പാലക്കാട്: തിരുമിറ്റക്കോട് കറുകപുതൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് കഞ്ചാവും ലഹരി മരുന്നും നല്കി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും,ഡിജിപിക്കും നല്കിയ പരാതിയില്‍ പറയുന്നു.
2019 മുതല്‍ പത്തിനെട്ട് വയസുകാരിയെ നിരവധിപേര്‍ മയക്കുമരുന്നു നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി. കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ് , നൗഫല്‍ , മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീഫ് എന്നിവര്‍ക്കെതിരെയാണ് പരാതി.
പെണ്‍കുട്ടിയും അമ്മയും വാടകയ്ക്ക് താമസിക്കുമ്പോള്‍ കുടുംബ സുഹൃത്തായ മുഹമ്മദും സുഹൃത്ത് നൗഫലും പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ പെണ്‍കുട്ടിക്ക് കഞ്ചാവും , കൊക്കെയ്ന്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ നല്കി വശത്താക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നത് വീട്ടുകാര്‍ അറിഞ്ഞതോടെ വാടകവീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറി. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കി. ജോലി വാഗ്ദാനം നല്കി ഏപ്രില്‍ 30ന് എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുള്‍പ്പെടെയെത്തിച്ചും അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു. അഭിലാഷിനൊപ്പം മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നു. അഭിലാഷിന്റെ കൂടെ പല തവണ പെണ്‍കുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിന്റെയും പീഡനത്തിന്റെയും വിവരങ്ങള്‍ പുറത്തായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഫോട്ടോയുള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചു.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുരേഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാര്‍ ,ചാലിശ്ശേരി സിഐ കെ.സി. വിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. രണ്ടുമണിക്കൂര്‍ നേരം പരിസരത്ത് പോലീസ് ക്യാമ്പ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ചാലിശ്ശേരി പോലീസ് സ്വീകരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: