തൃശൂര്‍: മഴയില്‍ ചോര്‍ന്നൊലിക്കുന്ന വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ അറ്റകുറ്റപ്പണികള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടത്തും. ഇതിന്റെ ഭാഗമായി പാലക്കാട്ട് നിന്നുള്ള വിദഗ്ധരെത്തി കൂത്തമ്പലം പരിശോധിച്ചു. മുപ്പതടിയോളം ഉയരമുള്ള ചെമ്പോലകൊണ്ട് പൊതിഞ്ഞിട്ടുള്ള കൂത്തമ്പലത്തിന്റെ ജോയിന്റുകളില്‍ ഫോള്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം അകത്തേക്ക് ഒഴുകുകയാണെന്നും മുകള്‍ ഭാഗത്ത് നന്നായി ചോര്‍ച്ചയുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതിനാല്‍ അറ്റകുറ്റപ്പണികള്‍ ഉടനെ ആരംഭിക്കണമെന്ന് പരിശോധനാസംഘം ദേവസ്വം അധികൃതരോട് നിര്‍ദ്ദേശിച്ചു.
നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് എസ്ആര്‍ അസോസിയേറ്റ്സ് പ്രതിനിധികളാണ് പരിശോധന നടത്തിയത്. കൂത്തമ്പലത്തിന്റെ ഒരു ഭാഗത്തിന് 15 മീറ്റര്‍ ഉയരമുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ റാമ്പിലൂടെ കൂത്തമ്പലത്തിന് മുകളില്‍ കയറിയായിരുന്നു പരിശോധന. കൊച്ചിന് ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ വി.എന്‍ സ്വപ്ന, എക്സി.എഞ്ചീനര്മാരായ ടി.കെ സുനിത, എം.കെ നിധീഷ്, വടക്കുന്നാഥ ക്ഷേത്രം ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ടി.ആര് ഹരിഹരയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തികളുടെ ക്വട്ടേഷന്‍ നല്കാന് ദേവസ്വം അധികൃതര്‍ എസ്ആര്‍ അസോസിയേറ്റ്സിനോട് ആവശ്യപ്പെട്ടു.
രണ്ടു മെറ്റലുകള്‍ ഒരുമിച്ച് ഒട്ടിച്ചാല്‍ ഒന്നായി നില്ക്കുന്ന എല്‍വിഇപി (ലോ വെലോസിറ്റി എക്സ്പാന്ഷന് പൗഡര്‍) ആണ് ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. പിന്നീട് ഈഭാഗങ്ങള്‍ പെയിന്റടിച്ച് പോളീഷ് ചെയ്യും. എല്‍വിഇപി ബാംഗ്ലൂരില്‍ നിന്ന് പ്രത്യേകമായി വരുത്തിക്കും. രാസവസ്തുവല്ലാത്ത ഗ്രീന്‍ മെറ്റീരിയലായ എല്വിഇപിയ്ക്ക് ദീര്‍ഘകാലത്തെ കാലാവധിയുണ്ടെന്നും വെള്ളം ഉള്ളിലേക്ക് പോകാതെ തടഞ്ഞുനിര്‍ത്തുമെന്നും എസ്ആര്‍ അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടര്‍ തച്ചാട്ട് ശശീന്ദ്രന് പറഞ്ഞു.
ചോര്‍ച്ചയടച്ചു കഴിഞ്ഞാല്‍ പിന്നെ കൂത്തമ്പലത്തിനുള്ളിലെ പലകകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകില്ല. ഇപ്പോള്‍ കേടുവന്ന പലകകള്‍ പിന്നീട് സമയമെടുത്ത് മാറ്റിയാല്‍ മതിയെന്ന് പരിശോധനാസംഘം അറിയിച്ചു. ചോര്‍ച്ചയടക്കല്‍ പ്രവൃത്തികള്‍ക്ക് ഒരു മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കൂത്തമ്പലത്തിന്റെ ഒരു ഭാഗത്ത് 90 ലൈനാണുള്ളത്. നാലുഭാഗത്തും കൂടി മൊത്തം 360 ലൈനുണ്ട്. ഒരു ദിവസം 7 പേര് ജോലി ചെയ്യണം. മഴ കാര്യമായിട്ടുണ്ടായില്ലെങ്കില് ഒരു മാസത്തിനുള്ളില്‍ ജോലികള്‍ തീര്‍ക്കാമെന്നാണ് പ്രതീക്ഷ.
എല്‍വിഇപി 30 സെക്കന്റ് കൊണ്ട് കട്ടിയാകും. അതിനാല്‍ ഒരാള്‍ മെറ്റീരിയല്‍ മിക്സ് ചെയ്യുമ്പോള്‍ ബാക്കി 6 പേര് തുടര്‍ച്ചയായി ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ മെറ്റീരീയല്‍ അടിക്കും. റണ്ണിങ് മീറ്ററില്‍ കണക്കാക്കുമ്പോള്‍ ഒരു യൂണിറ്റിന് ഏകദേശം 1200 രൂപ വരുമെന്നാണ് പ്രാഥമിക നിഗമനം.. ഒരു യൂണിറ്റില്‍ 6 മീറ്ററോളം മാത്രമേ ചെയ്യാനാകൂ. ഇതനുസരിച്ച് റണ്ണിങ് മീറ്ററിന് 140 രൂപ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. കൂത്തമ്പലത്തിന് മൊത്തമുള്ള 360 ലൈനില്‍ എത്ര റണ്ണിങ് മീറ്റര്‍ വരുമെന്ന് കണക്കാക്കി ദേവസ്വം ബോര്‍ഡിന് രണ്ടു ദിവസത്തിനുള്ളില്‍ എസ്ആര്‍ അസോസിയേറ്റ്സ് മൊത്തം ചെലവ് കാണിച്ചുള്ള ക്വട്ടേഷന്‍ നല്‍കും. ഇതിനു ശേഷം ഉടനെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. ഗുരൂവായൂര്‍ ക്ഷേത്രം, തൃപ്പുണിത്തുറ പൂര്ണത്രയീശന് ക്ഷേത്രം, തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തേ ഇത്തരം പ്രവൃത്തി സ്ഥാപനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: