആരെങ്കിലും ഉണ്ടാവും.  

കവിതാരംഗത്തിലേക്കുള്ള പ്രവേശനം?

എന്റെ മകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള ഇളങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മകനുമൊത്ത് ദര്‍ശനം നടത്തിയിരുന്നു. ദര്‍ശനത്തിനിടെ നാലുവരി ഭഗവതിയെക്കുറിച്ച് മനസ്സില്‍ കുറിച്ചിട്ടു. പിന്നീട് വീട്ടില്‍ എത്തിയിട്ട് ഒരു പന്ത്രണ്ട് വരികൂടി എഴുതി. പിന്നീട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ അവസരത്തിലാണ് കൃഷ്ണ സ്തുതികള്‍ കുറിക്കാന്‍ തുടങ്ങിയത്. പ്രസാദകളഭം, കൃഷ്ണതീര്‍ത്ഥ പുസ്തകങ്ങള്‍ അങ്ങനെ രചിച്ചതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് കവിത എഴുതിയിട്ടുണ്ടല്ലോ?  

”മോദി ഭാരതം മോദ ഭാരതം

ആ മോദി ഭാരതം മോഡി ഭാരതം

പടിയിറങ്ങി ദുരിതങ്ങള്‍

കൊടിയേറി സന്തോഷം

പടിപടിയായി ഉയരട്ടെ അടി പതറാതെ.”

ഗണപതിവട്ടത്തെക്കുറിച്ച്?

ബത്തേരിയും വയനാടും എനിക്കിഷ്ടമാണ്. ഇപ്പോള്‍ പഴയ നാടൊന്നുമല്ല. കാലാവസ്ഥ ആകെ മാറിയിരിക്കുന്നു. ഗണപതിവട്ടം ക്ഷേത്രത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.

”അരുണോദയമായി മണിനാദം മുഴങ്ങി ഈ

ഗണപതിവട്ടമാകെ മുഖരിതമായി

ഗണപതി ക്ഷേത്രനട ഭക്തിസാന്ദ്രമായി

ഗണപതി വട്ടം ഗണപതി പാലയമാം”

സിംഗപ്പൂരില്‍ മകനുമൊത്ത് പോയിരുന്നുവല്ലോ. എന്താണ് അവിടുത്തെ സ്ഥിതി?

സിംഗപ്പൂര്‍ നല്ല വൃത്തിയുള്ള രാജ്യമാണ്. ഒരു കടലാസ് തുണ്ടുപോലും എങ്ങുമില്ല. നല്ല ആളുകള്‍, നല്ല പെരുമാറ്റം. മകന്റെ ചെറിയ കുട്ടിയെ കാണാന്‍ തൊട്ടടുത്ത ഫഌാറ്റിലെ ചൈനീസ് കുട്ടികള്‍ ഇടക്കിടെ എത്തിനോക്കുമായിരുന്നു. ആ കുട്ടികളും കവിതയില്‍ പാത്രമായിട്ടുണ്ട്.

കൊറോണയെക്കുറിച്ചുമുണ്ടല്ലോ കവിത?

കുഞ്ഞനാണെങ്കിലും കൊറോണ ഭീകരനാണ്. പത്ത് പാട്ടെഴുതി. ഡോ. ഉമ പാടിയിട്ടുണ്ട്. പെട്ടന്ന് മരുന്നു കണ്ടുപിടിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

പഠനകാലത്തെ ഓര്‍മകള്‍?

സ്‌കൂളില്‍ സാഹിത്യ സമാജം ഉണ്ടായിരുന്നു. അന്ന് കൂട്ടത്തില്‍ ലളിത എന്ന കൂട്ടുകാരി നന്നായി പാടുമായിരുന്നു. എന്നാല്‍ അവര്‍ പിന്നീട് ഈ ലോകത്തോട് യാത്രപറഞ്ഞു. അവര്‍ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അനുഗ്രഹീത ഗായിക ആകുമായിരുന്നു. ഞാന്‍ സാഹിത്യ മേഖലയിലേക്ക് കടന്നുവന്നത് ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷമാണ്. അദ്ദേഹം ഇപ്പോഴും അടുത്തുളളതായി എനിക്ക് തോന്നാറുമുണ്ട്. മകന്‍ വിവാഹം കഴിച്ചത് ബത്തേരി വിനായക ആശുപത്രി ഉടമസ്ഥനായ ഡോ.മധുസൂദനന്റെയും ഡോ.ഓമനയുടെയും മകളായ ഉമയെയാണ്. അവര്‍ ഡോക്ടറും നല്ലൊരു കലാകാരിയുമാണ്. അവരുടെ അനുജത്തി സുമയുടെ മകന്‍ മൂന്ന് വയസുകാരന്‍ വസുദേവ് വിഷ്ണുമോഹനാണ് വീട്ടിലെപ്പോഴും ഉറ്റ ചങ്ങാതി ആകുന്നത്.

ജീവിത രേഖ1942 മെയ് 15ന് മകം നക്ഷത്രത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ആറളം ഗ്രാമത്തില്‍ ജനനം. പിതാവ് ഇരിക്കൂര്‍ ചേടിച്ചേരി ദേശമിത്രം യുപി സ്‌ക്കൂള്‍ മാനേജറും അധ്യാപകനും സ്വാതന്ത്ര്യ സമരസേനാനിയുമായ പരേതനായ വി.ടി കേപ്പുക്കുട്ടി നായനാര്‍. അമ്മ ഇരിട്ടി കനകത്തെടത്തില്‍ പരേതയായ രോഹിണി അക്കമ്മ. ചേടിച്ചേരി ദേശമിത്രം യുപി സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, വടകര സെന്റ് ആന്റണീസ് കോണ്‍വെന്റ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, കണ്ണൂര്‍ വിമന്‍സ് ട്രെയിനിങ് സ്‌കൂളില്‍ അധ്യാപക പരിശീലനവും നടത്തി. ദേശമിത്രം സ്‌കൂളില്‍ 36 വര്‍ഷത്തെ അധ്യാപക വൃത്തിക്കിടയില്‍ ഏഴ് വര്‍ഷം പ്രധാന അധ്യാപിക. 1997 സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. ഭര്‍ത്താവ് പരേതനായ ഡോ.പി.കൃഷ്ണന്‍ നമ്പൂതിരി. ഇപ്പോള്‍ രണ്ടാമത്തെ മകനും ബത്തേരി വിനായക ആശുപത്രി എംഡിയുമായ ഡോ.രണ്‍ധീര്‍ കൃഷ്ണനോടും അതേ ആശുപത്രിയില്‍ ഡോക്ടറായ ഉമയ്‌ക്കും മകള്‍ക്കുമൊപ്പം ബത്തേരിയില്‍ താമസം. മൂത്തമകന്‍ രജനീഷ് കൃഷ്ണന്‍ സിംഗപ്പൂരിലെ ബാങ്ക് ഓഫ് സിംഗപ്പൂരില്‍ മാനേജരാണ്. ഭാര്യ ഡോ. ലക്ഷ്മി നായര്‍. രണ്ട് കുട്ടികളുണ്ട്. ഇളയമകന്‍ പ്രൊഫ. രഞ്ജിത്ത് കൃഷ്ണന്‍ ഒമാനില്‍ താമസം. രണ്ട് വര്‍ഷം അദ്ദേഹത്തെ ഒമാന്‍ സര്‍ക്കാരിന്റെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡും തേടിയെത്തി. ഭാര്യ ഇന്ദു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: teacher