ഏഴ് കരകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ നാനൂറിലേറെ അംഗങ്ങളുണ്ട് അമ്പലപ്പുഴ സംഘത്തില്‍. വൃശ്ചികം ഒന്നിന് അമ്പലപ്പുഴ സംഘത്തിലെ എല്ലാവരും മുദ്രധരിച്ച് സ്വാമിമാരാകുന്നു. അമ്പലപ്പുഴ സംഘത്തിന് പേട്ടതുള്ളാനുള്ള അവകാശം ലഭിച്ചതിനുപിന്നില്‍ ഒരു കഥയുണ്ട്. മഹിഷീ നിഗ്രഹം കഴിഞ്ഞ് പുലിക്കൂട്ടവുമായി പന്തളത്തെത്തിയ മണികണ്ഠന്‍ ധര്‍മശാസ്താവിന്റെ അവതാരമാണെന്ന് പന്തളം രാജാവ് തിരിച്ചറിഞ്ഞു. അവതാരോദ്ദേശ്യം നിറവേറ്റിയതിനാല്‍ മടങ്ങുകയാണെന്ന് മണികണ്ഠന്‍ അറിയിച്ചു. മണികണ്ഠന്റെ ഓര്‍മയ്‌ക്കായി ക്ഷേത്രം നിര്‍മിക്കാനുള്ള അുവാദവും സ്ഥാനനിര്‍ണയവും വരമായി പന്തളം രാജാവ് ആവശ്യപ്പെട്ടു. താന്‍ അയയ്‌ക്കുന്ന അമ്പ് വീഴുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് അനുവാദം നല്‍കി. അമ്പ് വീഴുന്ന സ്ഥലം കണ്ടെത്താന്‍ ദിവ്യചക്ഷുസ്സും നല്‍കി. അമ്പ് വീണ സ്ഥലംതേടി പല സംഘങ്ങളും കാട്ടിലേക്ക് പുറപ്പെട്ടു. ആദ്യസംഘങ്ങള്‍ക്കൊന്നും അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. രാജാവ് ഏറെ വിഷമിച്ചു. അപ്പോഴാണ് മണികണ്ഠനോടുള്ള അകമഴിഞ്ഞ ഭക്തിയും അര്‍പ്പണ ബോധവുമുള്ള അമ്പലപ്പുഴ സംഘം മുന്നോട്ടുവന്നത്. സാഹസികതയോടെ അവര്‍ വനാന്തരത്തിലൂടെ നടന്നുനീങ്ങി. അവസാനം അവര്‍ ശരം കണ്ടെത്തി. അവര്‍ തമ്പുരാനെ വിവരമറിയിച്ചു. കാട് വെട്ടിത്തെളിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് അമ്പലപ്പുഴ സംഘത്തിന് മുഖ്യസ്ഥാനം ലഭിക്കാന്‍ കാരണം.
അണുവിട തെറ്റാതെ ആചാരാനുഷ്ഠാനവുമായാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിനായി പുറപ്പെടുന്നത്. കഠിനവ്രതനിഷ്ഠയില്‍ വീടുകളില്‍നിന്നും കെട്ട് മുറുക്കി ധനു ഇരുപത്തനാലിന് നിര്‍മാല്യത്തിന് മുമ്പ് സംഘാംഗങ്ങള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. നിര്‍മാല്യം തൊഴുത് ചുറ്റുവിളക്ക് തെളിയിക്കും. കൂടാതെ കൃഷ്ണന് വെണ്ണ, തൃമധുരം, കദളിപ്പഴം എന്നിവയും വെണ്ണ, തൃമധുരം, കദളിപ്പഴം എന്നിവയും സമര്‍പ്പിച്ചാണ് യാത്ര പുറപ്പെടുന്നത്. പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തമായി മണിമല ഭഗവതി ക്ഷേത്രത്തില്‍ എത്തി ആഴിപൂജ നടത്തിയാണ് എരുമേലിയിലെത്തുക. സമൂഹ പെരിയോന്‍ കെ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് യാത്രയും ചടങ്ങുകളും. ധനു 27ന് എരുമേലിയില്‍ എത്തിയാല്‍ പേട്ട തുള്ളലായി. കൊച്ചമ്പലത്തില്‍നിന്ന് തുടങ്ങുന്ന പേട്ടതുള്ളല്‍ വാവരുപള്ളിയില്‍ കയറും. സമൂഹ പെരിയോനും വാവരുടെ പ്രതിനിധിയും കൈകോര്‍ത്തു പിടിച്ച് വലിയമ്പലത്തിലേക്ക് നീങ്ങും. ശബരിമല ധര്‍മശാസ്താവിന്റെ മാതൃസ്ഥാനീയരാണ് അമ്പലപ്പുഴ സംഘം. ആകാശത്തില്‍ വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ടേ അമ്പലപ്പുഴക്കാരുടെ പേട്ടതുള്ളല്‍ തുടങ്ങൂ. ഗരുഡ വാഹനമേറി വിഷ്ണുഭഗവാന്‍ വന്നുവെന്ന് സൂചന നല്‍കുന്നതാണ് കൃഷ്ണപ്പരുന്തിന്റെ ആഗമനം.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: