തിരുവനന്തപുരം: ചുമരില്‍ വരച്ചിരുന്ന ചെ ഗുവേരയുടെ ചിത്രം ചായം തേച്ച് മാറ്റി ചെന്താമരയാക്കി. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള പതാക മാറ്റി ബിജെപിയുടെ കുങ്കുമ ഹരിത പതാക കെട്ടി. ഒരു കാലത്ത് ചോര നീരാക്കി, കൊടിയ പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി സിപിഎമ്മിനെ ശക്തമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരാണിവര്‍. എന്നാല്‍ നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതോടെ അവര്‍ സിപിഎം വിരുദ്ധരായി. ആത്മാഭിമാനം പണയംവയ്ക്കാന്‍ മടിച്ച് ചെ ഗുവേരയുടെ ചിത്രം മായ്ച്ച് അവര്‍ ബിജെപിക്കൊപ്പം അണിചേര്‍ന്നു. ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഈ യാത്രയ്ക്കു നേതൃത്വം നല്കിയ മുക്കോല ജി. പ്രഭാകരന് ജന്മഭൂമിയോടു സംസാരിക്കുന്നു.
കോവളം ഏരിയ കമ്മിറ്റി അംഗമായിരുന്നു മുക്കോല പ്രഭാകരന്. ഇപ്പോള്‍ വയസ്സ് 65. ഡിവൈഎഫ്ഐയുടെ മാതൃസംഘടനയായ കെഎസ്വൈഎഫിന്റെ നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. 1980ല്‍ ഡിവൈഎഫ്ഐ രൂപവല്കരിച്ചപ്പോള് നേമം ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, കര്‍ഷക സംഘത്തിന്റെ വിവിധ ചുമതലകള്‍ തുടങ്ങി സിപിഎം കോവളം ഏരിയ കമ്മിറ്റിക്കു കീഴില്‍ വിവിധ ചുമതലകള്‍ വഹിച്ചു. കൂടാതെ 1996ല്‍ വിഴിഞ്ഞം ഗ്രാമപഞ്ചായത്ത് അംഗം. 2000 മുതല്‍ 2005 വരെ വിഴിഞ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
തിരുവായ്ക്ക് എതിര് വാ പാടില്ല
പാര്‍ട്ടിയെ സ്നേഹിക്കുന്ന പ്രവര്ത്തകര്ക്കൊന്നും ഇന്ന് പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായി, ചെ ഗുവേരയുടെ ചിത്രം മായ്ച്ച് താമര വരച്ച തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലിരുന്ന് പ്രഭാകരന് പറഞ്ഞു. സിപിഎമ്മില്‍ ജനാധിപത്യം നഷ്ടമായി, കമ്മിറ്റി യോഗങ്ങളില്‍ നേതാക്കളെ വിമര്‍ശിക്കരുത്, വ്യക്തി കേന്ദ്രീകൃതമായി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും നഷ്ടപ്പെട്ടു. പ്രഭാകരന് പറഞ്ഞു.
നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് ചോദ്യം ചെയ്തതിനും പാര്‍ട്ടി ഓഫീസിന് പണം പിരിച്ചതിന്റെ കണക്ക് ചോദിച്ചതിനും ആദ്യം അനഭിമതനായി. നഗരസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകം കൂടി ചോദ്യം ചെയ്തതോടെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ണിലെ കരടായി. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക വികാരം കണക്കിലെടുക്കാതെ ഏരിയ കമ്മിറ്റിക്ക് ഇഷ്ടമുള്ളയാളെ സ്ഥാനാര്‍ഥിയാക്കി. സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റിയാണ് മറ്റൊരാളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കോവളത്തിന്റെ ചുമതലയുള്ള മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയോട് പരാതി പറയാന്‍ ചെന്നപ്പോള്‍ കിട്ടിയത് അസഭ്യ വര്‍ഷവും. ഇതോടെ സിപിഎം തോട്ടം ബ്രാഞ്ചിലുള്ളവരെല്ലാം പാര്‍ട്ടി വിരുദ്ധരായി. ഇനി ആത്മാഭിമാനം അടിയറ വയ്ക്കാന്‍ പറ്റില്ലെന്നു തീരുമാനിച്ചു. കോവളം മണ്ഡലത്തിലെ തോട്ടം, മുല്ലൂര്‍ ബ്രാഞ്ചുകളിലെ ആറ് കമ്മിറ്റി അംഗങ്ങളും 34 പാര്‍ട്ടി അംഗങ്ങളുമടങ്ങുന്ന സംഘം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു, പ്രഭാകരന് വിശദീകരിച്ചു.
സിപിഎമ്മിന് ഇപ്പോള്‍ കൂറ് മുതലാളിമാരോടാണെന്ന് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന കോവളം ഏരിയാ കമ്മറ്റി അംഗം മുക്കോല ജി. പ്രഭാകരന്. വിഴിഞ്ഞം തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് ആനുകൂല്യം വാങ്ങിക്കൊടുക്കുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടു. നൂറ് കണക്കിന് കര്‍ഷകര്‍, കയര്‍ തൊഴിലാളികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുകച്ചവടക്കാര്‍, ചിപ്പി വാരുന്ന കട്ടമരതൊഴിലാളികള് ഇത്തരത്തില്‍ പരമ്പരാഗത തൊഴിലാളികളാണ് ഇവിടെ ജീവിക്കുന്നത്. തുറമുഖം വരുന്നതോടെ ഇവരുടെ ജീവനോപാധിയെല്ലാം നഷ്ടമാകും. ഭൂരിപക്ഷം പേരും ഇടതുപക്ഷവുമായി ബന്ധമുള്ളവര്‍. ആരും തുറമുഖ നിര്‍മാണത്തിന് എതിരല്ല. എത്രയും പെട്ടെന്ന് പണി തീര്‍ക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഇവര്‍ക്ക് അന്നം മുട്ടരുത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ ജില്ലാകമ്മിറ്റി ഇടപെട്ട് ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെട്ട ത്രീമാന്സ് കമ്മിറ്റി രൂപീകരിച്ചു. പാര്‍ട്ടിവിട്ട വയല്‍ക്കര മധുവും ഈ കമ്മിറ്റിയില്‍ അംഗമായിരുന്നു. കമ്മിറ്റി രൂപീകരിച്ചത് അല്ലാതെ ഒരിക്കല്‍ പോലും കൂടിയിട്ടില്ല. അന്നത്തിന് പണം കണ്ടെത്തുന്നതിന് ശാശ്വത പരിഹാരം ഇതുവരെ ഉണ്ടാക്കിയില്ല. പാര്‍ട്ടിക്ക് കൂറ് മുതലാളിമാരോടായതിനാല് ഇതേ പറ്റി സംസാരിക്കരുതെന്നാണ് നിര്‍ദേശം.
വഴിക്ക് വാദിച്ചതിന് അനഭിമതനായി
മുല്ലൂരില്‍ നിന്നും അദാനി പോര്‍ട്ടിലേക്ക് പോകുന്ന വഴിയില്‍ ഇരു വശവും നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പരമ്പരാഗതമായി ഉണ്ടായിരുന്ന ഈ വഴി അടച്ചാല്‍ മുല്ലൂര്‍ ജങ്ഷനിലുള്ള സ്കൂള്‍, പാല് സൊസൈറ്റി, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ മൂന്നര കിലോമീറ്ററോളം ദൂരം താണ്ടണം.
ഇതിനെതിരെ പ്രഭാകരന്റെ നേതൃത്വത്തിലുള്ളവര്‍ സമരം ചെയ്തു, ജയിലിലായി. ഒരു ആംബുലന്‍സിനു പോകാനെങ്കിലും സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അദാനി കൂട്ടാക്കിയില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കില്‍ അദാനി തയാറാകുമായിരുന്നു. അതുണ്ടായില്ല. പാര്‍ട്ടിയും കൈവിട്ടു. ഇതോടെ ഹൈക്കോടതിയെ സമീപിച്ച് സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അനുമതി നേടിയെടുത്തു. പാര്‍ട്ടിക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ല.
മുല്ലൂരിലെ ദേവര്കുളവും വലിയവീട്ട് വിളാകംകുളവും നികത്താനുള്ള നീക്കവും തുടങ്ങി. ഈ രണ്ട് കുളങ്ങള്‍ നികത്തിയാല്‍ ആറര കിലോമീറ്ററിനുള്ളില്‍ കൊടിയ വരള്‍ച്ച നേരിടേണ്ടി വരും. ഇതിനെതിരെ പോരാടിയപ്പോള്‍ കുളം നികത്തുന്നതില്‍ നിന്നും അദാനി പിന്മാറി. പാര്‍ട്ടി അനുമതി ഇല്ലാതെ പ്രതിഷേധിച്ചതിന് താക്കീത്.
കണക്ക് ചോദിച്ചു, ഇഷ്ടപ്പെട്ടില്ല
കോവളം ഏരിയാ കമ്മിറ്റിക്ക് കെട്ടിടം പണിയുന്നതിന് ഭൂമിവാങ്ങുന്നതിന് വന്‍തുക പണപ്പിരിവ് നടത്തി. 15 സെന്റ് വസ്തു വാങ്ങിയത് മാര്‍ക്കറ്റ് വിലയിലും ഇരട്ടി തുകയ്ക്ക്. വാങ്ങിയ വസ്തുവിലെ അഞ്ചു സെന്റ് ഇപ്പോഴും വില നല്കിയ ആളിന്റെ കൈവശവും. കെട്ടിട നിര്‍മാണം പോയിട്ട് ഈ ഭൂമിയിലെ പഴയ കെട്ടിടം ചായം തേയ്ക്കുന്നതിനു പോലും ഇതുവരെ ഏരിയാ കമ്മിറ്റിക്ക് സാധിച്ചില്ല. കെട്ടുതാലി വരെ വിറ്റ് പണം നല്‍കിയവരുണ്ട്. പിരിച്ച തുകയെക്കുറിച്ച് ചോദ്യം ചെയ്തവരെയെല്ലാം കണക്കറ്റ് ശാസിക്കുകയും ചെയ്തു.
ഇതിനിടെ പാര്‍ട്ടിമാറി വന്നതിന് വയല്‍ക്കര മധുവിന്നേരെ ആക്രമണം ഉണ്ടായി. സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി ക്വട്ടേഷന്‍ സംഘത്തിനെയാണ് ആക്രമണത്തിന് നിയോഗിച്ചത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല, പ്രഭാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: