അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് സ്റ്റാര്‍. ഡോമിന് ഡിസില്‍വ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 9ന് തീയേറ്റര്‍ റിലീസിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
നായക നിരയിലെ ജോജു -പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തില്‍ എത്തുന്നത്. റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്കും. തുടര്‍ന്ന് കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍, ഷീലു എബ്രഹാം എന്നിവരെ കൂടാതെ സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. നവാഗതനായ സുവിന് എസ്. സോമശേഖരന്റെതാണ് രചന. എം.ജയചന്ദ്രനും രഞ്ജിന് രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: