Categories: Varadyam

നീലാകാശം നീലക്കടല്‍ ഹരിതഭൂമി

ശാസ്ത്രവിചാരം 243: ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും കാണുക. ജപ്പാനിലെ ഒരു ദേശീയപാര്‍ക്കില്‍നിന്ന് മാനുകള്‍ വഴിയിലെത്തിയിരിക്കുന്നു. വാന്‍കൂറില്‍ കരയെത്തൊട്ട് തിമിംഗലങ്ങള്‍ എത്തുന്നു. വെനീസിലെ ലഗൂണുകളിലും ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനയുടെ തലസ്ഥാനത്തും ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ ആനന്ദ നൃത്തമാടുകയാണ്. ഇറ്റലിയില്‍-റോമില്‍ പാര്‍ക്കുകളില്‍ അരയന്നങ്ങള്‍ ചുവടുവയ്ക്കുന്നു

മാലോകരില്‍ വലിയൊരു കൂട്ടര്‍ക്കും ഒരു ധാരണയുണ്ട്. ഭൂമിയിലെ സകല സമ്പത്തും മനുഷ്യന്റെ സുഖത്തിനുവേണ്ടി ദൈവം തമ്പുരാന്‍ സമ്മാനിച്ചതാണ് എന്ന തെറ്റിദ്ധാരണ. ജന്തുജാലങ്ങളും സസ്യജാലങ്ങളും വായുവും വെള്ളവുമെല്ലാം നമുക്ക് വെറും കളിപ്പാട്ടങ്ങള്‍ മാത്രം. അതുകൊണ്ടാണ് കണ്ണില്‍ ചോരയില്ലാതെ നാം ജീവികളെ കൊന്നൊടുക്കിയത്. സസ്യജാലങ്ങളെ അരിഞ്ഞ് തള്ളിയത്. കുടിവെള്ളത്തിലും കാറ്റിലും കാളകൂടം നിറച്ചത്. ഏറ്റവുമൊടുവില്‍ അങ്ങകലെ ശൂന്യാകാശത്തെ വരെ മാലിന്യ പറമ്പാക്കി മാറ്റിയത്.

പക്ഷേ മനുഷ്യന്‍ നിനച്ചാലും പ്രകൃതി നശിക്കില്ല. കൊറോണക്കാലത്തെ ലോക്ഡൗണ്‍ നമുക്ക് കാണിച്ചുതന്നത് അതാണ്. കോവിഡ് മഹാമാരി സംഹാര താണ്ഡവമാടിയ നാളുകളില്‍ മനുഷ്യന്‍ അടച്ചുറപ്പുള്ള വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞപ്പോള്‍ പ്രകൃതി തിരിച്ചുവരവ് തുടങ്ങി. കാതടപ്പിക്കുന്ന ശബ്ദവുമായി ചീറിപ്പാഞ്ഞ ലക്ഷോപലക്ഷം വാഹനങ്ങള്‍ ഗാരേജുകളില്‍ പൊടിപിടിച്ചു കിടന്നപ്പോള്‍, വിഷം ചീറ്റുന്ന ആയിരക്കണക്കിന് വ്യവസായശാലകള്‍ അടച്ചുപൂട്ടിക്കിടന്നപ്പോള്‍ പ്രകൃതി ശുദ്ധീകരണം നടത്തുകയായിരുന്നു.

അന്തരീക്ഷം ശാന്തമായതും വിഷധൂളികള്‍ ഒടുങ്ങിയതും അതിന്റെ ഭാഗം മാത്രം. ആളെ കണ്ടാല്‍ വിരണ്ടോടുന്ന വന്യമൃഗങ്ങള്‍ രാജവീഥിയില്‍ ഊരുചുറ്റാനിറങ്ങിയതും, പിണങ്ങിപ്പോയ ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ കടലോരം തേടിയെത്തിയതും, കാട്ടുപൂക്കള്‍ കൂട്ടമായി പുഞ്ചിരിച്ചു തുടങ്ങിയതും അതിന്റെ തുടക്കം മാത്രം. മാരകമായ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ വിഷമാത്രയുടെ ഉഗ്രത എരിഞ്ഞടങ്ങിയതും, ശ്വാസകോശ രോഗികള്‍ തുമ്മാന്‍ മറന്നു തുടങ്ങിയതുമൊക്കെ അതിന്റെ ഭാഗം മാത്രം.

ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും കാണുക. ജപ്പാനിലെ ഒരു ദേശീയപാര്‍ക്കില്‍നിന്ന് മാനുകള്‍ വഴിയിലെത്തിയിരിക്കുന്നു. വാന്‍കൂറില്‍ കരയെത്തൊട്ട് തിമിംഗലങ്ങള്‍ എത്തുന്നു. വെനീസിലെ ലഗൂണുകളിലും ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനയുടെ തലസ്ഥാനത്തും ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ ആനന്ദ നൃത്തമാടുകയാണ്. ഇറ്റലിയില്‍-റോമില്‍ പാര്‍ക്കുകളില്‍ അരയന്നങ്ങള്‍ ചുവടുവയ്‌ക്കുന്നു. കാലിഫോര്‍ണിയയിലെ സ്‌കൂള്‍ മൈതാനത്ത് കാട്ടു ടര്‍ക്കികള്‍ ആണെങ്കില്‍ പാരീസിലും ബാര്‍സിലോണ(സ്‌പെയിന്‍)യിലും കാട്ടുപന്നികള്‍.

അസമിലെ സോനാപൂര്‍ നഗരത്തില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം നെഞ്ചുവിരിച്ച് നടക്കുന്നു. ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരെയുള്ള പോബിത്തോറ വന്യമൃഗ സങ്കേതത്തില്‍ നിന്ന് മനുഷ്യനില്ലാത്ത നഗരം കാണാനെത്തിയതാണ് ഇഷ്ടന്‍. തിരുപ്പതി റോഡില്‍ പുള്ളിമാനുകള്‍ പുല്ലു തിന്നുമ്പോള്‍, പടിഞ്ഞാറന്‍ അസമിലെ ബാര്‍പെറ്റ നഗരത്തില്‍ കരിംകുറുക്കന്മാര്‍ ഓരിയിടുന്നു. കൈമൂര്‍ വന്യ സങ്കേതത്തില്‍ അടുത്ത വനത്തില്‍നിന്ന് അതിഥിയായി ഒരു കടുവയെത്തി. ഗാംഗ്‌ടോക്കിലെ ഒരു ടെലികോം ഓഫീസിലെത്തിയത് കറുത്തകരടി. ഭോജ്പൂരിലെ ഗോതമ്പ് പാടത്ത് നിഗായ് കടമാനുകള്‍ വിരുന്നെത്തിയപ്പോള്‍ നമ്മുടെ മൂന്നാര്‍ നഗരത്തിലെ തെരുവുകളില്‍ ഒറ്റയാന്‍ നെഞ്ച് വിരിച്ച് നടന്നു. ആനക്കൂട്ടം തെരുവുകള്‍ കയ്യേറി.

കാണാതായെന്നു കരുതുന്ന പക്ഷികള്‍ പല ഗ്രാമങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. അന്തരീക്ഷം ശുചിയായതോടെ സസ്യ ലതാദികളില്‍ പ്രകാശസംശ്ലേഷണം കൂടുതല്‍ സുഗമമായി. അവയുടെ വളര്‍ച്ചയുടെ തോത് വര്‍ധിച്ചു.

വായു മലിനീകരണത്തിന്റെ മറുവാക്കായ ദല്‍ഹിയില്‍ അപകടകാരികളായ പൊടിപടലത്തിന്റെ (പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍)അളവില്‍ 75 ശതമാനമെങ്കിലും കുറവ് സംഭവിച്ചതായി ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു. ദല്‍ഹിയിലും മുംബൈയിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഡൈ ഓക്‌സൈഡുകള്‍ അന്തരീക്ഷത്തില്‍ 50 ശതമാനം കണ്ട് കുറഞ്ഞതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്തരേന്ത്യയിലെ ജനങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നത് കണ്‍ കുളിര്‍ക്കെ കണ്ടു. പഞ്ചാബിലെ ജലന്തര്‍ നഗരവാസികള്‍ 30 വര്‍ഷത്തിനുശേഷം ആദ്യമായി സ്വന്തം മട്ടുപ്പാവില്‍നിന്ന് ഹിമവാന്റെ വിദൂരദൃശ്യം കണ്ടു.

കേരളത്തിലെ കഥയും മറിച്ചല്ല. വാഹനങ്ങളും വ്യവസായശാലകളും നിശ്ചലമായ ലോക് ഡൗണ്‍ കാലത്ത് വായു ശുദ്ധമായതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷിക്കുന്നു. വായു ഗുണനിലവാര സൂചിക പ്രകാരം പ്രധാന നഗരങ്ങളിലെ അന്തരീക്ഷ ശുദ്ധി ഇപ്രകാരമാണ്. തിരുവനന്തപുരം (30), കോഴിക്കോട് (43), കൊച്ചി (63). വായു  ഗുണനിലവാര സൂചിക പ്രകാരം സൂചക സംഖ്യ പൂജ്യം മുതല്‍ 50 വരെയെങ്കില്‍ മലിനീകരണമില്ലെന്നാണ് സങ്കല്‍പം. 51-100(തൃപ്തികരം), 101-200(അനാരോഗ്യകരം), 201-300(മോശം), 301-400 (വളരെ മോശം), നാനൂറിന് മേല്‍ അതിരൂക്ഷം എന്നിങ്ങനെയാണ് വര്‍ഗീകരണം. കൊടുംതണുപ്പിന്റെ നാളുകളില്‍ ദല്‍ഹിയിലെ മലിനീകരണ തോത് പലപ്പോഴും 400 നും മുകളിലെത്തിയ വാര്‍ത്ത നമുക്ക് മറക്കാറായിട്ടില്ല.

അന്തരീക്ഷത്തിലും ജൈവ മണ്ഡലത്തിലുമുണ്ടായ ഈ മാറ്റം നമ്മെ ഇരുത്തി ചിന്തിപ്പിക്കണം. ഭൂമിയുടെ ഉടയോന്‍ മനുഷ്യന്‍ മാത്രമല്ലെന്നും സമസ്തജീവജാലങ്ങളുമാണെന്നുമുള്ള വലിയ സന്ദേശമാണത് നല്‍കുന്നത്. എപ്പോള്‍ മനുഷ്യ സാന്നിദ്ധ്യം ഇല്ലാതാവുന്നോ അപ്പോള്‍ ഇതര ജീവജാലങ്ങള്‍ പ്രപഞ്ചം കയ്യടക്കും. അന്തരീക്ഷം ശുദ്ധമാവും. വെള്ളം മധുരിക്കും. വായു സുഗന്ധപൂരിതമാവും. രോഗാണുക്കള്‍അപ്രത്യക്ഷമാവും. തീര്‍ച്ചയായും ഇതുതന്നെയാണ് നമുക്ക് വീണ്ടുവിചാരത്തിനുള്ള അവസരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക