തിരുവനന്തപുരം : മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണം ഉണ്ടെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണ്. ഇയാളുടെ പിന്തുണയോടെയാണ് ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതെന്നും ജലീല്‍ ആരോപിച്ചു.
മൊത്തം 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആര്‍ നഗര്‍ ബാങ്കിലുണ്ട്. മന്ത്രിയായിരിക്കേ കുഞ്ഞാലിക്കുട്ടി ഉണ്ടാക്കിയ അഴിമതി പണമാണ് ഇത്. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളിലും കള്ളപ്പണ നിക്ഷേപമുണ്ടെന്നും ജലീല്‍ ആരോപിച്ചു.
എആര്‍ നഗര്‍ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ അക്കൗണ്ട് വഴി അവര്‍ അറിയാതെ മാറിയത് എണ്‍പത് ലക്ഷം രൂപയാണ്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇത്തരത്തില്‍ പല അക്കൗണ്ടുകള്‍ വഴിയും സമാന തരത്തിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ രംഗത്ത് എത്തിയിരുന്നു. തങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി സമുദായത്തേയും മുസ്ലിം ലീഗിനേയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കും. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിച്ചതായും ജലീല്‍ അറിയിച്ചു.
തങ്ങള്‍ക്കെതിരായ കേസ് എന്‍ഫോഴ്സ്മെന്റ് പിന്‍വലിക്കണം. കേസിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എആര്‍ നഗര്‍ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ച ആക്കൗണ്ടുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ അക്കൗണ്ടും ഉള്‍പ്പെടുന്നതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: