Categories: Vicharam

ചന്ദ്രികയില്‍… അരനൂറ്റാണ്ടിനിപ്പുറം

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ 50-ാം വര്‍ഷത്തില്‍ തന്നെയായി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. 110 വര്‍ഷം മുമ്പ്, 1909ല്‍, ഭൂമിയുടെ ദക്ഷിണധ്രുവത്തിലേക്ക് സര്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ നടത്തിയ ഐതിഹാസികമായ നിംറോദ് പര്യവേഷണത്തെ അനുസ്മരിച്ചുകൊണ്ടാണ് 2019ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ചാന്ദ്രയാന്‍ 2 യാത്രക്ക് ഐഎസ്ആര്‍ഒ തുടക്കം കുറിച്ചത്.

മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 6ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയര്‍ന്ന പേടകത്തില്‍ നീല്‍ ആംസ്‌ട്രോങ്ങ്, എഡ്വിന്‍ ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രികര്‍. 1969 ജൂലൈ 21ന് നീല്‍ ആംസ്‌ട്രോങ്ങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ചന്ദ്രനില്‍ കാലുകുത്തി. കൃത്യം 50 വര്‍ഷത്തിനുശേഷം എല്ലാ അര്‍ത്ഥത്തിലും നാഴികക്കല്ലായ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 ആന്ധ്രാ തീരത്തെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയരുകയാണ്. കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാവാന്‍ വെറും 56 മിനിറ്റും 24 സെക്കന്റും അവശേഷിക്കെ ബാഹുബലി എന്ന് പേരിട്ട ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ കാണപ്പെട്ട ചെറിയ ചോര്‍ച്ചയെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് തടസമാകാത്ത തകരാറായിരുന്നു ഇതെങ്കിലും ലോകം ഉറ്റുനോക്കുന്ന അതിസങ്കീര്‍ണവും നിര്‍ണായകവുമായ ബഹിരാകാശ പദ്ധതിയുടെ പഴുതടച്ച കൃത്യതക്കുവേണ്ടി അത് മാറ്റുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിദഗ്ധ പരിശോധനയില്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുകയും ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെ വിക്ഷേപണം ഇന്ന് ഉച്ചക്കുശേഷം 2.43ന് നടക്കുകയാണ്. വിക്ഷേപണം ഒരാഴ്ച വൈകിയെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 7ന് തന്നെ ചന്ദ്രനില്‍ ഇറങ്ങും. 

ചന്ദ്രനിലെത്താനുള്ള ആധുനിക ശാസ്ത്രലോകത്തിന്റെ ആദ്യശ്രമമായിരുന്നു അമേരിക്കയുടെ പയനിയര്‍ ദൗത്യം. ചന്ദ്രനെ ചുറ്റാന്‍ പോയ പയനിയര്‍ പരാജയമായിരുന്നു. ചന്ദ്രനില്‍ ഇറങ്ങാന്‍ മുന്‍ സോവിയറ്റ് റഷ്യ വിക്ഷേപിച്ച ലൂണ ഇ 1 നം. 1 ഉം പരാജയപ്പെട്ടു. 1959 സെപ്റ്റംബര്‍ 12ന് 390 കിലോഗ്രാം ഭാരമുള്ള സോവിയറ്റ് യൂണിയന്റെ ലൂണ 2 ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ആറര വര്‍ഷത്തിനുശേഷം 1966 ജനുവരി 3ന് ലൂണ 9 ചന്ദ്രനില്‍ ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തി. 1969ല്‍ മനുഷ്യന്‍ ചന്ദ്രനെ ആദ്യമായി തൊട്ടശേഷം 10 പേര്‍കൂടി അമ്പിളിമാമനെ കണ്ടുമടങ്ങി. 1972 ഡിസംബര്‍ 11ന് യൂജിന്‍ ഡെര്‍നാന്‍, ഹാരിസണ്‍ ജാക്ക് ഷിമിറ്റ് എന്നിവര്‍ ചന്ദ്രനില്‍ ഇറങ്ങിയതില്‍പിന്നെ മനുഷ്യന്‍ അങ്ങോട്ട് പോയിട്ടില്ല.

1909ല്‍ 10 മാസങ്ങള്‍ നീണ്ടതായിരുന്നു ഭൂമിയുടെ ദക്ഷിണധ്രുവം തേടിയുള്ള സര്‍ ഷാക്കിള്‍ട്ടന്റെ യാത്ര. ദൗത്യ കാലാവധി 9 ദിവസം. -60 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -10 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. പങ്കെടുത്തവര്‍ 16 പേര്‍. 2019ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയുടെ കാലാവധി 2 മാസമാണ്. ദൗത്യ കാലപരിധി 14 ദിവസം. ശരാശരി താപനില -157 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 121 വരെ. ദൗത്യത്തിലെ പങ്കാളികളാകട്ടെ, ഭാരതമെന്ന ഏകരാഷ്‌ട്രം മാത്രവും.

ധ്രുവരഹസ്യങ്ങള്‍ തേടി…

ചന്ദ്രന്റെ ഇന്നോളം പര്യവേഷണവിധേയമാക്കാത്ത മേഖലയായ ദക്ഷിണധ്രുവ പ്രദേശത്തെ രഹസ്യങ്ങള്‍ തേടിയാണ് ചാന്ദ്രയാന്‍ 2ന്റെ പ്രയാണം. ഒരു ദശാബ്ദം നീണ്ട ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങള്‍ക്കൊടുവിലാണ് ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന് തുടക്കമായിരിക്കുന്നത്. ചന്ദ്രോപരിതലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് വിശദമായ പഠനവും ധാതുലവണങ്ങളുടെ സാന്നിധ്യം സംബന്ധിച്ച സമഗ്രമായ വിശകലനവും മറ്റ് ഒട്ടേറെ പരീക്ഷണ, നിരീക്ഷണങ്ങളും വഴി ചന്ദ്രന്റെ ഉത്ഭവവും പരിണാമവും കൂടുതല്‍ വ്യക്തമായി അനാവരണം ചെയ്യാന്‍ ചാന്ദ്രയാന്‍ ദൗത്യം സഹായിക്കും.

ചന്ദ്രനിലെ ജലകണികകളുടെ സാന്നിധ്യം, സവിശേഷമായ രാസഘടനകളോടുകൂടിയ പാറകള്‍ തുടങ്ങി ചാന്ദ്രയാന്‍ ഒന്ന് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളുടെ വിശദമായ പഠനവും ഒപ്പം നടക്കും. ഭൂപ്രകൃതി, ഭൂചലന പ്രതിഭാസങ്ങള്‍, ധാതു നിരീക്ഷണവും വിന്യാസവും, ഉപരിതലത്തിന്റെ രാസഘടന, മണ്ണിന്റെ രാസ, ഭൗതിക സ്വഭാവങ്ങള്‍, സൂക്ഷ്മമായ അന്തരീക്ഷത്തിന്റെ ഘടന തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ ചന്ദ്രന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച പുതിയ നിഗമനങ്ങളിലേക്ക് എത്താമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്. 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്ന് ഓര്‍ബിറ്റര്‍ പേലോഡുകള്‍ വിദൂരസംവേദനം വഴി നിരീക്ഷണങ്ങള്‍ നടത്തും. അതേസമയം, ലാന്‍ഡര്‍, റോവര്‍ പേലോഡുകള്‍ ലാന്‍ഡിങ്ങ് പ്രദേശത്തെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ചന്ദ്രന്റെ അയണോസ്ഫിയറിലെ ഇലക്‌ട്രോണ്‍ സാന്ദ്രത പഠനവിധേയമാക്കും. ചന്ദ്രോപരിതലത്തിന്റെ വിശദമായ ത്രിമാന ചിത്രീകരണവും നടത്തും. ജല തന്മാത്രകളുടെ വിന്യാസം ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോസ്‌കോപ്പി, സിന്തറ്റിക് അപ്പെര്‍ച്ചര്‍ റേഡിയോമെട്രി, പോളാരിമെട്രി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പഠിക്കും.

അന്താരാഷ്‌ട്ര താല്‍പര്യങ്ങളെ മറികടന്ന്, ബഹിരാകാശത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ വിശാലവും ശക്തവുമാക്കാന്‍ ചാന്ദ്രയാന്‍ 2 പദ്ധതി ലക്ഷ്യമിടുന്നു. ഒപ്പം പുതിയ തലമുറയില്‍പ്പെട്ട ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, പര്യവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രചോദനമാകാന്‍ വഴിയൊരുങ്ങുമെന്നുമാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

രാജ്യവും മനുഷ്യകുലവും കാത്തിരിക്കുന്നു

രാജ്യത്തിനും മനുഷ്യകുലത്തിന് ആകമാനവും നേട്ടമാകുന്ന ഗവേഷണങ്ങള്‍ക്കും ബഹിരാകാശത്തെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവിയാത്രകള്‍ക്ക് ഊര്‍ജ്ജം പകരത്തക്കവിധം ചന്ദ്രനെക്കുറിച്ചുള്ള അറിവുകള്‍ മെച്ചപ്പെടുത്തുകയാണ് ഇന്ത്യന്‍ ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശ ഗവേഷണങ്ങള്‍ നടത്തുന്നതിനും രേഖപ്പെടുത്തുന്നതിനും കഴിയുന്ന ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയുടെ പൂര്‍വചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക വിവരങ്ങളാണ് ചന്ദ്രനില്‍നിന്ന് ലഭിക്കുന്നത്. ചന്ദ്രന്റെ ഉത്ഭവം സംബന്ധിച്ച് വ്യക്തമായ തിയറികള്‍ നിലവിലുണ്ടെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

ചാന്ദ്രയാന്‍ 1 കണ്ടെത്തിയ ജലകണികാ സാന്നിധ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനം ചാന്ദ്രയാന്‍ 2ന്റെ ദൗത്യങ്ങളില്‍ പ്രധാനമാണ്. ഉത്തരധ്രുവത്തെക്കാള്‍ വിശാലമായതിനാലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ജല സാന്നിധ്യം പ്രതീക്ഷിക്കുന്ന മേഖലയാണ് ഇവിടം.

ചാന്ദ്രയാന്‍ 2- നാള്‍വഴികള്‍ 

2019 ജൂണ്‍ 28: വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ബാറ്ററികള്‍ ഘടിപ്പിച്ചു. 

ജൂണ്‍ 29: പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി റോവര്‍ വിക്രം ലാന്‍ഡറുമായി സംയോജിപ്പിച്ചു. വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായി സംയോജിപ്പിച്ചു. 

ജൂലൈ 1: പിഎസ്എല്‍വിയുമായി സംയോജിപ്പിക്കാന്‍ ചാന്ദ്രയാന്‍ 2 സജ്ജമായി. പ്രജ്ഞാന്‍ റോവര്‍ ഉള്‍പ്പെടുന്ന വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായി സംയോജിപ്പിച്ചു. 

ജൂലൈ 4: കാപ്‌സ്യൂള്‍ രൂപത്തിലുള്ള ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു. 

ജൂലൈ 6: പിഎസ്എല്‍വി എംകെ3 വിക്ഷേപണ തറയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. 

ജൂലൈ 8: വിക്ഷേപണ വാഹനത്തിന്റെ ഫുള്‍ ഡ്രസ്സ് റിഹേര്‍സല്‍ ആരംഭിച്ചു. 

ജൂലൈ 9: പ്രഷര്‍ സെന്‍സറുകളുടെയും കണ്ടക്ടര്‍ കേബിളുകളുടെയും പരിശോധനകള്‍ പൂര്‍ത്തിയായി. 

ജൂലൈ 14: ജൂലൈ 15നുള്ള വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി. വിക്ഷേപണ വാഹനത്തില്‍ ദ്രവഘട്ടത്തിലേക്കുള്ള ഇന്ധനം നിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ക്രയോജനിക് ഘട്ടത്തിലേക്കുള്ള ദ്രവ ഓക്‌സിജന്‍ നിറച്ചുതുടങ്ങി. 

ജൂലൈ 15: ക്രയോജനിക് ഘട്ടത്തിലേക്കുള്ള ദ്രവ ഓക്‌സിജന്റെ നിറക്കല്‍ പൂര്‍ത്തിയായി. ദ്രവ ഹൈഡ്രജന്‍ നിറക്കാന്‍ ആരംഭിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ വിക്ഷേപണത്തിന് 56 മിനിറ്റ് ശേഷിക്കെ വിക്ഷേപണ വാഹന സംവിധാനത്തില്‍ തകരാര്‍. മുന്‍കരുതലായി ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണം മാറ്റിയതായി പ്രഖ്യാപനം 

ജൂലൈ 18: പുതുക്കിയ വിക്ഷേപണ തീയതി 2019 ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 2:43ന് എന്ന് അറിയിപ്പ്. 

ജൂലൈ 20: വിക്ഷേപണ റിഹേര്‍സല്‍ പൂര്‍ത്തിയായി. പ്രവര്‍ത്തനങ്ങള്‍ എല്ലാം തൃപ്തികരം. 

ജൂലൈ 22: ചാന്ദ്രയാന്‍ 2 ബഹിരാകാശത്തേക്ക്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക