Categories: Malappuram

ഹൈക്കോടതി വിധിക്ക് പുല്ലുവില; പന്തല്ലൂര്‍ ക്ഷേത്രഭൂമി സിപിഎമ്മുകാരുടെ കൈയില്‍

വിശ്വാസിയുടെ മുഖംമൂടിയണിഞ്ഞ് സമരരംഗത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുത്തു. ഇവര്‍ സ്വയം രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഭൂമിയിലെ കൃഷികള്‍ നോക്കുന്നതും ആദായമെടുക്കുന്നതും.

മലപ്പുറം: മലയാള മനോരമ കുടുംബത്തില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട പന്തല്ലൂര്‍ ക്ഷേത്രഭൂമി പൂര്‍ണമായും ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചില്ല. പ്രാദേശിക സിപിഎം നേതാക്കള്‍ രൂപീകരിച്ച അംഗീകാരമില്ലാത്ത കമ്മിറ്റിയാണ് ഭൂമിയിലെ വിളവെടുപ്പും മറ്റും ഇപ്പോള്‍ നടത്തുന്നത്. ഈ കമ്മിറ്റിയിലുള്ളതാകട്ടെ നാലു പേര്‍ മാത്രം. ദേവസ്വം ബോര്‍ഡ് അധികൃതരെ ഭൂമിയിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും സിപിഎമ്മുകാര്‍ സമ്മതിക്കുന്നില്ല.

പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്റ്റ് 23നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാന് നല്‍കിയത്. പാട്ടക്കാലാവധി അവസാനിച്ചിട്ടും ഭൂമി വിട്ടുനല്‍കാന്‍ ഇവര്‍ തയാറായില്ല. ഇതോടെ ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ നടത്തിയ 16 വര്‍ഷം നീണ്ട സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും ഫലമായാണ് 2018 ജൂണ്‍ 20ന് 400 ഏക്കര്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 2018 ആഗസ്റ്റ് ആറിന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും 400 ഏക്കറിന് പകരം 325 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്ത്. പിന്നീടങ്ങോട്ട് ഈ ഭൂമി സംരക്ഷിക്കാനോ ക്ഷേത്രം നടത്തിപ്പിനോ ദേവസ്വം ബോര്‍ഡിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിശ്വാസിയുടെ മുഖംമൂടിയണിഞ്ഞ് സമരരംഗത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുത്തു. ഇവര്‍ സ്വയം രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഭൂമിയിലെ കൃഷികള്‍ നോക്കുന്നതും ആദായമെടുക്കുന്നതും.  

പൊതുപ്രവര്‍ത്തകന്‍ എം.സി. കൈലാസനാഥന്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. ക്ഷേത്രഭൂമി പരിപാലിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിക്കുമ്പോഴും കെ.വി. ജോസഫ് എന്ന പ്രദേശവാസിക്ക് കൂലിയിനത്തില്‍ ലക്ഷങ്ങളാണ് 2019 വരെ നല്‍കിയതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെയും ഭൂമിയുടെയും നടത്തിപ്പിനെന്ന വ്യാജേന പ്രദേശത്തെ സിപിഎമ്മുകാര്‍ രൂപീകരിച്ച പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം മാനേജ്‌മെന്റ് കമ്മറ്റിയെക്കുറിച്ച് തങ്ങള്‍ക്കൊരു അറിവുമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാനും ഇവര്‍ തയാറല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസുവിനടക്കം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ലക്ഷങ്ങളുടെ വരുമാനമുള്ള ക്ഷേത്രഭൂമി സിപിഎം തങ്ങളുടെ സ്വന്തമാക്കി കൈവശം വച്ചിരിക്കുകയാണിപ്പോള്‍.  

ഇത് ചോദ്യം ചെയ്യുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടിക്ക് സാമ്പത്തികമായി ലാഭമുള്ളതിനാല്‍ സംസ്ഥാന നേതൃത്വവും പ്രാദേശിക നേതാക്കളുടെ ഈ അതിക്രമത്തിന് കൂട്ടുനില്‍ക്കുകയാണ്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പിരിച്ചുവിട്ട സമരസമിതി പുനഃസംഘടിപ്പിച്ച് സിപിഎമ്മിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഭക്തജനങ്ങള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts