നിരക്ഷര ജീവിതത്തെ പ്രകാശമാനമാക്കാന്‍ അക്ഷര ജ്വാല തെളിയിച്ച കാവാരികുളം കണ്ടന്‍ കുമാരന്റെ ചരിത്ര പ്രസിദ്ധമായ പ്രജാസഭാ പ്രസംഗത്തിന് 103 വയസ്സ്. 1917 ഫെബ്രുവരി 22ന് അദ്ദേഹം ചെയ്ത പ്രസംഗം പല കാരണങ്ങളാല്‍ ശ്രദ്ധേയമാണ്. തൊട്ടുകൂടായ്മയും തീണ്ടലും ഒരു കാലഘട്ടത്തിന്റെ സാമൂഹിക ദുരാചാരങ്ങളും ശാസനകളുമായി നിലനിര്‍ത്തിയും ഒരു കൂട്ടം മനുഷ്യവര്‍ഗ്ഗത്തെ താഴ്‌ത്തപ്പെട്ടവരും ഇകഴ്‌ത്തപ്പെട്ടവരും എന്ന് മുദ്രകുത്തി അടിമത്തം അടിച്ചേല്‍പ്പിച്ച് സ്വാതന്ത്ര്യം നിഷേധിച്ചും നൂറ്റാണ്ടുകളോളം തളച്ചിട്ടു. അക്ഷരങ്ങളില്‍ നിന്നും അറിവില്‍ നിന്നും മാറ്റി നിര്‍ത്തി. ആ ഇരുളടഞ്ഞ കാരാഗൃഹവാസത്തിലേക്ക് അക്ഷര ജ്വാല തെളിയിച്ച് ജ്ഞാനാധികാരത്തിന്റെയും അവകാശബോധത്തിന്റെയും ഉടമകളാക്കാനും സംഘടിത രാക്കാനും സ്ഥൈര്യവും ധൈഷണിക പ്രഭാവവും പ്രകടിപ്പിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു കണ്ടന്‍ കുമാരന്‍.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ കണ്ടറിഞ്ഞുകൊണ്ട് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ആവശ്യമായ പണവും ഭൂമിയും ഇതര ഭൗതിക സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത ഭരണാധികാരിയായിരുന്നു റാണി ഗൗരീലക്ഷ്മീഭായി. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) തെക്കന്‍ തിരുവിതാംകൂറിലും മധ്യ കേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്)യും വടക്കന്‍ കേരളത്തില്‍ ബാസല്‍ മിഷനും അതിന്റെ സാര്‍വ്വത്രിക വിദ്യാഭ്യാസ വികസന പദ്ധതികള്‍ അതതു ഭരണാധികാരികളുടെ പിന്തുണയോടെ നടപ്പില്‍ വരുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ വിദ്യാഭ്യാസമുള്ളവരെ മാത്രമേ പരിഗണിക്കൂ എന്ന 1866 ലെ ദിവാന്‍ സര്‍ ടി.മാധവറാവുവിന്റെ പ്രഖ്യാപനം വിദ്യാവ്യാപനത്തിന് ആക്കം കൂട്ടി. ആരാധനാലയങ്ങളെ അന്യമാക്കിയും അകറ്റി നിര്‍ത്തിയിരുന്നതും പൊതുസഞ്ചാരവഴികള്‍ തടയപ്പെട്ടതും വസ്ത്രധാരണത്തില്‍ ജാതീയമായ നിയന്ത്രണങ്ങള്‍ നടപ്പിലിരുന്നതും കീഴാളജാതികളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചു. പട്ടിണിയ്‌ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാനും, അവ പരിഹരിക്കാനുള്ള മിഷണറിമാരുടെ പരിശ്രമങ്ങളിലൂടെ മേല്‍പ്പറഞ്ഞ വിശ്വാസധാര പ്രബലപ്പെട്ടു.
മതപരിവര്‍ത്തനത്തിന്റെ വഴിയിലേക്ക് പോകാതെ അധഃസ്ഥിതരായിത്തന്നെ കഴിഞ്ഞുകൂടിയവര്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ ബാലികേറാമല തന്നെയായിരുന്നു. 1907 ലും 1910 ലുമായി രണ്ട് സര്‍ക്കാര്‍ വിളംബരം ഉണ്ടായിട്ടും കീഴ്ജാതിക്കുട്ടികള്‍ക്ക് അത് അനുഭവവേദ്യമായില്ല. 1911ല്‍ ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന സംഘം എന്ന പേരില്‍ സംഘടനയുണ്ടാക്കിക്കൊണ്ട് സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവന്ന കാവാരികുളം കണ്ടന്‍ കുമാരന്‍ സമുദായ നവീകരണം, വിദ്യാഭ്യാസം, ഭൂമിലഭ്യത എന്നിവയില്‍ മുഖ്യമായും ഊന്നല്‍കൊടുത്താണ് മുന്നേറിയത്.
1915ല്‍ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭാംഗമായി നോമിനേറ്റു ചെയ്തു. 1917 ഫെബ്രുവരി 22 ന് കണ്ടന്‍ കുമാരന്‍ നടത്തിയ പ്രസംഗമാണ് സമാനതകളില്ലാത്ത ചരിത്രമായി മാറിയത്. ”വിദ്യാഭ്യാസ കോഡില്‍ നിരോധിക്കുന്നില്ലാ എങ്കിലും എന്റെ സമുദായത്തിലെ കുട്ടികളെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കുന്നതിന് മേല്‍ജാതിക്കാര്‍ എതിര് നില്‍ക്കുന്നു. അതിനാല്‍ എന്റെ സമുദായം കുന്നത്തൂര്‍, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, പീരുമേട് തുടങ്ങിയ താലൂക്കുകളിലായി 52 പള്ളിക്കുടങ്ങള്‍ നടത്തിവരുന്നു” എന്നതായിരുന്നു ആ പ്രസംഗം. ഒരു സമുദായത്തിന്റെ വളര്‍ച്ചയുടെ ഉരകല്ല് ആ സമുദായം ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസമാണെന്ന മര്‍മ്മം കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു കണ്ടന്‍ കുമാരന്‍.
യാതൊരു ഭൗതിക വിഭവ മൂലധനവുമില്ലാതെ സാമൂഹിക സാഹചര്യങ്ങളും ശാസനങ്ങളും എതിര്‍ നിന്നിട്ടും പള്ളിക്കൂടങ്ങളുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ചതുവഴി കണ്ടന്‍ കുമാരനില്‍ നിറഞ്ഞു നിന്ന ദീര്‍ഘദര്‍ശിത്വവും നിശ്ചയദാര്‍ഢ്യവും ഇന്ന് അചിന്തനീയം തന്നെ. 1911ല്‍ നടന്ന ജാതി സെന്‍സസ്സില്‍ 0.05 ശതമാനം മാത്രമുണ്ടായിരുന്ന പറയരുടെ സാക്ഷരത 1931ലെ സെന്‍സസ്സില്‍ 23 ശതമാനമായി കുതിച്ചുയര്‍ന്നത് കണ്ടന്‍ കുമാരന്റെ നിസ്തുലവും നൈരന്തര്യവുമായ പടയോട്ടത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്.
ച്യുതിയില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന നവോത്ഥാന നന്മകള്‍ സംരക്ഷിക്കുകയും നവോത്ഥാന നായകരെ വാഴ്‌ത്തുകയും ചെയ്യുന്ന ഇക്കാലത്ത് മുഖ്യധാരാ ചരിത്രകാരന്മാരാല്‍ തമസ്‌കരിക്കപ്പെട്ട സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ മുമ്പനാണ് കാവാരികുളം കണ്ടന്‍ കുമാരന്‍. ചരിത്രത്തിന്റെ സത്യസന്ധമായ പുനര്‍ നിര്‍മ്മിതിയിലുടെ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കുമ്പോള്‍ കണ്ടന്‍ കുമാരന്‍ അടക്കമുള്ള അനേകം സമുദായ പരിഷ്‌കരണ പ്രവര്‍ത്തകരും സാമൂഹിക വിപ്ലവകാരികളും അവരുടെ ജീവിതവും ദര്‍ശനവും ഭാവികേരളീയ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊടും പാവും ആയിത്തീരുമെന്നതില്‍ സംശയമില്ല.
(സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നവോത്ഥാന മൂല്യസംരക്ഷണസമിതി സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമാണ് ലേഖകന്‍)
9497336510
പ്രതികരിക്കാൻ ഇവിടെ എഴുതുക: