ശാസ്ത്രീയനാമം: Musa paradisiaca
സംസ്‌കൃതം: കദളി, അംബുസാര
തമിഴ്: വാഴൈ
എവിടെ കാണാം : ഇന്ത്യയില്‍ ഉടനീളം നനവാര്‍ന്ന പ്രദേശങ്ങളില്‍ തോട്ടവിളയായി കൃഷി ചെയ്യുന്നു. അടുക്കളതോട്ടത്തിലും വാഴകള്‍ നട്ടു വളര്‍ത്തുന്നു. വനത്തില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കല്ലുവാഴ എന്നൊരിനം കാണാം. വാഴച്ചാല്‍, ആതിരപ്പള്ളി ഭാഗങ്ങളില്‍ റോഡില്‍ നിന്ന് നോക്കിയാല്‍ പുഴയ്‌ക്ക് അക്കരെ പാറക്കെട്ടുകളില്‍ ഇവ കാണാനാകും.
പ്രത്യുത്പാദനം: ഭൂകാണ്ഡത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍:രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് കുറഞ്ഞാല്‍ അത് കൂട്ടുന്നതിന് ഉത്തമഔഷധമാണ് വാഴയുടെ ചുണ്ട്. തെക്കന്‍ കേരളത്തില്‍ ഇതിന് കൂമ്പ് എന്നാണ് പറയുന്നത്.
ഏത്തവാഴയുടെ ചുണ്ടെടുത്ത് അതിന്റെ നീലപ്പോള കളഞ്ഞ് വെള്ളഭാഗം മാത്രം അരിഞ്ഞെടുക്കുക. ഇത് ഏകദേശം മുന്നൂറ് ഗ്രാം വരും. അതില്‍ 20 ഗ്രാം മഞ്ഞള്‍പ്പൊടി, 20 ഗ്രാം മല്ലിയില, 20ഗ്രാം കുടകന്‍ സമൂലം, 10 ഗ്രാം തിപ്പലിപ്പൊടി, 10 ഗ്രാം കുരുമുളക് പൊടി, 200 മില്ലി നറുനെയ്യ്, രണ്ട് ഗ്ലാസ് പച്ചവെള്ളം ആവശ്യത്തിന് ഇന്തുപ്പ് എന്നിവ ചേര്‍ത്ത് ഓട്ടുരുളിയില്‍ മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വെന്തു കഴിഞ്ഞാല്‍ നന്നായി ഇളക്കിയെടുത്ത് രണ്ടു ദിവസങ്ങളിലായി ഇത് കഴിച്ചു തീര്‍ക്കുക. കടിച്ചു ചവച്ചിറക്കാന്‍ വയ്യാത്ത രോഗികള്‍ക്ക് ദ്രവരൂപത്തില്‍ കൊടുക്കുക.
ഇത് ഉള്ളില്‍ ചെന്നാല്‍ ആറ് മണിക്കൂറിനുള്ളില്‍ രക്തത്തിലെ കൗണ്ട് കൂടും. ഒരു ദിവസത്തിനകം ഒരു ലക്ഷത്തിനു മേലെയാകും. സാധാരണ മനുഷ്യശരീരത്തിലെ കൗണ്ട് 75000 മുതല്‍ മുകളിലേക്കാണ്. ഇതെഴുതുന്നയാള്‍ പ്രയോഗിച്ച് അനവധി രോഗികളില്‍ ഫലം കണ്ടിട്ടുണ്ട്.
കിഡ്‌നി സ്റ്റോണുള്ളവര്‍ വാഴത്തട (വാഴയുടെ അടിയിലുള്ള കന്ന്) ചെത്തിയെടുത്ത് അതില്‍ ഒരു പരല്‍ വെടിയുപ്പ് കയറ്റി വെയ്‌ക്കുക.24 മണിക്കൂറിനു ശേഷം അത് പിഴിഞ്ഞ് നീര് കുടിക്കുക. മൂത്രത്തില്‍ കല്ലിന്റെ ആരംഭത്തില്‍ ചെയ്താല്‍ രണ്ട് ദിവസം കൊണ്ട് കിഡ്‌നി സ്റ്റോണ്‍ മാറും. ആരംഭത്തില്‍ മാത്രമേ ഇത് ഫലപ്രദമാകും.
വൃക്കരോഗമുള്ളവര്‍ വാഴപ്പിണ്ടിയൊഴികെ വാഴയുടെ ഭക്ഷ്യയോഗ്യമായ മറ്റൊരു ഭാഗവും കഴിക്കരുത്. മഞ്ഞപ്പിത്തമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒരേയൊരു പഴം കാളി വാഴപ്പഴം മാത്രമാണ്. കരളിനെ ബാധിക്കുന്ന എന്ത് അസുഖമുള്ളവരും കാളിപ്പഴം മാത്രമേ കഴിക്കാവൂ. ആധുനിക ചികിത്സയില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ല.
വാഴക്കൂമ്പിലെ പൂവ് അരച്ച് കാടിവെള്ളത്തില്‍ സേവിച്ചാല്‍ മൂത്രം ക്രമാതീതമായി പോകുന്ന അസുഖം ശമിക്കും. പ്രമേഹരോഗികളില്‍ ദാഹം തീര്‍ക്കാന്‍, വാഴപ്പിണ്ടി നീരില്‍ പാവയ്‌ക്കാ നീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവും ഇതു കുടിച്ചാല്‍ കുറയും. ശരീരതാപവും കുറയും. കല്ലുവാഴയുടെ കായ പഴുത്തു വരുമ്പോള്‍ അത് കല്ലുപോലെ ഇരിക്കും. അതിനകത്ത് കറുത്ത നിറത്തില്‍ കാപ്പിക്കുരു വലിപ്പത്തില്‍ അരികള്‍ കാണാം. അത് കടിച്ചു ചവച്ച് തിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. ഒരു മില്ലി മീറ്റര്‍ വലിപ്പമുള്ള വൃക്കയിലെ കല്ലുകള്‍ കളയാനും ഇത് ഉപയോഗപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: