Categories: Vicharam

ഇന്ന് ലോക ഓസോണ്‍ ദിനം; ഓസോണിനെ സംരക്ഷിക്കാം

സൂര്യന്റെ തറവാട്ടിലെ ജീവചൈതന്യമുള്ളഒരേയൊരു ഗ്രഹമാണല്ലോ ഭൂമി. മനുഷ്യന്റെ പെറ്റമ്മയായും പോറ്റമ്മയായും ഭൂമിയെ പണ്ടുമുതല്‍ക്കേ നമ്മള്‍ കരുതിപ്പോരുന്നു. എത്രയോതലമുറകള്‍ ഇവിടെജീവിച്ചു. ഇനിയും തലമുറകള്‍ വരാനുമിരിക്കുന്നു. അതുകൊണ്ടുതന്നെ നമുക്കും വരുംതലമുറകള്‍ക്കുമായി ഭൂമിയെസംരക്ഷിക്കേണ്ട ബാധ്യതയാണ് ഓരോവര്‍ഷവും ഓസോണ്‍ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആകാശമില്ലാതെ ഭൂമിയില്ല. ആകാശസംരക്ഷണം തന്നെയാണ് ഭൂസംരക്ഷണവും.

ഓസോണ്‍ പാളിഎവിടെ? 

ഭൗമാന്തരീക്ഷത്തെ ട്രോപ്പോസ്പിയര്‍, സ്ട്രാറ്റോസ്പിയര്‍, മിസോസ്പിയര്‍, തെര്‍മോസ്പിയര്‍ എന്നിങ്ങനെ നാലായി ഭൂമിശാസ്ത്രജ്ഞര്‍ തിരിച്ചിട്ടുണ്ട്. അതില്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള പാളിയായ ട്രോപ്പോസ്പിയറില്‍ ആകെഓസോണിന്റെ 10 ശതമാനം നിലനില്‍ക്കുന്നു. ബാക്കിവരുന്ന 90 ശതമാനവും തൊട്ടടുത്ത സ്ട്രാറ്റോസ്പിയറാണ്. ഓസോണ്‍ കൂടുതലുള്ള ഈ ഭാഗം ഓസണോസ്പിയറെന്ന പേരിലും അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ 10 മുതല്‍ 50 കിലോ മീറ്റര്‍വരെ ഉയരത്തിലാണ്ഓസോണ്‍ പാളികാണപ്പെടുന്നത്. 

എന്താണ്ഓസോണ്‍? 

മൂന്ന് ഓക്‌സിജന്‍ തന്മാത്രകള്‍ ചേര്‍ന്നാണ് ഓസോണ്‍ (03) രൂപപ്പെടുന്നത്. സ്വാഭാവികമായുള്ള അന്തരീക്ഷ വാതകങ്ങളില്‍ ഒന്നാണിത്. ഇളം നീലനിറമാണ് ഓസോണിന്. രൂക്ഷഗന്ധവും അപകടകരമാംവിധം വിഷമുള്ളതുമായ വാതകമാണ്ഓസോണ്‍. മണക്കാനുള്ളത് എന്നര്‍ത്ഥം വരുന്ന ഓസീന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന പേരുണ്ടായത്. ഭൂമിക്കുമുകളിലുള്ള ഓസോണ്‍ വലയം ഭൂമിയിലെ ജീവചൈതന്യം നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കാണ്‌വഹിക്കുന്നത്. സൂര്യനില്‍ നിന്നുവരുന്ന അപകടകാരികളായ വിഷരശ്മികളെ (എക്‌സ്‌റേ, അള്‍ട്രാവയലറ്റ്‌രശ്മി, കോസ്മിക്‌രശ്മി, സൗരവാതം) അരിച്ചുമാറ്റി ഓസോണ്‍ മേലാപ്പ് ഭൂമിയിലെ ജീവജാലങ്ങളെ കാത്തുസൂക്ഷിക്കുന്നു. ഈ മേലാപ്പില്ലാത്ത മറ്റു ഗ്രഹങ്ങളില്‍ ജീവന്റെ കണങ്ങള്‍ വല്ലതുമുണ്ടായിരുന്നെങ്കില്‍തന്നെ അതുസൂര്യന്റെതീഷ്ണരശ്മികളേറ്റ് എന്നേ കരിഞ്ഞുപോയിക്കാണും. ചുരുക്കത്തില്‍ ഈ ഓസോണ്‍ കവചമാണ് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത്ജീവമണ്ഡലത്തെ കാത്തുപോരുന്നത്. ഓക്‌സിജന്‍ തന്മാത്രകള്‍ അള്‍ട്രാവയലറ്റ് രശ്മികളെആഗിരണം ചെയ്യുമ്പോഴാണ് ഓസോണ്‍ ഉണ്ടാകുന്നത്. പ്രകൃതിയില്‍ ഓസോണ്‍ വാതകം തുടര്‍ച്ചയായി ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു. ഓസോണ്‍ ദിനം ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തിയിട്ട് 31 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1985-ല്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ് ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. അന്റാര്‍ട്ടിക് മേഖലയിലാണ് ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യമായികണ്ടെത്തിയത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ശാസ്ത്രഞ്ജരായ ജോയ് ഫാര്‍മാന്‍, ബിയാന്‍ ഗാര്‍ഡിനര്‍, ജോനാതന്‍ ഷാങ്ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് അത്കണ്ടെത്തിയത്. ഓസോണ്‍ പാളിയിലെ ശോഷണത്തെയാണ്‌വിള്ളല്‍എന്നുപറയുന്നത്. ഓസോണ്‍ പാളിസംരക്ഷിക്കുന്നത് സംബന്ധിച്ച് ചരിത്ര പ്രസിദ്ധമായ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ലോകരാഷ്‌ട്രങ്ങള്‍ ഒപ്പുവച്ചത് 1987 സപ്തംബര്‍ 16 നാണ്. അക്കാരണത്താല്‍ 1988 സപ്തംബര്‍ 16 മുതല്‍ എല്ലാവര്‍ഷവും ഓസോണ്‍ ദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍അസംബ്ലി തീരുമാനിച്ചു. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന ഐക്യരാഷ്‌ട്ര സഭയുടെ ഈ ആഹ്വാനം വര്‍ധിത ഉത്സാഹത്തോടെ ഭാവിതലമുറയ്‌ക്കായി ഭൂമിമാതാവിനെ സംരക്ഷിക്കാനുള്ള ഓര്‍മ്മപ്പെടുത്തലായി കണ്ട് നാം പ്രവര്‍ത്തിക്കണം.

ജീവന്‍ കാക്കുന്ന കുട

സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞുനിര്‍ത്തി രക്ഷയേകുന്ന കുടയാണ് ഓസോണ്‍ കുട. ഭൂമിയില്‍ ജീവിക്കുന്ന നമുക്കും സമസ്ത ജീവജാലങ്ങള്‍ക്കുമുള്ള കുടതന്നെയാണ് ഓസോണ്‍. സൂര്യന്‍ നമുക്ക് ചൂടും, വെളിച്ചവും, ജൈവവൈവിധ്യത്തിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുതരുന്നുണ്ടെങ്കിലും ചില അപകടങ്ങളും മൂപ്പര്‍ക്കുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മനുഷ്യനും മറ്റ് ജീവജാലത്തിനും മാരകമായിത്തീരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍. 

ഇവ സൂര്യനില്‍ നിന്ന് വരുന്നത് 99 ശതമാനവും തടയുന്നത് ഈ ഓസോണ്‍കുടയാണ്. കൂടാതെ അന്തരീക്ഷത്തിലെയും ഭൗമോപരിതലത്തിലെയും താപനില അനുഗുണമാംവിധം നിയന്ത്രിക്കുന്നതിലും, ഓസോണ്‍ നമ്മുടെ ചങ്ങാതിയായും വര്‍ത്തിക്കുന്നുണ്ട്. ഓര്‍ക്കുക; അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി ഇല്ലാതിരുന്നെങ്കില്‍, സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുമായിരുന്നു. അങ്ങനെ ആയാല്‍ ചര്‍മാര്‍ബുദങ്ങള്‍, നേത്രരോഗങ്ങള്‍, വിളനാശം, സമുദ്രപരിസ്ഥിതിയുടെ നാശം അങ്ങനെ ഒട്ടേറെ ദുരിതങ്ങള്‍ക്ക്‌ലോകം ഇരയാകുമായിരുന്നു.

ഭൂമിയിലെ ജീവജാലങ്ങളെയും ജൈവവ്യവസ്ഥയെയും അള്‍ട്രാവയലറ്റ്കിരണങ്ങളില്‍ നിന്ന് രക്ഷിക്കുന്ന ഓസോണ്‍പാളിക്ക് ക്ഷതമേല്‍പ്പിക്കുന്നത് അന്തരീക്ഷത്തിലെത്തുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ (സിഎഫ്‌സി) ആണ്. എയര്‍കണ്ടീഷനിങ്്, ശീതികരണികള്‍, സ്‌പ്രേകള്‍, പെയിന്റ്-സ്‌പ്രേകള്‍ ഇലക്ട്രിക് അയണ്‍ ചൂടാകുമ്പോഴുണ്ടാകുന്ന മടുപ്പിക്കുന്ന ഗന്ധം തുടങ്ങിയവയില്‍ ക്‌ളോറോ  ഫ്‌ളൂറോ കാര്‍ബണുകളുടെ അളവ് വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് ഓസോണ്‍ സമ്പുഷ്ടമായ സ്‌ട്രോറ്റോസ് ഫിയറിലെത്തി അള്‍ട്രാവയലറ്റുമായി പ്രതിപ്രവര്‍ത്തിച്ച് ക്ലോറിന്‍ പുറത്തുവിടുന്നു. ഈ ക്ലോറിന്‍ അള്‍ട്രാവയലറ്റുമായി പ്രവര്‍ത്തിച്ച് സംയോജിച്ച് ഓക്‌സിജന്‍ മൂലകങ്ങളുണ്ടാക്കുന്നു. ഈ ക്ലോറിന്‍ കണങ്ങള്‍ ഓസോണിനെ തകര്‍ക്കാനാകും പിന്നെ ശ്രമിക്കുക. 1920 കളില്‍ തോമസ്മിഡ് ജേയെന്ന എന്‍ജിനീയറാണ് ഓസോണ്‍ പാളിക്ക് ക്ഷതമേല്‍പ്പിക്കുന്ന സിഎഫ്‌സികള്‍കണ്ടു പിടിച്ചത്.

ഓസോണ്‍ പാളി നശിക്കുന്നത് എങ്ങനെ?

മനുഷ്യര്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചിലരാസവസ്തുക്കള്‍ തന്നെയാണ് ഓസോണെന്ന ജീവസംരക്ഷണ കവചത്തിന് ക്ഷതമേല്‍പ്പിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട വില്ലന്‍ അന്തരീക്ഷത്തിലെത്തുന്ന ക്ലോറോ ഫ്‌ളൂറോകാര്‍ബണാണ്. സിഎഫ്‌സികള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ കൊലയാളിയെ കണ്ടുപിടിച്ചത് ജനറല്‍ മോട്ടോഴ്‌സിലെ ഗവേഷകനായ തോമസ് മിഡ്ഗ്‌ലേ 1920 കളുടെ അവസാനമായിരുന്നു. എയര്‍ കണ്ടീഷനിലെ ശിതീകരണികള്‍, സ്‌പ്രേകള്‍ തുടങ്ങിയവയിലൊക്കെ സിഎഫ്‌സികള്‍ ഉപയോഗിക്കുന്നതാണ് ഓസോണിന് ദോഷമാകുന്നത്. 

ഓസോണ്‍ പാളിക്ക് ക്ഷതം സംഭവിച്ചാല്‍ ഭൂപ്രതലത്തിലെത്തുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങളുടെതോത് വര്‍ദ്ധിക്കും. കൂടുതല്‍ അള്‍ട്രാ വയലറ്റ് രശ്മികളേറ്റാല്‍ മനുഷ്യരില്‍ മാലിഗ്‌നന്റ്‌മെലാനോമ പോലുള്ള മാരകമായ ചര്‍മാര്‍ബുദങ്ങള്‍ വര്‍ദ്ധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകജനതയില്‍ നല്ലൊരു പങ്കിനെ നിലനിര്‍ത്തുന്ന നെല്ലു പോലുള്ള വിളകള്‍ക്കും ഓസോണ്‍ ശോഷണം ഭീഷണിയാകും. കടുത്ത ഭക്ഷ്യക്ഷാമത്തിന് ഇത് ഇടയാകും. നെല്‍ച്ചെടിക്ക് വേരിലുള്ള സൈയാനോ ബാക്ടീരിയ ആണ്, ചെടിക്ക് നൈട്രജന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത്. അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ ആധിക്യത്തില്‍ഇത്തരം ബാക്ടീരിയകള്‍ നശിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നത് സമുദ്രത്തിലെ പ്ലാങ്ക്ടണുകളെയും വ്യാപകമായി ബാധിക്കും. ഇത് സമുദ്ര ഭക്ഷ്യശൃംഗലയ്‌ക്ക് കടുത്ത ഭീഷണിയുയര്‍ത്തും.

ലോകം പ്രതീക്ഷയോടെ

ഓസോണ്‍ പാളി സംരക്ഷണം ലക്ഷ്യമിട്ട മോണ്‍ട്രിയല്‍ ഉടമ്പടിയോടെ പാളിയുടെ നാശത്തിന് കാരണമാകുന്ന വസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി യു.എന്നിന്റെ നേതൃത്വത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളാണ് ഫലംകാണുന്നത്. ലോകം കണ്ട ഏറ്റവും ശക്തവും ഫലപ്രദവുമായ പരിസ്ഥിതി സംരക്ഷണദൗത്യമായി മോണ്‍ട്രിയാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തിയ തീവ്രശ്രമങ്ങളാണ് ഭൂമിയ്‌ക്ക് രക്ഷയായത്. യു.എന്നിന്റെ പരിസ്ഥിതി വിഭാഗമായ യുഎന്‍ഇപിയുടെ റിപ്പോര്‍ട്ടിലാണ് ഓസോണ്‍ പാളിയെക്കുറിച്ച് ശുഭസൂചനയുള്ളത്. ഈ നിലയില്‍ പോവുകയാണെങ്കില്‍ 2050 ആകുമ്പോഴേയ്‌ക്കും ഓസോണ്‍പാളി പരുക്കുകള്‍ തീര്‍ന്ന് 1980ന് മുമ്പുള്ള അവസ്ഥയില്‍ എത്തുമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. 1980 മുതലാണ് ഓസോണ്‍ പാളിയില്‍ ദ്വാരങ്ങള്‍ വീണുതുടങ്ങിയത്. സിഎഫ്‌സി ഉത്പന്നങ്ങളുടെ ഉപയോഗം പുരോഗതികണ്ടതും ഈ രംഗത്തെ ശ്രദ്ധേയമായ മാറ്റങ്ങളാണ്. ഓസോണിനെ ദുര്‍ബലപ്പെടുത്തുന്ന മനുഷ്യനിര്‍മ്മിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. ഓസോണ്‍പാളി പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു എന്നുള്ളത് പ്രകൃതിയെയും ഭാവിയെയും കുറിച്ച് ആത്മവിശ്വാസത്തോടെ ചിന്തിക്കാനും ഇടപെടാനും ഈ ദിനത്തില്‍ നമുക്ക് പ്രചോദനമാകട്ടെ. 

                                                                                       (ടീച്ചേഴ്‌സ്‌ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ്

                                                                          അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക