കോഴിക്കോട്: ‘മാതൃഭൂമി’യില്‍ നിന്ന് വീണ്ടും രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം മനോജ് കെ ദാസ് അറിയിച്ചത്. 2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്.
ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് അദേഹം മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.
കഴിഞ്ഞ മാസത്തിലാണ് മാതൃഭൂമി ന്യൂസിന്റെ എഡിറ്റോറിയല്‍ മേധാവി രാജിവെച്ചത്. മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന ഉണ്ണി ബാലകൃഷ്ണന് കഴിഞ്ഞ മാസം 9ന് ചാനലില്‍ നിന്ന് രാജിവെച്ചത്. ചാനല്‍ തീവ്ര ഇടതുപക്ഷനിലപാട് എടുത്ത് മുന്നോട്ടു പോകാനുള്ള നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. പിണറായി സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്കി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം മനേജ്മെന്റ് തലത്തില്‍ നിന്നും ലഭിച്ചിരുന്നതായി മാതൃഭൂമി ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല ഉണ്ണി പുലര്‍ത്തിയിരുന്നത്. ചാനല്‍ ഇടതുപക്ഷ നിലപാട് എടുത്തതോടെ പലപ്പോഴും ഏഴാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനിടെ, മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം ടിവിയുടെ മുന്നേറ്റം മനേജ്മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെയുള്ള ടിആര്‍പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലകള്‍ക്കൊപ്പം എത്താന്‍ പലപ്പോഴും മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ മനോരമയും മാതൃഭൂമിയും രണ്ടാം സ്ഥാനത്ത് മാറി മാറി വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഈ സ്ഥാനത്തേക്ക് ആറുവര്‍ഷം മുമ്പ് ആരംഭിച്ച ജനംടിവിയുടെ കടന്നുവരവോടെ മാതൃഭൂമി വീണ്ടും താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഇതോടെയാണ് തീവ്രഇടതുപക്ഷ നിലപാട് സ്വീകരിക്കാന്‍ ചാനല്‍ തയാറായത്. തുടര്‍ന്ന് പ്രൈം ടൈം ചര്‍ച്ചകളില്‍ നിന്ന് വേണു ബാലകൃഷ്ണനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി, ശ്രീജ ശ്യാം എന്നിവരാണ് ഇപ്പോള്‍ രാത്രി ചര്‍ച്ചകള്‍ നടത്തുന്നത്. വേണുവിനെ പൂര്‍ണമായും ചാനല്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെയാണ് അദേഹത്തിന്റെ സഹോദരനായ ഉണ്ണി ബാലകൃഷ്ണന് ചാനലിന്റെ പടിയിറങ്ങിയത്. രണ്ടു മാസത്തിനിടെ മാതൃഭൂമിയില്‍ നിന്നു രണ്ടു കരുത്തരയാ മാധ്യമ പ്രവര്‍ത്തകരാണ് രാജിവെച്ചത്. ഇതു മാതൃഭൂമി മനേജ്മെന്റിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: