തൃശൂര്‍: ഒരു വര്‍ഷം മുമ്പ് കരിമ്പനി സ്ഥിരീകരിച്ച വൃദ്ധന് പ്രാഥമിക പരിശോധനയില്‍ വീണ്ടും രോഗം ബാധിച്ചതായി കണ്ടെത്തി. പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിക്കാണ് രോഗം. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആന്തരാവയവങ്ങളുടെ പരിശോധന നടത്തും. സാന്‍ഡ് ഫ്ളൈ അഥവാ മണലീച്ചകളാണ് കരിമ്പനി പരത്തുന്നത്. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും തേയ്ക്കാത്ത ചുമരുകളുള്ള വീടുകളിലും ഉണ്ടാകാം.
പ്രധാന ആന്തരികാവയവങ്ങള്‍, പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെയാണ് ബാധിക്കുന്നത്. ശ്വേത, അരുണ രക്താണുക്കള്‍ നശിക്കും. തൊലി കറുത്ത് പോകുന്നതാണ് കരിമ്പനി (കറുത്ത പനി) എന്ന പേരു വരാന്‍ കാരണം. 2015 ലും തൃശൂരില്‍ കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. കൈകൾ, കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി അഥവാ കാലാ അസർ എന്നുവിളിക്കുന്നത്.
ഇതിനു മുൻപ് കേരളത്തിൽ മലപ്പുറം, തൃശൂർ, നിലമ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: