തിരുവനന്തപുരം: ശ്രീക്കുട്ടിക്ക് പിന്നാലെ കുട്ടിയാന അര്‍ജുനും അപ്രതീക്ഷിത വിയോഗം. കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ നാലു വയസുകാരന് ആനക്കുട്ടി അര്‍ജുനാണ് ഇന്നലെ ചരിഞ്ഞത്. ഇതോടെ ആന പാര്‍ക്കില്‍ ഒരാഴ്ചയ്ക്കിടെ ചരിഞ്ഞത് രണ്ട് ആനകള്‍. ഹെര്‍പ്പിസ് വൈറസ് ബാധിച്ചാണ് ശ്രീക്കുട്ടി ചരിഞ്ഞത്. അര്‍ജുനും ഹെര്‍പ്പിസ് ബാധിച്ചാണ് ചരിഞ്ഞതെന്ന് സംശയിക്കുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് കോളനിയില്‍ നിന്നും ഒറ്റപ്പെട്ട് മുറിവേറ്റുകിടന്ന ആറുമാസം പ്രായമായ കുട്ടിക്കൊമ്പന് അര്‍ജുനെ 2018 ലാണ് കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചത്. ഒരാഴ്ചയ്ക്കു മുന്‍പ് കാപ്പുകാടില്‍ ഹെര്‍പ്പിസ് വൈറസ് ബാധയേറ്റു ശ്രീക്കുട്ടി ചരിഞ്ഞതോടെ പന്ത്രണ്ടു വയസിനു താഴെയുള്ള ആനകളെ നിരീക്ഷണത്തിലാക്കി പ്രതിരോധ മരുന്നുകള്‍ നല്കി വരികയായിരുന്നു. ശ്രീക്കുട്ടിയുമായി അടുത്തിടപഴകിയിരുന്ന കണ്ണന്, ആമിന എന്നീ ആനക്കുട്ടികള്‍ക്ക് ഹെര്‍പ്പിസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരവേയാണ് അര്‍ജുന്റെ പെട്ടെന്നുള്ള അന്ത്യം.
ശ്രീക്കുട്ടി ചരിഞ്ഞപ്പോള്‍ കാപ്പുകാടില്‍ മറ്റ് ആനക്കുട്ടികള്‍ക്കു നടത്തിയ പരിശോധനയില്‍ അര്ജുന് നെഗറ്റീവ് ആയിരുന്നു. അര്‍ജുന്റെ പെട്ടെന്നുള്ള മരണം അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. കാപ്പുകാടില്‍ ഇനി 9 കുട്ടിയാനകളാണ് ഉള്ളത്. വൈറസ് ബാധ ഏറ്റാല്‍ 35 മണിക്കൂര്‍ വരെയേ ആനക്കുട്ടികള്‍ ജീവിക്കൂ. 15 ശതമാനം മാത്രമാണ് രക്ഷപ്പെടല്‍ സാധ്യത. ആനകള്‍ക്ക് മാത്രമേ ഈ വൈറസ് പിടിപെടുകയുള്ളൂ. എന്നാല്‍ മനുഷ്യര്‍ ഇതിന്റെ വാഹകരാകാമെന്നും വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: