ന്യൂദല്‍ഹി : ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സാധാരണ വ്യക്തികലെപ്പോലെ തൊഴില്‍ നേടാന്‍ അവസരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസവും നേടുന്നതിനുള്ള സംവരണാനുകൂല്യം നല്‍കാനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്ക വിഭാദ കമ്മിഷവുമായും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷാണ് ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ട്രാന്‍സ്ജെന്‍ഡറുകളെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നും സുപ്രീംകോടതി മുമ്പ് നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണം. ഇതിനു പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.
ഒബിസി പട്ടികയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജി.രോഹിണി കമ്മിഷന്റെ ശുപാര്‍ശകളും പരിഗണിക്കും. വിഷയം ഏറെ സങ്കീര്‍ണമായതിനാല്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.
ജാതിയുടെ അടിസ്ഥാനത്തിനാണ് ഒബിസി പട്ടിക നിര്‍ണ്ണയിക്കുന്നത്. അതിനൊടൊപ്പം തന്നെ സാമൂഹിക, സാമ്പത്തിക മുന്നോക്കാവസ്ഥയുമാണ് ഇതിന് മാനദണ്ഡം. ആദ്യമായിട്ടാണ് ലിംഗപരമായിട്ടുള്ള മാനദണ്ഡം കണക്കിലെടുത്ത് സംവരണം ഏര്‍പ്പെടുത്തുന്നത്. അതേസമയം സംവരണത്തിന്റെ നിയമപ്രക്രിയ വളരെ ദൈര്‍ഘ്യമേറിയതാണെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടി/ യൂണിയന് ഓഫ് ഇന്ത്യ കേസിലെ സുപ്രധാനമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിഷയം സജീവമായി പരിഗണയ്ക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: