തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിജിയെയും അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞതിന്റെ ഓര്‍മ്മകളുമായാണ് അഡ്വ.അയ്യപ്പന്‍പിള്ളയുടെ ജീവിതം. 107-ാം വയസ്സിലും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീഷ്ണം. ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ചുള്ളതാണ് തിരുവനന്തപുരത്തിന്റെ കാരണവര്‍ കൂടിയായ അദ്ദേഹത്തിന്റെ ജീവിതം.
75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ അയ്യപ്പന്‍പിള്ള സാറിന് പുതുതലമുറയോടു പറയാനിതു മാത്രം, ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. ഒരു രാജ്യം നന്നാകാന്‍ നാം ഒരുമിച്ചു നില്‍ക്കണം. ഗാന്ധിജി നമുക്ക് പകര്‍ന്നു തന്ന സത്യവും സദാചാരവും മുന്‍നിര്‍ത്തി വേണം പ്രവര്‍ത്തിക്കേണ്ടത്.
1934ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് മഹാത്മജിയെ നേരില്‍ക്കണ്ടു സംസാരിച്ചത്. ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്ന മുഹൂര്‍ത്തം. ജി. രാമചന്ദ്രനാണ് ഗാന്ധിജിയുടെ അടുക്കലെത്തിച്ചത്. ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതും ജയിലില്‍ കിടന്നതുമെല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളാണ്.
‘സ്വാതന്ത്ര്യം ലഭിച്ച അന്ന് ഘോഷയാത്രകള്‍ക്കും ദേശീയപതാക ഉയര്‍ത്തുന്നതിനും വിലക്കായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചു. ചെറിയ പ്രകടനങ്ങളായിരുന്നു നടന്നത്. സെക്രട്ടേറിയറ്റിന്റെ മുമ്പില്‍ ഒത്തുകൂടിയവര്‍ മുദ്രാവാക്യം വിളിയോടെ വൈഎംസിഎ അങ്കണത്തിലെത്തി പതാക ഉയര്‍ത്തി. എല്ലാവര്ക്കും നെഹ്റുവിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നു ധൃതി. അന്ന് നഗരത്തില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളു. അവിടങ്ങളിലെല്ലാം നല്ല തിരക്കുമായിരുന്നു. അംബുജ വിലാസം റോഡിലുള്ള വരദരാജന് നായരുടെ വീട്ടിലായിരുന്നു പല പ്രമുഖ നേതാക്കളും വാര്‍ത്തകേള്‍ക്കാനെത്തിയത്…’ അദ്ദേഹം പറഞ്ഞു.
പട്ടം താണുപിള്ള, സി. കേശവന്, ടി.എം. വര്‍ഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1954ല്‍ സുപ്രീംകോടതി അഭിഭാഷകനായി. കേരളപ്രതിക എന്ന പത്രവും നടത്തിയിട്ടുണ്ട്. ജനതാപാര്‍ട്ടിയില്‍ അംഗമായി. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റായി.
1914 മേയ് 24ന് വലിയശാല മുണ്ടനാട് കുടുംബത്തില്‍ ജനിച്ചു. 1940ല്‍ അറസ്റ്റ് വരിച്ചു. ആറു മാസം ഒളിവിലായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയശാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നാഗര്‍കോവിലില്‍ അഭിഭാഷകനായിരുന്ന എ.എം. കുമാരപിള്ളയുടെ മകള്‍ രാജമ്മയാണ് സഹധര്‍മ്മിണി. മകന് അനൂച്കുമാര്‍, മകള്‍ ഗീതാരാജ്കുമാര്‍. മരുമകന് വി. രാജ്കുമാര്, മരുമകള്‍ ഹേമലത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: