Categories: Samskriti

എരുമേലി പുത്തന്‍വീട്

രുമേലിയിലെ പുത്തന്‍വീടിന് പറയാന്‍ ആയിരം വര്‍ഷത്തെ ചരിത്രമുണ്ട്. എരുമേലിയോളം പഴക്കമുണ്ട് പുത്തന്‍ വീടിന്. എരുമേലിയില്‍ മഹിഷീനിഗ്രഹിനെത്തിയ അയ്യപ്പന്‍ വിശന്നു വലഞ്ഞ് സമീപത്ത് കണ്ട വീട്ടിലേക്ക് കയറിച്ചെന്നു. ഒരു മുത്തശ്ശി മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. ഏറെ ക്ഷീണിതനായ അയ്യപ്പന്‍, ഭക്ഷണം ആവശ്യപ്പെട്ടു. 

എന്നാല്‍ ആ വീട്ടില്‍ പൂജയ്‌ക്ക് വച്ചിരുന്ന കുറച്ച് അവല്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി അയ്യപ്പന് അവല്‍ നല്‍കി. മഹിഷിയുടെ ആക്രമണത്തെക്കുറിച്ചും അപകടത്തെക്കുറിച്ചും മുത്തശ്ശി വിശദീകരിച്ചു. എന്നാല്‍ താന്‍ ഈ വീടിന്റെ തിണ്ണയില്‍ കിടന്നോളാമെന്നും ഭയപ്പെടാനില്ലെന്നും അയ്യപ്പന്‍ ബോധ്യപ്പെടുത്തി. രാത്രിയില്‍ മഹിഷി എത്തിയപ്പോള്‍ ഉടവാളുമായി എത്തിയ സ്വാമി അയ്യപ്പന്‍ ഇപ്പോഴത്തെ എരുമേലി ശാസ്താ ക്ഷേത്രത്തിനു മുമ്പിലുള്ള രുധിരകുളത്തിന്‍ കരയില്‍ വെച്ച് മഹിഷിയുമായി ഏറ്റുമുട്ടി മഹിഷിയെ നിഗ്രഹിച്ചു. തിരികെ 

പുത്തന്‍വീട്ടില്‍ എത്തിയ സ്വാമി അയ്യപ്പന്‍ മഹിഷിയെ കൊല്ലാന്‍ ഉപയോഗിച്ച ഉടവാള്‍ മുത്തശ്ശിക്ക് സമ്മാനിച്ചു. മുത്തശ്ശി അത് പൂജാമുറിയില്‍ സൂക്ഷിച്ചു. മഹിഷിയെ കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് വിശ്വസിക്കുന്ന ആ വാള്‍ കെടാവിളക്കിനൊപ്പം പുത്തന്‍ വീട്ടിലെ മുറിയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 2011 ല്‍ പുത്തന്‍ വീട്ടില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ വാള്‍ സൂക്ഷിച്ച മുറിമാത്രം കത്തി നശിച്ചില്ല. അഗ്നിബാധയില്‍ തടിയില്‍ തീര്‍ത്ത ആരൂഢവും ഭിത്തിയുടെ ഭാഗങ്ങളും കത്തി നശിച്ചിരുന്നു. 

പുത്തന്‍ വീട്ടില്‍ ഗോപാലപിള്ളയുടെ സംരക്ഷണത്തിലാണ് ഈ വീട്. മൃഗങ്ങളില്‍ നിന്നും മറ്റും രക്ഷനേടാന്‍ പണ്ടുകാലങ്ങളില്‍ വളരെ ഉയരത്തിലാണ് വീടുകളുടെ തറ നിര്‍മിച്ചിരുന്നത്. ആറ് അടിയിലേറെ ഉയരത്തിലുള്ള തറ 

നിര്‍മിച്ച് അതിനു മുകളിലാണ് പുത്തന്‍വീട് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയാണ് സംരക്ഷിക്കുന്നത്. ആദ്യകാലങ്ങളില്‍ പുല്ലു കൊണ്ടാണ് മേഞ്ഞിരുന്നത്. പിന്നീട് ഓല ആയി. എന്നാല്‍ സമീപകാലത്ത് ഇത് മാറ്റി ഷീറ്റ് മേല്‍ക്കൂരയാണ് വിരിച്ചിരിക്കുന്നത്. 

എരുമേലി വലിയമ്പലത്തില്‍ നിന്ന്  200 മീറ്റര്‍ വടക്കുകിഴക്കായിട്ടാണ് പുത്തന്‍ വീടുള്ളത്. മണ്ഡല- മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ എത്തി അയ്യപ്പന്റെ ഉടവാള്‍ വണങ്ങി പോകുന്നത്.

9447213643

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക