Categories: Kerala

മുല മുറിച്ച നങ്ങേലി കെട്ടുകഥയെന്ന് നഗരസഭ; സ്മാരകം ഉയരില്ല

ചേര്‍ത്തലയില്‍ നങ്ങേലിക്ക് സ്മാരകം പണിയാന്‍ മന്ത്രിസഭാ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിവരാവകാശ രേഖ പ്രകാരമാണ് നങ്ങേലിചരിതം നുണക്കഥയാകുന്നത്. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പ്രമോദ് ടി. ഗോവിന്ദനാണ് നഗരസഭ അധികാരികള്‍ മറുപടി നല്‍കിയത്.

ചേര്‍ത്തല: കമ്യൂണിസ്റ്റ് വ്യാജ പ്രചാരണം പിന്നെയും പൊളിയുന്നു. അവരുടെ നുണച്ചരിത്രങ്ങളില്‍ സ്ത്രീശക്തിയുടെ പര്യായമായി, വര്‍ഗസംഘര്‍ഷം ഉയര്‍ത്താന്‍ പറഞ്ഞു പരത്തിയ ‘മുലമുറിച്ച നങ്ങേലി’ കെട്ടുകഥയെന്ന് ചേര്‍ത്തല നഗരസഭതന്നെ സമ്മതിച്ചിരിക്കുന്നു.  

ചേര്‍ത്തലയില്‍ നങ്ങേലിക്ക് സ്മാരകം പണിയാന്‍ മന്ത്രിസഭാ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിവരാവകാശ രേഖ പ്രകാരമാണ് നങ്ങേലിചരിതം നുണക്കഥയാകുന്നത്. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പ്രമോദ് ടി. ഗോവിന്ദനാണ് നഗരസഭ അധികാരികള്‍ മറുപടി നല്‍കിയത്.

ചരിത്ര വസ്തുത അറിയാന്‍ ചേര്‍ത്തല മുന്‍ നഗരസഭ ചെയര്‍മാന്‍ പി. ഉണ്ണിക്കൃഷ്ണന്‍ അയച്ച കത്തിന്, ചരിത്രകാരന്മാരായ ഡോ. എം.ജി. ശശിഭൂഷണ്‍, പി.കെ. രവിവര്‍മ്മ മലയന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവരയച്ച മറുപടിയിലും നങ്ങേലി കെട്ടുകഥയാണെന്ന് പറയുന്നു. മുന്‍കാലങ്ങളില്‍ സവര്‍ണ സ്ത്രീകളും മാറുമറച്ചിരുന്നില്ലെന്നും നങ്ങേലിക്കഥയില്‍ സന്മാര്‍ഗസംരക്ഷണത്തിനായി പ്രതികരിച്ച ഉന്മാദി സ്ത്രീയെ അല്ലാതെ വിപ്ലവകാരിയെ കാണാന്‍ കഴിയില്ലെന്നും ഡോ. ശശിഭൂഷണ്‍ പറയുന്നു.

ദുരന്തകഥയെ ഓര്‍മിപ്പിക്കുന്ന നങ്ങേലിക്കല്ല വയലാര്‍ രാമവര്‍മ്മയ്‌ക്കാണ് സ്മാരകം ഉയരേണ്ടതെന്ന് പി.കെ. രവിവര്‍മ്മ അയച്ച മറുപടിയിലുണ്ട്. മുലക്കരത്തിനെതിരെ പോരാടി മുലയറുത്തെറിഞ്ഞ നങ്ങേലിയുടെ കഥ കേട്ടിട്ടുണ്ടെന്നല്ലാതെ ചരിത്ര രേഖകള്‍ ഇല്ലെന്ന് മലയന്‍കീഴ് ഗോപാലകൃഷ്ണന്‍ പറയുന്നു. കൂടാതെ എം.ജി.എസ്. നാരായണന്‍, ഡോ. രാജന്‍ഗുരുക്കള്‍, പ്രൊഫ. ജി. കാര്‍ത്തികേയന്‍, അഡ്വ. ശങ്കു.ടി. ദാസ് എന്നിവരുടെ ലേഖനങ്ങളും നങ്ങേലി കെട്ടുകഥയാണെന്നതിന് തെളിവായി നഗരസഭാ അധികൃതര്‍ നല്‍കിയിട്ടുണ്ട്.  

ചേര്‍ത്തല നഗരത്തില്‍ വടക്കേ അങ്ങാടി കവലയോട് ചേര്‍ന്നുള്ള ‘മുലച്ചിപ്പറമ്പ്’ എന്ന സ്ഥലത്താണ് നങ്ങേലി ജീവിച്ചിരുന്നതെന്നും കവലയ്‌ക്ക് നങ്ങേലി സ്‌ക്വയര്‍ എന്ന് പേര് നല്‍കണമെന്നും സ്മാരകം നിര്‍മിക്കണമെന്നും ഇടതുപക്ഷ സംഘടനകള്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നഗരസഭയുടെ അന്വേഷണ ഫലം വന്നത്. ‘മുലച്ചിപ്പറമ്പ്’ എന്ന പേരില്‍ മാരാരിക്കുളത്തും ഒരു സ്ഥലമുള്ളതായി ചില രേഖകള്‍ പറയുന്നു.  

പഠനറിപ്പോര്‍ട്ട് പുറത്തുവിടാനോ നഗരസഭാ കൗണ്‍സിലില്‍ വെയ്‌ക്കാനോ അധികൃതര്‍ തയാറായിട്ടില്ല. നഗരസഭ സ്മാരകം നിര്‍മിക്കില്ലെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍തലത്തില്‍ ഫണ്ട് ലഭ്യമാക്കാന്‍ നടപടിയുണ്ടെന്നാണ് സൂചന. പഠനറിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെയ്‌ക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടുകഥയിലെ നായികയ്‌ക്ക് സ്മാരകം നിര്‍മിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക