Categories: Samskriti

ശംഖുപുഷ്പം

ശാസ്ത്രീയ നാമം: Glitoria termatea

സംസ്‌കൃതം: ശംഖുപുഷ്പി, ദേവകുസുമ, അപരാജിത

തമിഴ്: കുരുവിളൈ

എവിടെകാണാം:  ഇന്ത്യയില്‍ ഉടനീളം ഈ വള്ളിച്ചെടി കണ്ടുവരുന്നു. വെള്ള, നീല നിറങ്ങളില്‍ പൂക്കളുള്ള രണ്ടുതരം ശംഖുപുഷ്പമാണുള്ളത്.  വരണ്ടപ്രദേശങ്ങളില്‍ നീലപൂക്കളുള്ള ശംഖുപുഷ്പമാണ് കൂടുതല്‍ കണ്ടുവരുന്നത്. മഴകൂടുതലുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൂക്കളുള്ളവയാണ് കൂടുതലുള്ളത്. വെള്ളപ്പൂക്കളുള്ളവ വിഷചികിത്സയ്‌ക്കും രസായന ചികിത്സയ്‌ക്കും ഉപയോഗിക്കുന്നു. 

പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍:  വെളുത്ത ശംഖുപുഷ്പത്തിന്റെ പൂവും ചുവന്ന പൂക്കളുള്ള അശോകത്തിന്റെ വേരും സമമായി എടുത്ത് ഗോമൂത്രത്തില്‍ അരച്ച് കഴുത്തില്‍ തേച്ചാല്‍ ഗോയിറ്റര്‍ മാറും. തുടര്‍ച്ചയായി രണ്ടുമാസം ഈ ചികിത്സ തുടരണം. 

നീല ശംഖുപുഷ്പത്തിന്റെ പൂവ് അരിക്കാടിയിലരച്ച് തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം എന്ന കണക്കില്‍ സേവിച്ചാല്‍ ഗര്‍ഭിണികളിലെ ഗര്‍ഭാശയ രക്തസ്രാവം നിലയ്‌ക്കും. ഇത് തുടര്‍ച്ചയായി ഏഴു ദിവസം ചെയ്യണം. നീല ശംഖുപുഷ്പം സമൂലം എടുത്ത് അരച്ച് പാലിലോ നെയ്യിലോ സേവിച്ചാല്‍ നല്ല ഉറക്കം കിട്ടും. ശംഖുപുഷ്പം സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം നെയ് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ 41ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ മനോവിഭ്രാന്തിയും രക്തസമ്മര്‍ദ്ദവും കുറയും. 

 വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് അഞ്ചുഗ്രാം വീതം പാലില്‍ അരച്ച് കുടിച്ചാല്‍ കഴുത്തിലും കക്ഷത്തിലും കാല്‍ക്കുഴയിലും കാപ്പിക്കുരു വലിപ്പത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കും. ഇത് 15 ദിവസം തുടര്‍ച്ചയായി ചെയ്യണം. കിലുകിലുപ്പയുടെ വേരും വെളുത്ത ശംഖുപുഷ്പത്തിന്റെ വേരും അഞ്ചുഗ്രാം വീതമെടുത്ത് പാലില്‍ അരച്ച് കുടിക്കുകയും ഇത് ദേഹമാസകലം തേയ്‌ക്കുകയും ചെയ്താല്‍ മൂര്‍ഖന്‍ കടിച്ചുണ്ടാകുന്ന വിഷം ശമിക്കും. വിഷമേറ്റ് സന്ധികളിലുണ്ടാകുന്ന വേദനയും ശമിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക