Categories: Samskriti

അഷ്ടപദി ഗീതങ്ങള്‍

ഭക്തിയും സംഗീതവും 10

.ഡി. പതിമൂന്നാം ശതകത്തില്‍ ജയദേവന്‍ ദശമസ്‌കന്ധത്തിലുള്ള രാസക്രീഡാഭാഗത്തെ ആസ്പദമാക്കി ഗീതഗോവിന്ദം രചിച്ചു. അഖിലഭാരത പ്രസക്തി നേടിയ ഒരു ഭക്തികാവ്യമാണിത്. ഗീതഗോവിന്ദമെന്നും, അഷ്ടപദിയെന്നും ഇത് അറിയപ്പെടുന്നു. ഇതിലെ ഗീതങ്ങളില്‍ ഓരോന്നിനും എട്ടു ചരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ കാവ്യത്തെ അഷ്ടപദി എന്നു വിളിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെയും രാധാദേവിയുടെയും പ്രണയ വിഹാരങ്ങളാണ് ഇതിലെ പ്രതിപാദ്യം. ശ്രീകൃഷ്ണന്‍ മറ്റു ഗോപികമാരോടൊത്തു ലീലകളാടുന്നതു കാണുന്ന രാധാദേവിയുടെ പരിഭവങ്ങളും സൗന്ദര്യ

പ്പിണക്കങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. വിരഹവേദന അനുഭവിക്കുന്ന രാധാദേവിയും, രാധാദേവിയുടെ വിരഹവേദന സഖിമാരാല്‍ മനസ്സിലാക്കുന്ന ഭഗവാന്‍ കൃഷ്ണനും, കലഹത്തില്‍ ഏര്‍പ്പെടുന്ന കൃഷ്ണനും രാധയും, അവസാനം പരാജയം സമ്മതിച്ചു അനുനയത്തിനായി ശ്രമിക്കുന്ന ഭഗവന്‍ കൃഷ്ണനുമെല്ലാം അഷ്ടപദിയിലെ മുഖ്യപ്രമേയങ്ങളാണ്.

അഷ്ടപദി 12 സര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. എട്ടുചരണങ്ങള്‍ വീതമുള്ള 24 ഗീതങ്ങളും, 92 ശ്ലോകങ്ങളും ഇതിലുണ്ട്. കൃഷ്ണഭക്തനായ ജയദേവകവി നായകനെ ആസ്പദമാക്കിയാണ് അഷ്ടപദിരചിച്ചിട്ടുള്ളതെങ്കിലും നായികയായ രാധാദേവിക്കും, സഖിമാര്‍ക്കും അര്‍ഹമായസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്തിയും ശൃംഗാരവും ഒരുപോലെ ഇതില്‍ സമ്മേളിപ്പിച്ചിരിക്കുന്നു.

ഭക്തിഭരിതങ്ങളായ ഈ അഷ്ടപദിഗാനങ്ങള്‍ കേരളത്തണ്ണിലെ ക്ഷേത്രസോപാനങ്ങളില്‍ പാടിവരാറുണ്ട്. അഷ്ടപദി എന്ന കാവ്യത്തെ ആസ്പദമാക്കിയുള്ള ആട്ടം എന്ന അര്‍ത്ഥത്തില്‍ ഗീതഗോവിന്ദത്തിന്റെ രംഗാവതരണ സമ്പ്രദായത്തെ അഷ്ടപദിയാട്ടം എന്നുവിളിക്കുന്നു. കൃഷ്ണഭഗവാന്റെ ഭക്തരായ ജയദേവകവിയും, പദ്മാവതിയും ഇന്ത്യയില്‍ പലയിടങ്ങളിലും സഞ്ചരിക്കുകയും അഷ്ടപദികാവ്യത്തിന് പരമാവധിപ്രചാരം നല്‍കുകയും ചെയ്തു. അങ്ങനെ കേരളത്തിലും അഷ്ടപദിവേരുറച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് അഷ്ടപദിക്ക് ഏറെ സ്ഥാനംലഭിച്ചത്. അവിടെ ഉഷഃപൂജ, ഉച്ചഃപൂജ, സന്ധ്യാപൂജ, അത്താഴപ്പൂജ എന്നിങ്ങനെ ദിവസേന നാലുപ്രാവശ്യം അഷ്ടപദി ആലപിക്കും. ഓരോ സമയങ്ങള്‍ക്കും അനുയോജ്യമായ രാഗങ്ങളാണ് അഷ്ടപദി ആലാപനത്തിന് ്ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഭൂപാളരാഗം രാവിലെയുള്ള ആലാപനത്തിനും, ഭൈരവിരാഗം ഉച്ചക്കുള്ള ആലാപനത്തിനും, ശഹാന, നീലാംബരി തുടങ്ങിയവ രാത്രിയുള്ള ആലാപനത്തിനും ഉപയോഗിക്കുന്നു.  

സോപാനം എന്നാല്‍ ഭക്തിയാണ്. ഭക്തി എന്നാല്‍ യാഥാര്‍ത്ഥവും കളങ്കമില്ലാത്തതുമായ ദൈവാരാധനയായിരിക്കണം. മനസ്സിന്റെ ഏകാഗ്രമായ അവസ്ഥയാണ് ഭക്തി.  

കേരളീയ അമ്പലവാസികളും ഭക്തജനങ്ങളും ഈ അഷ്ടപദി കാവ്യത്തില്‍ നിന്നും അനവധിയായ സമാധാനവും സന്തോഷവും അനുഭവിക്കുന്നു. അഷ്ടപദി ഗീതത്തിന് രോഗശാന്തി നല്‍കുവാനും സാന്ത്വനിപ്പിക്കാനുമുള്ള വലിയ കഴിവുണ്ട്.

(നാളെ: ക്ഷേത്രസോപാനങ്ങളിലെ സംഗീതം)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക